ലീഡ്‌സിനെതിരേ ആറാടി ലിവര്‍പൂള്‍, ടോട്ടനത്തിനെ അട്ടിമറിച്ച് ബേണ്‍ലി

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. എന്നാല്‍ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ടോട്ടനത്തിനെ ബേണ്‍ലിയാണ് അട്ടിമറിച്ചത്.
ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ വെച്ചുനടന്ന മത്സരത്തില്‍ ആതിഥേയര്‍ ലീഡ്‌സിനെ തകര്‍ത്ത് തരിപ്പണമാക്കി. ലിവര്‍പൂളിനായി സൂപ്പര്‍ താരം മുഹമ്മദ് സല, സാദിയോ മാനെ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടിയപ്പോള്‍ ജോയല്‍ മാറ്റിപ്, വിര്‍ജില്‍ വാന്‍ ഡൈക്ക് എന്നിവരും ലക്ഷ്യം കണ്ടു.
15-ാം മിനിറ്റിലും 35-ാം മിനിറ്റിലും ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് സല ഇരട്ട ഗോള്‍ നേടിയത്. ഈ ഇരട്ട ഗോളുകളോടെ സല സീസണിലെ ടോപ് സ്‌കോറര്‍ പദവി ഊട്ടിയുറപ്പിച്ചു. നിലവില്‍ 19 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.
80, 90 മിനിറ്റുകളിലാണ് മാനെ ലക്ഷ്യം കണ്ടത്. മാറ്റിപ് 30-ാം മിനിറ്റിലും വാന്‍ ഡൈക്ക് 90-ാം മിനിറ്റിലും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ കിരീടപ്പോരാട്ടത്തില്‍ സിറ്റിയുമായുള്ള പോയന്റ് അകലം വെറും മൂന്നാക്കി കുറയ്ക്കാന്‍ ലിവര്‍പൂളിന് സാധിച്ചു. 26 മത്സരങ്ങളില്‍ നിന്ന് 60 പോയന്റാണ് ലിവര്‍പൂളിനുള്ളത്. സിറ്റിയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 60 പോയന്റുണ്ട്. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണിപ്പോള്‍ ലിവര്‍പൂള്‍. അവസാന ആറുമത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല.
മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ടോട്ടനത്തെ ബേണ്‍ലി അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബേണ്‍ലിയുടെ വിജയം. 71-ാം മിനിറ്റില്‍ ബെന്‍ മീയാണ് ബേണ്‍ലിയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ഈ തോല്‍വിയോടെ ടോട്ടനത്തിന്റെ ആദ്യ നാലിലെത്താനുള്ള മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.
നിലവില്‍ 24 മത്സരങ്ങളില്‍ നിന്ന് 39 പോയന്റുള്ള ടോട്ടനം പോയന്റ് പട്ടികയില്‍ എട്ടാമതാണ്. ബേണ്‍ലി 18-ാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനെ ക്രിസ്റ്റല്‍ പാലസ് കീഴടക്കി. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് പാലസിന്റെ വിജയം. ക്രിസ്റ്റല്‍ പാലസിനായി സൂപ്പര്‍ താരം വില്‍ഫ്രഡ് സാഹ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജീന്‍ ഫിലിപ്പെ മാറ്റിറ്റ, കോണര്‍ ഗ്യാലാഗര്‍ എന്നിവരും ലക്ഷ്യം കണ്ടു. വാറ്റ്‌ഫോര്‍ഡിനായി മൗസ്സ സിസ്സോക്കോ ആശ്വാസ ഗോള്‍ കണ്ടെത്തി.
Content Highlights: english premier league result, liverpool, tottenham, burnley, leeds united