ഇൻഫാന്റിനോയെ അനുകൂലിച്ച് അർജന്റീനയും മെക്‌സിക്കോയും, എതിർപ്പുമായി നോർവേ; ചേരിതിരിവ് രൂക്ഷം

#സ്പോർട്സ് ഡെസ്ക്
ജിയാനി ഇന്‍ഫന്റിനോ | Photo: PTI
ജിയാനി ഇന്‍ഫന്റിനോ | Photo: PTI

സൂറിച്ച്: ഫിഫയിലേക്കുള്ള സ്വകാര്യനിക്ഷേപ പദ്ധതിയെച്ചൊല്ലി ആഗോള ഫുട്‌ബോൾ സംഘടനയിൽ ചേരിതിരിവ് രൂക്ഷമാകുന്നു. ഫിഫ പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ ഫുട്‌ബോൾ അസോസിയേഷനുകൾ രംഗത്തെത്തുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

ഇൻഫാന്റിനോയെ അനുകൂലിച്ച് അർജന്റീന, മെക്‌സിക്കോ ഫുട്‌ബോൾ അസോസിയേഷനുകൾ രംഗത്തെത്തിയപ്പോൾ രാജിവെക്കണമെന്ന്‌ നോർവേ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ലിസെ ക്ലാവെൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ഫിഫ ഉന്നതതലയോഗത്തിൽ ഇൻഫാന്റിനോ മാപ്പുപറഞ്ഞത് സ്വീകാര്യമല്ലെന്നു വ്യക്തമാക്കിയ യുവേഫ നിലപാട് കടുപ്പിക്കുകയും ചെയ്തു. അടുത്തവർഷം മാർച്ചിൽ പ്രസിഡന്റ്സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കാനിരിക്കേ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്.

ഇത്തവണത്തെ ലോകകപ്പിന്റെ സഹആതിഥേയരായിരുന്ന മെക്‌സിക്കോയാണ് ഇൻഫാന്റിനോയുടെ നേതൃത്വത്തെ പ്രകീർത്തിച്ചു രംഗത്തുവന്നത്. അർജന്റീനയും പ്രസിഡന്റ്സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ യുവേഫ, കോൺകകാഫ്, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ എന്നിവയാണ് ഇൻഫാന്റിനോയെ എതിർക്കുന്നത്. ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനും തെക്കേ അമേരിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനും ഓഷ്യാനിയയും പ്രസിഡന്റിന്റെ പിന്നിലാണ്. എന്നാൽ, കോൺഫെഡറേഷനുകളുടെ തീരുമാനത്തെ അംഗീകരിക്കാതെ സ്വതന്ത്രനിലപാട് സ്വീകരിക്കുന്ന അസോസിയേഷനുകളുണ്ട്.

ഏഷ്യയിൽ ഖത്തർ, ശ്രീലങ്ക, യു.എ.ഇ, കുവൈത്ത്‌, ലെബനൻ അസോസിയേഷനുകൾ ഇൻഫാന്റിനോയെ പിന്താങ്ങുന്നവരാണ്. കോൺകകാഫിൽ പൊതുതീരുമാനത്തിന് വിരുദ്ധനിലപാടാണ് മെക്‌സിക്കോ സ്വീകരിച്ചത്. തെക്കേ അമേരിക്കയിൽ അർജന്റീന മാത്രമാണ് നിലപാട് തുറന്നുപറഞ്ഞത്. അതേസമയം ഇൻഫാന്റിനോ തുടർന്നാൽ ഫിഫ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുവേഫ.

211 അസോസിയേഷനുകളാണ് ഫിഫയിലുള്ളത്. ഇതിൽ നേരത്തേ വലിയപിന്തുണ ഇൻഫാന്റിനോയ്ക്കുണ്ടായിരുന്നു. എന്നാൽ, ഫിഫ ഫോർവേഡ് എന്റർപ്രൈസസ് എന്ന ഉപകമ്പനിയിലേക്ക് സ്വകാര്യനിക്ഷേം കൊണ്ടുവരാനുള്ള പദ്ധതിയാണ് പ്രതിസന്ധിയിലേക്കു നയിച്ചത്. പദ്ധതി പിൻവലിച്ച് ഫിഫ ഉന്നതലയോഗത്തിൽ മാപ്പുപറഞ്ഞെങ്കിലും പഴയ കരുത്ത് വീണ്ടെടുക്കാനായിട്ടില്ല.

Content Highlights: Internal conflict within FIFA regarding private investment plans for FIFA Forward Enterprises