പ്രീമിയര്‍ ലീഗില്‍ ഇരട്ട പുരസ്‌കാരം നേടി യുണൈറ്റഡ്; ടെന്‍ ഹാഗ് മികച്ച മാനേജര്‍, റാഷ്‌ഫോര്‍ഡ് താരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇരട്ട നേട്ടം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്‌കാരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി.
മികച്ച പരിശീലകനായി യുണൈറ്റഡിന്റെ പുതിയ മാനേജര്‍ എറിക് ടെന്‍ ഹാഗും താരമായി സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും തിരഞ്ഞെടുക്കപ്പെട്ടു. വോട്ടിങ്ങിലൂടെയാണ് ഇരുവരും പുരസ്‌കാരജേതാക്കളായത്.
പരിശീലകനായി സ്ഥാനമേറ്റയുടന്‍ തന്നെ ടെന്‍ ഹാഗിന് പുരസ്‌കാരം ലഭിച്ചത് അദ്ദേഹം ടീമിലുണ്ടാക്കിയ വലിയ മാറ്റത്തിന്റെ കരുത്തിലാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളില്‍ ടെന്‍ ഹാഗ് ടീമിനെ വിജയത്തിലെത്തിച്ചു. ലിവര്‍പൂളിനെയും അപരാജിതക്കുതിപ്പ് നടത്തിയ ആഴ്‌സനലിനെയും ലെസ്റ്റര്‍ സിറ്റിയെയും ചുവന്ന ചെകുത്താന്മാര്‍ തകര്‍ത്തിരുന്നു.
മൂന്ന് വര്‍ഷത്തിനുശേഷമാണ് മികച്ച പരിശീലകനുള്ള അവാര്‍ഡ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തുന്നത്. 2019 ജനുവരിയില്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറാണ് അവസാനമായി ഈ പുരസ്‌കാരം നേടിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍. ടോട്ടനത്തിന്റെ ആന്റോണിയോ കോണ്ടെ, ബേണ്‍മത്തിന്റെ ഗാരി ഓ നീല്‍ എന്നിവരെ മറികടന്നാണ് ടെന്‍ ഹാഗ് മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്. അയാക്‌സില്‍ നിന്ന് ഈ സീസണിലാണ് ടെന്‍ ഹാഗ് യുണൈറ്റഡിന്റെ പരിശീലകനായി സ്ഥാനമേറ്റത്. പുതിയ താരങ്ങളെ കൊണ്ടുവന്ന ടെന്‍ ഹാഗ് നിലവില്‍ ടീമിനെ മികച്ച രീതിയിലാണ് നയിക്കുന്നത്.
മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ റാഷ്‌ഫോര്‍ഡ് ടെന്‍ ഹാഗിനുകീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ മാസം രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് റാഷ്‌ഫോര്‍ഡ് നേടിയത്. അതില്‍ ആഴ്‌സനലിനെതിരായ ഗോളുകള്‍ താരത്തിന്റെ പുരസ്‌കാര വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ആഴ്‌സനലിനെതിരേ ഇരട്ടഗോളുകള്‍ നേടിയ റാഷ്‌ഫോര്‍ഡ് ടീമിന് 3-1 ന്റെ വിജയം സമ്മാനിച്ചിരുന്നു. 2019 ജനുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് റാഷ്‌ഫോര്‍ഡ് മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്നത്.
ആറുപേരാണ് മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിച്ചത്. റാഷ്‌ഫോര്‍ഡിന് പുറമേ ബേണ്‍മത്തിന്റെ ഫിലിപ്പ് ബില്ലിങ്, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയിനെ, ടോട്ടനത്തിന്റെ ഹോയ്‌ബെര്‍ഗ്, എവര്‍ട്ടണിന്റെ അലെക്‌സ് ഇവോബി, ആസ്റ്റണ്‍ വില്ലയുടെ ജേക്കബ് റാംസി എന്നിവരാണ് അവസാന റൗണ്ടിലുണ്ടായിരുന്നത്.
2019 ന് ശേഷം ഇതാദ്യമായാണ് യുണൈറ്റഡ് മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്‌കാരം ഒരുമിച്ച് നേടുന്നത്. 2019-ല്‍ റാഷ്‌ഫോര്‍ഡും സോള്‍ഷ്യറുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളി. ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് മത്സരം.
Content Highlights: epl player of the month, epl manager of the month, mahchester united, marcus rashford, erik ten hag