കോളടിച്ച് ഫുട്‌ബോൾ ആരാധകർ, ലോകകപ്പ് ടിക്കറ്റുകൾ സൗജന്യം; ഒടുവിൽ സാങ്കേതിക തകരാർ കണ്ടെത്തി ഫിഫ

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ചില ആരാധകർക്ക് ടിക്കറ്റുകൾ ലഭിച്ചത് സൗജന്യമായി. ഫിഫ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂൺ മൂന്നിന് ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാർ കാരണം 60-ഓളം ആരാധകർക്കാണ് ടൊറന്റോയിലെ മത്സരങ്ങൾക്കായി '0 ഡോളർ' നിരക്കിൽ ലോകകപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചത്.
അതേസമയം ഈ ടിക്കറ്റുകൾ നിലവിൽ റിസർവ് ചെയ്തിട്ടുണ്ടെങ്കിലും, അവ ലഭിക്കുന്നതിനായി ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റിന്റെ ശരിയായ വില നൽകണമെന്ന് ഫിഫ കർശന നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ ഈ ടിക്കറ്റുകൾ റദ്ദാക്കപ്പെടുമെന്നും ഫിഫ വ്യക്തമാക്കി.
ഇത്തരത്തിൽ സാങ്കേതിക തകരാർ പൂജ്യം നിരക്കിൽ ബുക്ക് ചെയ്യപ്പെട്ട ടിക്കറ്റുകളെല്ലാം കാനഡയിലെ ടൊറന്റോയിൽ നടക്കുന്ന മത്സരങ്ങളുടേതാണ്.
ലോകകപ്പ് ടിക്കറ്റുകളുടെ അമിതവിലയെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഉദാഹരണത്തിന്, ലോകകപ്പ് ഫൈനലിനുള്ള നാല് ടിക്കറ്റുകൾ ഫിഫയുടെ റീസെയിൽ സൈറ്റിൽ ഏകദേശം 2.3 മില്യൺ യൂറോയ്ക്ക് (21 കോടി രൂപയിലധികം) വിൽക്കാൻ വെച്ചിരുന്നു. വിനോദ വിപണിയിലെ നിരക്കുകൾക്കനുസരിച്ചാണ് ടിക്കറ്റ് വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇതിനെ ന്യായീകരിച്ചത്.
അതേസമയം ടിക്കറ്റ് വില നിശ്ചയിക്കുന്നതിലും സീറ്റുകൾ അനുവദിക്കുന്നതിലും നിലനിൽക്കുന്ന പരാതികളെ തുടർന്ന് ന്യൂയോർക്ക്, ന്യൂജേഴ്സി അറ്റോർണി ജനറൽമാർ ഫിഫയുടെ ടിക്കറ്റിങ് രീതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈസ്റ്റ് റൂഥർഫോർഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് രീതികളെക്കുറിച്ചും ജൂലൈ 19-ന് നടക്കുന്ന ലോകകപ്പ് ഫൈനൽ സംബന്ധിച്ചും ഫിഫയ്ക്ക് സമൻസ് അയച്ചതായി ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസും ന്യൂജേഴ്സി അറ്റോർണി ജനറൽ ജെന്നിഫർ ഡാവൻപോർട്ടും കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
Content Highlights: Technical glitch on June 3rd allowed 60 fans to book $0 tickets for Toronto matches., FIFA mandates payment within 7 days to avoid ticket cancellation., US Attorney Generals launched an investigation into FIFA's ticketing practices., High resale prices for the World Cup final have sparked public and legal backlash.