കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ എക്വഡോർ ഫുട്‌ബോളര്‍ മാര്‍ക്കോ അംഗുലോ അന്തരിച്ചു

ക്വിറ്റോ: കാർ അപകടത്തേത്തുടർന്ന് ചികിത്സയിലായിരുന്ന എക്വഡോർ യുവ ഫുട്‌ബോളര്‍ മാര്‍ക്കോ അംഗുലോ (22) അന്തരിച്ചു. ഒക്ടോബർ ഏഴിനുണ്ടായ കാർ അപകടത്തേത്തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു മാര്‍ക്കോ. എന്നാല്‍ താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാർക്കോ അംഗുലോയുടെ മരണവിവരം എക്വഡോർ ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിലൂടെയാണ് പുറത്തുവിട്ടത്.
എക്വഡോർ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് താരം. ഇറാഖിനും ഓസ്ട്രേലിയയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങളിലാണ് അംഗുലോ കളിച്ചു. ഇതിന് പുറമേ രാജ്യത്തിനായി അണ്ടര്‍ -17, അണ്ടര്‍ -19 ടീമുകളിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ അംഗുലോ കളിച്ചിട്ടുണ്ട്. എഫ്സി സിന്‍സിനാറ്റി താരമായ അംഗുലോ ഇക്വഡോറിയന്‍ ക്ലബ്ബായ എല്‍ഡിയുവിന് വേണ്ടി ക്വിറ്റോയില്‍ കളിക്കുകയായിരുന്നു.
അപകടത്തിന് ഒരു ദിവസം മുമ്പ് ഒക്ടോബര്‍ ആറിനായിരുന്നു ക്വിറ്റോയ്ക്കുവേണ്ടി അംഗുലോയുടെ അവസാന മത്സരം. അപകടത്തിൽ അംഗുലോയ്ക്ക് തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായും ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായതായും എക്വഡോർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറിൽ അംഗുലോയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തും അണ്ടര്‍ 20 താരമായിരുന്ന റോബെര്‍ട്ടോ കബേസാസ് അപകട സമയത്ത് തന്നെ മരണപ്പെട്ടിരുന്നു.
Content Highlights: Ecuador international football player Marco Angulo dies aged 22 following car crash