ആ സമയം ഹാളണ്ടിന് പാസ് നൽകിയിരുന്നെങ്കിൽ...; നോർവേയുടെ സെമി സാധ്യത നഷ്ടപ്പെടുത്തിയ പിഴവ്

ഇംഗ്ലണ്ടും നോർവേയും തമ്മിലുള്ള മത്സരത്തിൽ നോർവേയുടെ ലീഡ് രണ്ടായി ഉയർത്താനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി സ്‌ട്രൈക്കർ അലക്‌സാണ്ടർ സൊർലോത്ത്. കൗണ്ടർ അറ്റാക്കിനൊടുവിൽ ഒരു ഇംഗ്ലീഷ് പ്രതിരോധതാരം ജോൺ സ്‌റ്റോൺസ് മാത്രം ബോക്‌സിൽ നിൽക്കെ മാർക്ക് ചെയ്യപ്പെടാതിരുന്ന സൂപ്പർതാരം ഹാളണ്ടിന് പന്ത് നൽകാതെ ഗോൾ സ്വയം അടിക്കാൻ ശ്രമിക്കുകയായിരുന്നു സൊർലോത്ത്. ഇതിനിടയിൽ ഇംഗ്ലീഷ് പ്രതിരോധതാരങ്ങൾ ഓടിയെത്തുകയും സൊർലോത്തിന്റെ ദുർബലമായ ശ്രമം തടയുകയും ചെയ്തു.
തനിക്ക് പന്ത് നൽകാൻ ഹാളണ്ട് ആംഗ്യം കാണിച്ചുവെങ്കിലും സൊർലോത്ത് അത് ശ്രദ്ധിച്ചില്ല. ആ അവസരം പാഴായതോടെ ഹാളണ്ട് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. 'ലോകകപ്പിലെ ഏറ്റവും വലിയ പിഴവുകളിൽ ഒന്ന്' എന്ന ക്യാപ്ഷനോട് കൂടി ഒട്ടേറെപ്പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മത്സരം ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കുമ്പോഴായിരുന്നു നോർവേയ്ക്ക് ഈ സുവർണാവസരം ലഭിച്ചത്.
ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളിൽ ഇംഗ്ലണ്ട് നോർവേയെ 2-1ന് തോൽപ്പിച്ച് സെമി ഫൈനലിലെത്തി. നാടകീയ സംഭവങ്ങൾ നിറഞ്ഞതായിരുന്നു മത്സരം. ഹാളണ്ടിന്റെ ഫൗളിനെ തുടർന്ന് നോർവേയ്ക്ക് ലഭിച്ച് ഗോൾ വാർ പരിശോധനയിലൂടെ പിൻവലിച്ചു. അതു മാത്രമല്ല, ഇംഗ്ലണ്ടിന്റെ ഗോളിലേക്കുള്ള ബിൽഡ് അപ്പിനിടെ പന്ത് ക്യാമറാ കേബിളിൽ തട്ടുകയും ചെയ്തു. ആ ഗോളും റദ്ദാക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലുയർന്നു.
കടുത്ത മത്സരം കാഴ്ച്ചവെച്ചാണ് നോർവെ ഇംഗ്ലണ്ടിനോട് കീഴടങ്ങിയത്. ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ പരിശീലകൻ തോമസ് ടുഷേൽ അത്ര തൃപ്തനായിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് അശ്രദ്ധമായ നീക്കങ്ങളുണ്ടായെന്നും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Alexander Sorloth missed a crucial 2v1 pass to Erling Haaland during the 2026 World Cup quarter-final., The missed opportunity allowed England to equalize shortly after through Jude Bellingham., Thomas Tuchel admitted England was lucky to progress to the semi-finals., England aims for their first World Cup final appearance in 60 years.