ഫൈനലിൽ ഉഗ്രൻ ഹാഫ് ടൈം ഷോ; ചട്ടം ലംഘിച്ച് ഇടവേള അരമണിക്കൂർ നീളുമോ?

ന്യൂയോർക്ക്: ലോകകപ്പിന്റെ ഫൈനൽ വേദിയിൽ സംഗീതലോകത്തിന്റെ അപൂർവസംഗമം. മൂന്നുരാജ്യങ്ങളിൽ നടക്കുന്ന കായികമാമാങ്കത്തിന് തിരശ്ശീലവീഴുമ്പോൾ ന്യൂയോർക്ക് ന്യൂജഴ്‌സി സ്‌റ്റേഡിയത്തിൽ ലോകസംഗീതത്തിലെ വമ്പന്മാരെ ഒന്നിച്ചണിനിരത്തി അവിസ്മരണീയമാക്കാനാണ് ഫിഫയുടെ തീരുമാനം. പോപ്പ് താരങ്ങളായ ഷക്കീറ, മഡോണ, കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ, കെ പോപ്പ് താരങ്ങളായ ബി.ടി.എസ്., ആഫ്രോ ഫ്യൂഷൻ ഗായകൻ ബർണ ബോയ്, വെനസ്വേലൻ സംഗീതസംവിധായകൻ ഗുസ്താവോ ഡുഡമെൽ, പ്രശസ്ത ബാൻഡായ ഡി.എസ്. 22, ബ്രട്ടീഷ് മ്യൂസിക് ബാൻഡ് കോൾഡ് പ്ലേ തുടങ്ങിയവർ ഗ്രൗണ്ടിലിറങ്ങും.
ഷക്കീറയും ബർണാ ബോയും ഉദ്ഘാടനച്ചടങ്ങിലും പാടിയിരുന്നു. 11 മിനിറ്റ് ഹാഫ് ടൈം ഷോ സംവിധാനംചെയ്യുന്നത് ക്രിസ് മാർട്ടിനാണ്. പരിപാടിയിലൂടെ ഫിഫ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിനായി 10 കോടി കോടി ഡോളർ കണ്ടെത്തും. അതേസമയം ആദ്യപകുതിക്ക് ശേഷം പരിപാടി നടക്കുന്നതിനാൽ ഇടവേള 25 മിനിറ്റോളം എടുത്തേക്കുമെന്നാണ് വിവരം. സാധാരണ ഗതിയിൽ 15 മിനിറ്റാണ് ഹാഫ് ടൈമിന്റെ ഇടവേള. അരമണിക്കൂർ വരെ ഇടവേള നീണ്ടുനിന്നേക്കാമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എത്ര മിനിറ്റ് ഇടവേള ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ ഫിഫയും കൃത്യമായി പ്രതികരിക്കുന്നുമില്ല. ഇടവേള നീളുന്നത് ചട്ടലംഘനവുമാണ്. ആദ്യപകുതിക്ക് ശേഷമുള്ള ഇടവേള 15 മിനിറ്റിൽ കൂടുതലാകരുതെന്നാണ് ചട്ടം. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെടുമോയെന്ന് സംശയമാണ്. കഴിഞ്ഞ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ 25 മിനിറ്റോളമാണ് ഹാഫ് ടൈം ഇടവേളയുണ്ടായിരുന്നത്. വൻ താരനിര ഒന്നിക്കുന്ന ഹാഫ് ടൈം ഷോ ഈ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Content Highlights: Star-studded musical lineup including Shakira, Madonna, Justin Bieber, and BTS for the 2026 World Cup final., The 11-minute half-time show will be directed by Chris Martin