പന്ത് ക്യാമറ കേബിളിൽ തട്ടിയോ? ഇംഗ്ലണ്ടിന്റെ ഗോൾ വിവാദത്തിൽ; വാർ പരിശോധിക്കാത്തതിൽ വിമർശനം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ നോർവേ-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരം വിവാദത്തിൽ. ഒന്നാംപകുതിയുടെ അധികസമയത്ത് ജൂഡ് ബെല്ലിങാം ഇംഗ്ലണ്ടിനായി സമനിലഗോൾ നേടിയതാണ് വിവാദത്തിനാധാരം. 36-ാംമിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡ്രപ്പിലൂടെ നോർവേയായിരുന്നു ആദ്യം ലീഡെടുത്തത്. എന്നാൽ, ബെല്ലിങാമിന്റെ ഗോളിന് തൊട്ടുമുൻപ് നോർവേ ഗോൾകീപ്പർ ഓറിയൻ നെയ്‌ലാൻഡിന്റെ ഗോൾകിക്ക്, സ്റ്റേഡിയത്തിന് മുകളിലെ ക്യാമറ കേബിളിൽ തട്ടിയതായി കാണിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
കേബിളിൽതട്ടി ദിശമാറിവീണ പന്ത് ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്സന് ലഭിച്ചു. ആൻഡേഴ്സൻ ഇടതുവിങ്ങിലൂടെ ആന്റണി ഗോർഡന് പന്ത് കൈമാറി. ഗോർഡൻ പന്തുമായി മുന്നേറി ബോക്‌സിന്റെ മധ്യത്തിലുണ്ടായിരുന്ന ബെല്ലിങാമിന് നൽകി. ബെല്ലിങാം നോർവേ പ്രതിരോധത്തെ വെട്ടിച്ച് ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
പന്ത് ക്യാമറ കേബിളിൽ തട്ടിയിട്ടുണ്ടെന്ന് കാണിച്ച് നെയ്ലാൻഡും മറ്റു നോർവേ താരങ്ങളും റഫറിയോട് തർക്കിച്ചെങ്കിലും ഗോളനുവദിക്കുകയായിരുന്നു. ഇതോടെ ആദ്യപകുതിക്ക് തൊട്ടുമുൻപ് ഇംഗ്ലണ്ടിന് ഒപ്പമെത്താനായി. സംഭവത്തിൽ വാർ ഇടപെടണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരാധകരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.
അതേസമയം, രണ്ടാംപകുതിയിൽ നേടിയ ഒരുഗോൾ വാർ പരിശോധനയിൽ നിഷേധിക്കപ്പെടുകയുംകൂടി ചെയ്തതോടെ നോർവെയുടെ നിരാശ ഇരട്ടിയായി. നോർവേ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡെടുത്ത കോർണർ കിക്ക് ബോക്‌സിനുള്ളിലെ കളിക്കാരുടെ ശരീരത്തിൽ തട്ടി പോസ്റ്റിന്റെ മറുഭാഗത്തെത്തി. അവിടെയുണ്ടായിരുന്ന ഹെഗ്ഗെം വലയ്ക്കുള്ളിലാക്കി. നോർവേ താരങ്ങൾ ഗോൾനേട്ടം ആഘോഷിച്ചെങ്കിലും അതിന് തൊട്ടുമുൻപ് ബോക്‌സിനുള്ളിൽ ഫൗൾ നടന്നതായി റീപ്ലേകളിൽ വ്യക്തമായിരുന്നു.
Content Highlights: England equalized against Norway in the 2026 World Cup quarterfinal via Jude Bellingham., Viral footage suggests the ball hit a stadium camera cable before the goal., Norway had a potential winning goal disallowed by VAR due to an Erling Haaland foul., Significant fan and player frustration regarding refereeing decisions in Miami.