സിനിമാക്കഥയെ വെല്ലുന്ന ത്രില്ലർ; മലയാളികളുടെ കിങ്‌സ് എഫ്.സി. മാൾട്ടയിലെ ഒന്നാം ഡിവിഷനിലേക്ക്

#സിറാജ് കാസിം
മാൾട്ട രണ്ടാംഡിവിഷൻ ജേതാക്കളായ മലയാളികളുടെ കിങ്‌സ് എഫ്.സി.
മാൾട്ട രണ്ടാംഡിവിഷൻ ജേതാക്കളായ മലയാളികളുടെ കിങ്‌സ് എഫ്.സി.

കൊച്ചി: ജീവിത സ്വപ്നങ്ങളുമായി കടൽ കടന്ന് മാൾട്ടയിലേക്കുപറന്ന കുറെ മലയാളികൾ. അവിടെ ജോലിക്കിടയിൽ വീണുകിട്ടിയ ഇത്തിരി നേരത്തെ വിശ്രമവേളകളിൽ ഫുട്‌ബോളിലേക്ക് ഇഷ്ടം കൂടിയവർ. കാൽപ്പന്തുകളിയുടെ മൈതാനങ്ങളിൽ ഒന്നിച്ചവർ ചേർന്ന് ഒരു ഫുട്‌ബോൾ ക്ലബ്ബിന് രൂപം നൽകുന്നു. നാട്ടിൽനിന്ന് കൊണ്ടുപോയ കുറേ മലയാളി വിദ്യാർഥികളെയും മറ്റു രാജ്യങ്ങളിലെ ചിലരെയും ചേർത്ത് അവർ ഒരു ഫുട്‌ബോൾ ടീമുണ്ടാക്കി. മാൾട്ട മൂന്നാം ഡിവിഷൻ ലീഗിൽ കളിച്ചുതുടങ്ങിയ ആ സംഘം ഇപ്പോഴിതാ രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരായി രാജ്യത്തെ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുന്നു. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ എഡെക്‌സ് കിങ്‌സ് എഫ്.സി. കുറിച്ച ചരിത്രം ഒരു സിനിമാക്കഥയെ വെല്ലുന്ന ത്രില്ലറാണ്.

എറണാകുളം സ്വദേശികളായ ജോൺ ലിഗോ ചെയർമാനായും വിബിൻ സേവ്യർ പ്രസിഡന്റായുമുള്ള ക്ലബ്ബ് മാൾട്ട ഫുട്‌ബോളിൽ വൻ മുന്നേറ്റം നടത്തിയത് അതിവേഗത്തിലായിരുന്നു. ‘’പത്തുവർഷംമുൻപ്‌ ഞങ്ങൾ മാൾട്ടയിൽ എത്തുമ്പോൾ അവിടെ മലയാളികളുടെ എണ്ണം വളരെ കുറവായിരുന്നു. ഒഴിവുദിവസങ്ങളിലും മറ്റും ഫുട്‌ബോൾ കളിക്കാൻ ഞങ്ങളെല്ലാം എവിടെയെങ്കിലും ഒത്തുകൂടുമായിരുന്നു. ആ കൂട്ടായ്മയാണ് ഒരു ക്ലബ്ബ് തുടങ്ങിയാലോ എന്ന ആലോചനയിലേക്കെത്തിച്ചത്. ക്ലബ്ബ് രൂപവത്കരിച്ചശേഷം 2022-ലാണ് ഞങ്ങൾ ആദ്യമായി മൂന്നാംഡിവിഷനിൽ കളിക്കാനിറങ്ങുന്നത്. മോശമല്ലാതെ തുടങ്ങിയ ആദ്യ സീസണിനുശേഷം അടുത്ത സീസണിൽ ടീം കൂടുതൽ സെറ്റായി. ആ വർഷം മൂന്നാം ഡിവിഷനിൽ റണ്ണറപ്പായി രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടി. അവിടെ കളി തുടങ്ങി മൂന്നാം വർഷത്തിൽ ഞങ്ങൾ ലീഗ് ചാമ്പ്യന്മാരായി.’’ വിബിൻ സേവ്യറിന്റെ വാക്കുകളിൽ കിങ്‌സ് എഫ്.സി.യുടെ വിജയകഥ തെളിഞ്ഞു.

2018-ൽ എഡെക്സ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ സ്ഥാപിതമായ കിങ്‌സ് എഫ്.സി. ഏതാനും വർഷങ്ങൾക്കുള്ളിലാണ് മാൾട്ടയിലെ മികച്ച ക്ലബ്ബുകളിലൊന്നായത്. തുടക്കകാലത്ത് ഒട്ടേറെ വെല്ലുവിളികളും പരിമിതികളും നേരിട്ടെങ്കിലും ക്ലബ്ബിന്റെ ദീർഘകാല കാഴ്ചപ്പാടും അർപ്പണബോധവും ഒടുവിൽ ചാമ്പ്യൻഷിപ്പ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫുട്‌ബോളിൽ താത്പര്യമുള്ള മലയാളി വിദ്യാർത്ഥികളെ നാട്ടിൽ നിന്ന് സ്റ്റുഡന്റ്‌സ് വിസയിൽ മാൾട്ടയിലെത്തിച്ച് അവിടെ പഠനവും കളിയും ഒരുമിച്ച് കൊണ്ടുപോയതാണ് കിങ്‌സ് എഫ്.സി.യുടെ വിജയജാതകമെഴുതിയത്. കേരളത്തിൽ നിന്നുള്ള 12 പേർക്കൊപ്പം പുറമേ മാൾട്ട, ബ്രസീൽ, അർജന്റീന, കൊളംബിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരെയും ചേർത്താണ് ടീമുണ്ടാക്കിയത്.

ഒരു ചെറിയ കമ്മ്യൂണിറ്റി സംരംഭമായി ആരംഭിച്ച ടീം ഒന്നാം ഡിവിഷനിലെത്തിയതോടെ നിറഞ്ഞ പ്രതീക്ഷകളിലാണ് അതിന്റെ അമരക്കാർ. മാൾട്ടക്കാരനായ കോച്ച് എലിയറ്റ് നവാരോയുടെ കീഴിൽ തീവ്രപരിശീലനത്തിലാണ ടീമിപ്പോൾ. ഒക്ടോബറിലാകും മാൾട്ടയിലെ ഒന്നാം ഡിവിഷൻ ലീഗിന് കിക്കോഫാകുന്നത്.

അഭിമാനം, സന്തോഷം
ജോൺ ലിഗോ, കിങ്‌സ് എഫ്.സി. ചെയർമാൻ
ഈ കിരീടം ഞങ്ങളുടെ ക്ലബ്ബിന്റെ മാത്രം വിജയമല്ല. മാൾട്ടയിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിന്റെയും അഭിമാന നിമിഷമാണിത്. വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഫലമാണ് ഈ ചരിത്രനേട്ടം. കേരളത്തിലെ യുവ ഫുട്‌ബോൾ താരങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ ഇനിയുമേറെ അവസരങ്ങൾ ഒരുക്കാനാണ് എഡെക്‌സ് ലക്ഷ്യമിടുന്നത്.

Content Highlights: Founded by Malayalees, community through football., Promoted to Malta's First Division after winning the Second Division title