'നാളെ അവധി, എക്വഡോർ വാഴട്ടെ!'; ജർമനിക്കെതിരായ ചരിത്രജയത്തിന് പിന്നാലെ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

#സ്പോർട്സ് ഡെസ്ക്
ലോകകപ്പിൽ ജർമനിക്കെതിരേ ജയിച്ച എക്വഡോർ താരങ്ങളുടെ ആഹ്ലാദം | ഫോട്ടോ - എ.എഫ്.പി.
ലോകകപ്പിൽ ജർമനിക്കെതിരേ ജയിച്ച എക്വഡോർ താരങ്ങളുടെ ആഹ്ലാദം | ഫോട്ടോ - എ.എഫ്.പി.

ക്വിറ്റോ: ഫിഫ ലോകകപ്പിൽ 20 വർഷത്തിന് ശേഷം ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി എക്വഡോർ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡാനിയൽ നൊബോവ. വെള്ളിയാഴ്ച നടന്ന തങ്ങളുടെ നിർണായകമായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കരുത്തരായ ജർമനിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചാണ് എക്വഡോർ ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.

കടുത്ത വിമർശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യത്തിന് ചരിത്ര വിജയം സമ്മാനിച്ച കളിക്കാരെയും കോച്ചിനെയും പ്രസിഡന്റ് നൊബോവ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. 'നാളെ അവധിയായിരിക്കും, എക്വഡോർ വാഴട്ടെ' എന്നും അദ്ദേഹം കുറിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് പുറത്താകലിന്റെ നിഴലിലായിരുന്ന എക്വഡോറിന് ഈ മത്സരം ജീവൻമരണ പോരാട്ടമായിരുന്നു. നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ച ജർമനി ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങിയത്. മുൻ മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും നേടാനാകാതിരുന്ന എക്വഡോറിന് ജയം മാത്രമായിരുന്നു ഏക വഴി. എന്നാൽ മത്സരം തുടങ്ങി രണ്ടാംമിനിറ്റിൽതന്നെ ലെറോയ് സാനെയിലൂടെ ജർമനി മുന്നിലെത്തി.

എന്നാൽ ഒൻപത് മിനിറ്റുകൾക്കുശേഷം നിൽസൺ അംഗുലോ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു ഷോട്ടിലൂടെ എക്വഡോർ സമനില പിടിച്ചു. ഈ ലോകകപ്പിൽ എക്വഡോർ നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ കെവിൻ റോഡ്രിഗസാണ് കളിയിലെ നിർണായക വഴിത്തിരിവുണ്ടാക്കിയത്. 77-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് റോഡ്രിഗസ് ബോക്‌സിനുള്ളിലേക്ക് തിരിച്ചുവിടുകയും, അവിടെയുണ്ടായിരുന്ന ഗോൺസാലോ പ്ലാറ്റ പന്ത് വലയിലാക്കുകയും ചെയ്തു. ഇതോടെ ഇക്വഡോർ 2-1 ന് ജയിച്ചു.

Content Highlights: Ecuador qualifies for FIFA World Cup knockout stage for the first time in 20 years., Dramatic 2-1 comeback victory against Germany on June 26, 2026., President Daniel Noboa declares a national holiday to celebrate the achievement., First goals of the tournament secured by Nilson Angulo and Gonzalo Plata.