ലോകകപ്പിനെത്തും മുൻപ് ഐവറി കോസ്റ്റ് താരം വാതുവെപ്പ് ആരോപണങ്ങളിൽ അറസ്റ്റിൽ, റിപ്പോർട്ട്

വാഷിങ്ടൺ: ഐവറി കോസ്റ്റ് താരം എല്ല്യെ വാഹി വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നതായി വിവരം. നിലവിൽ ലോകകപ്പിൽ കളിക്കുന്ന താരം, ടൂർണമെന്റ് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുൻപാണ് അറസ്റ്റിലായത്. ഫ്രഞ്ച് ലീഗിലെ ഒരു മത്സരത്തിൽ താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദി അത്‌ലറ്റിക്കാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് അനുസരിച്ച്, ഫ്രഞ്ച് ക്ലബ്ബ് നീസ് താരം കൂടിയായ വാഹി മെറ്റ്സിനെതിരായ ലീഗ് 1 മത്സരത്തിൽ മനഃപൂർവം മഞ്ഞക്കാർഡ് വാങ്ങിയോ എന്നാണ് അന്വേഷിക്കുന്നത്. മെയ് 17 നാണ് ഈ മത്സരം നടന്നത്. പത്ത് ദിവസം കഴിഞ്ഞ് മെയ് 29 ന് താരം അറസ്റ്റിലായി. മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ സംശയാസ്പദമായ വാതുവെപ്പ് പാറ്റേണുകളെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ആ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി താരം അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യംചെയ്തതിന് ശേഷം വാഹിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
‘ഫ്രഞ്ച് ലീഗ് വണ്ണിൽ മത്സരിക്കുന്ന 23 വയസ്സുള്ള ഒരു ഫുട്ബോൾ താരം, സംഘടിത തട്ടിപ്പ്, അഴിമതി, കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിക്കുന്ന പണം കൈകാര്യം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മാഴ്സെയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. അന്വേഷണം തുടരുകയാണ്.’ - പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വക്താവിനെ ഉദ്ധരിച്ച് അത്ലറ്റിക് റിപ്പോർട്ട് ചെയ്തു.
ലോകകപ്പിൽ എക്വഡോറിനെതിരായ ആദ്യ മത്സരത്തിൽ വാഹി കളിച്ചിരുന്നു. മത്സരത്തിൽ 1-0 ന് ഐവറി കോസ്റ്റ് വിജയിച്ചു. ജർമനിക്കെതിരേയാണ് അടുത്ത മത്സരം. ഫ്രഞ്ച് യൂത്ത് ടീമിൽ കളിച്ച താരം പിന്നീട് ഐവറി കോസറ്റിനായി ബൂട്ടുകെട്ടാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
Content Highlights: Elye Wahi arrested on suspicion of match-fixing before 2026 World Cup, Investigation focuses on a deliberate yellow card in a Ligue 1 match against FC Metz, Arrest occurred on May 29 following a performance against AS Saint-Etienne, Wahi is currently participating in the 2026 FIFA World Cup