ഫിഫയിലെ പ്രതിസന്ധി: തുറുപ്പുചീട്ടിറക്കാൻ ഇൻഫാന്റിനോ

സൂറിച്ച്: ഫിഫയിലെ സ്വകാര്യനിക്ഷേപത്തിൽ പ്രതിസന്ധിയിലായതോടെ നിലനിൽപ്പിനായുള്ള കളിയിൽ തുറുപ്പുചീട്ട് പുറത്തെടുക്കാൻ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പിൽ കളിക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി ഉയർത്താനുള്ള പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകാനാണ് നീക്കം. ഇതുവഴി ഇപ്പോൾ ഒന്നിച്ചുനിൽക്കുന്ന കോൺഫെഡറേഷനുകളിൽ ഭിന്നതയുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയിരുന്നു. ടീമുകളുടെ എണ്ണം വർധിച്ചത് സാമ്പത്തികമായി ഫിഫയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. മത്സരങ്ങളുടെ നിലവാരത്തിൽ തിരിച്ചടിയുണ്ടായതുമില്ല. ഇതാണ് ഇൻഫാന്റിനോയ്ക്ക് ആത്മവിശ്വാസം പകരുന്ന ഘടകം. 2030-ൽ ടീമുകളുടെ എണ്ണം 64 ആക്കാണ് പദ്ധതി. അടുത്തവർഷം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പദ്ധതിയുമായി രംഗത്തെത്തിയാൽ ഇപ്പോൾ എതിർക്കുന്ന വലിയൊരു വിഭാഗം അസോസിയേഷനുകളെ കൂടെനിർത്താൻ കഴിയുമെന്നാണ് പ്രസിഡന്റിന്റെ പ്രതീക്ഷ.
നിലവിൽ യുവേഫ. കോൺകകാഫ്, ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷനുകളാണ് ഇൻഫാന്റിനോയെ തുറന്നെതിർക്കുന്നത്. ആഫ്രിക്ക, തെക്കേഅമേരിക്ക, ഓഷ്യാനിയ കോൺഫെഡറേഷനുകളാണ് ഒപ്പമുള്ളത്. ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടുവെക്കുന്നതോടെ എതിർക്കുന്ന കോൺഫെഡറേഷനുകളിലെ വലിയൊരു ശതമാനം അസോസിയേഷുകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെയിൻ, പോർച്ചുഗൽ. മൊറോക്കോ രാജ്യങ്ങളാണ് അടുത്ത ലോകകപ്പിന്റെ മുഖ്യ ആതിഥേയർ. അർജന്റീന, യുറഗ്വായ്, പാരഗ്വായ് എന്നീരാജ്യങ്ങളിൽ കുറച്ചുമത്സരങ്ങൾ നടക്കുന്നുണ്ട്.
ലോകകപ്പ് നടത്തിപ്പടക്കമുള്ള വാണിജ്യകാര്യങ്ങളിലേക്ക് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയാണ് ഇൻഫാന്റിനോയുടെ നില പരുങ്ങലിലാക്കിയത്. എതിർപ്പ് ശക്തമായതോടെ പദ്ധതി ഉപേക്ഷിച്ചെങ്കിലും മൂന്ന് കോൺഫെഡറേഷനുകൾ രാജിയിൽ ഉറച്ചുനിൽക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Content Highlights: FIFA President Gianni Infantino plans to expand the World Cup to 64 teams by 2030., The move aims to overcome private investment crises and division among confederations