‘റഫറിയും അധികൃതരും ബ്രസീലിൻെറ ഭാഗത്ത്’; അന്ന് തോൽവിക്ക് ശേഷം മെസ്സി പറഞ്ഞത്, ചർച്ചയായി പ്രതികരണം

ഡാലസ്: അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. മത്സരത്തിലെ റഫറിയിങ്ങിനെച്ചൊല്ലിയുള്ള വിവാദം മുറുകുകയാണ്. റഫറിക്കെതിരേ ഈജിപ്ത് ടീം ഫിഫയ്ക്ക് പരാതി നൽകുന്നതുവരെയെത്തി കാര്യങ്ങൾ. ഈജിപ്ത് താരങ്ങളും പരിശീലകൻ ഹൊസാം ഹസ്സനും മത്സരശേഷം ഗുരുതരമായ ആരോപണങ്ങളുന്നയിച്ചു. ടൂർണമെന്റ് നേരത്തേ നിശ്ചയിച്ചുറപ്പിച്ചതാണെന്നും എല്ലാം പണത്തിനുവേണ്ടിയാണെന്നും ഇരുവരും ആരോപിച്ചു. ഇപ്പോഴിതാ മെസ്സിയുടെ സമാനമായ പഴയ ആരോപണങ്ങൾ ചർച്ചയാകുകയാണ്. 2019 കോപ്പ അമേരിക്കയിൽ തോറ്റ് പുറത്തായതിന് പിന്നാലെയാണ് മെസ്സി റഫറിക്കും അധികൃതർക്കുമെതിരേ ആഞ്ഞടിച്ചത്.
അന്ന് കോപ്പ അമേരിക്ക സെമി ഫൈനലിലാണ് അർജന്റീന ബ്രസീലിനോട് പരാജയപ്പെട്ട് പുറത്തായത്. എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു തോൽവി. അർഹതപ്പെട്ട രണ്ടു പെനാൽറ്റികൾ നിഷേധിച്ചെന്നാണ് അന്ന് അർജന്റീന പറഞ്ഞത്. നിക്കോളസ് ഒട്ടാമെൻഡിയെ അർതറും അഗ്യൂറോയെ ആൽവ്സും വീഴ്ത്തിയതിന് പെനാൽട്ടി ലഭിച്ചില്ലെന്നും വാർ സാങ്കേതികവിദ്യ റഫറി ഉപയോഗപ്പെടുത്തിയില്ലെന്നും ആരോപിച്ചു. മത്സരശേഷം ഗുരുതരമായ ആരോപണങ്ങളുമായി മെസ്സിയും രംഗത്തെത്തി. റഫറിയും അധികൃതരും ബ്രസീലിൻെറ ഭാഗത്തായിരുന്നുവെന്നും തീരുമാനങ്ങൾ എല്ലാം അവർക്കനുകൂലമായെന്നും മെസ്സി പറഞ്ഞു.
‘അഗ്യൂറോയെ വീഴ്ത്തിയതിന് പെനാൽട്ടി ലഭിച്ചില്ല. കോപ്പയിൽ ഫൗളുകൾ കണ്ടെത്താൻ വാർ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ മത്സരത്തിൽ വാർ വന്നേയില്ല. വാർ ആവശ്യം നിരസിക്കപ്പെട്ടു. തീരുമാനങ്ങളും കാർഡുകളും ഞങ്ങൾക്കെതിരായെന്നും’ മെസ്സി പ്രതികരിച്ചു. അവരുടെ ഫൗളുകൾ റഫറി കണ്ടതേയില്ല. ഇതൊന്നും തോൽവിയിൽനിന്ന് രക്ഷപ്പെടാനുള്ളതല്ല. എന്നാൽ, ഇക്കാര്യങ്ങൾ വിശകലനം ചെയ്യാൻ അധികൃതർ തയ്യാറാകണം. ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നും മെസ്സി കൂട്ടിച്ചേർത്തു. റോഡി സാംബ്രാനോയാണ് അന്ന് മത്സരം നിയന്ത്രിച്ചിരുന്നത്.
സമാനമായ ആരോപണങ്ങളാണ് ഈ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ തോൽവിക്ക് ശേഷം ഈജിപ്ത് ടീം ഉന്നയിച്ചത്. മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയറിനും ഫിഫയ്ക്കുമെതിരേ ഈജിപ്ത് കോച്ച് ഹൊസ്സം ഹസ്സൻ രംഗത്തുവന്നിരുന്നു. ഞങ്ങൾ അനീതി നേരിട്ടെന്നും വഞ്ചിക്കപ്പെട്ടെന്നുമാണ് ഹസ്സൻ മത്സരശേഷം പ്രതികരിച്ചത്. 'അർജന്റീനയേയും ലണയൽ മെസ്സിയേയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവം ശ്രമിക്കുകയാണ്. ഇതെല്ലാം പണത്തിന് വേണ്ടിയാണ്. അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം. ഈ കളിക്കളത്തിൽ നീതിയില്ല'- ഹസ്സൻ പറഞ്ഞു. മത്സരത്തിൽ തങ്ങൾ അർജന്റീനയേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും തിരശ്ശീലയ്ക്ക് പിന്നിൽ നിന്നുള്ള ചില ഇടപെടലുകൾ മൂലമാണ് തോറ്റതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ കാണില്ലെന്നും ഹസ്സൻ വ്യക്തമാക്കിയിരുന്നു.
ടൂർണമെന്റ് ചില വലിയ ടീമുകൾക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണെന്ന് ഈജിപ്ത് താരം സിക്കോ പ്രതികരിച്ചു. 'റഫറി നീതി പുലർത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ലതല്ല. ഞങ്ങൾ കഠിനധ്വാനം ചെയ്തു. എന്നാൽ, റഫറിയുടെ തെറ്റായ ഒരു തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കി. ഈ ടൂർണമെന്റ് ചില വലിയ ടീമുകൾക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്. അർജന്റീനയെപ്പോലൊരു ടീമിനെതിരെ 2-0ത്തിന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താത്പര്യമില്ലായിരുന്നു. അട്ടിമറിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ ഞങ്ങളുടെ കൈകളിലല്ലായിരുന്നുവെന്ന് നിങ്ങൾ മനസിലാക്കണം. എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നു. അവർക്ക് കപ്പ് കൊടുത്തേക്കൂ. ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല.'-സിക്കോ തുറന്നടിച്ചു.
മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം വമ്പൻ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. ഒടുവിൽ 3-2ന്റെ വിജയത്തോടെ ക്വാർട്ടറിലുമെത്തി. മത്സരം 1-0 ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കുമ്പോൾ സിക്കോയുടെ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഫൗളിനെ തുടർന്നായിരുന്നു നടപടി. ഇത് വലിയ വിമർശനത്തിന് കാരണമായി. മാത്രമല്ല, എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് മുമ്പ് ഇതേ തരത്തിലുള്ള ഫൗൾ നടന്നിട്ടുണ്ടെന്നും എന്നാൽ റഫറി വാർ പരിശോധിക്കാനോ പെനാൽറ്റി നൽകാനോ തയ്യാറായില്ലെന്നുമാണ് ഈജിപ്ത് ആരോപിച്ചത്.
Content Highlights: Egypt team alleges bias and match-fixing by FIFA to favor Argentina., Coach Hossam Hassan claims the tournament is rigged for commercial interests., Controversy centers on VAR usage and disallowed goals during the match., Comparison drawn to Lionel Messi's 2019 Copa America allegations against referees.