ഐഎഫ്എ ഷീൽഡ്; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 7-2ന് തകർത്ത് ഈസ്റ്റ് ബംഗാൾ ഫൈനലിൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

കൊൽക്കത്ത: കിഷോർ ഭാരതി ക്രീരംഗനിൽ നടന്ന ഐഎഫ്എ ഷീൽഡ് 2026 രണ്ടാം സെമി ഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ തകർത്ത് ഈസ്റ്റ് ബംഗാൾ ഫൈനലിൽ. രണ്ടിനെതിരേ ഏഴ് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. ഹാട്രിക്ക് നേടിയ ഡേവിഡ് ലാൽഹ്ലാൻസംഗയാണ് കളിയിലെ താരമായത്.

അതേ സമയം ഫൈനലിൽ കൊൽക്കത്ത ഡെർബിക്ക് കളമൊരുങ്ങി. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ചിരവൈരികളായ മോഹൻ ബഗാനാണ് ഈസ്റ്റ് ബംഗാളിന്റെ എതിരാളികൾ. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനെതിരേ തുടർച്ചയായ രണ്ടാം വർഷമാണ് ഈസ്റ്റ് ബംഗാൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഡിഫൻഡർമാരുടെ ആശയക്കുഴപ്പം മുതലെടുത്ത് അലാവുദ്ദീൻ അജറെയിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. നോർത്ത് ഈസ്റ്റിനായുള്ള അജറെയുടെ 50-ാം ഗോളായിരുന്നു ഇത്. എന്നാൽ ആദ്യ ഗോൾ വഴങ്ങിയ ശേഷം ഈസ്റ്റ് ബംഗാൾ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.

12-ാം മിനിറ്റിൽ ക്രിസ് ഇക്കോണോമിഡിസ് നൽകിയ ക്രോസിൽ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെ ഡേവിഡ് ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. 23-ാം മിനിറ്റിൽ ബോക്‌സിലേക്ക് വന്ന ക്രോസ് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലാക്കി രോഹിത് കുമാർ ഈസ്റ്റ് ബംഗാളിന്റെ ലീഡുയർത്തി. 45-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ ക്രിസ് ഇക്കോണോമിഡിസ് ടീമിന്റെ മൂന്നാം ഗോളും നേടി.

രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ (46) പി.വി. വിഷ്ണു നൽകിയ ലോ ക്രോസിൽ നിന്ന് ഡേവിഡ് കളിയിലെ തന്റെ രണ്ടാം ഗോൾ നേടി. പിന്നാലെ 56-ാം മിനിറ്റിൽ ഇക്കോണോമിഡിസിന്റെ ക്രോസ് ബോക്‌സിൽ വെച്ച് നിയന്ത്രിച്ച ശേഷം ഗോൾകീപ്പർക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് ഡേവിഡ് തന്റെ ഹാട്രിക് പൂർത്തിയാക്കി.

ഇതിനിടെ 83-ാം മിനിറ്റിൽ അജറെ നോർത്ത് ഈസ്റ്റിനായി ഒരു ഗോൾ കൂടി മടക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ഐവറി കോസ്റ്റ് മുന്നേറ്റ താരം അകെ ലോബ ഈസ്റ്റ് ബംഗാളിന്റെ ആറാം ഗോൾ കുറിച്ചു. ബാസിം റഷീദിന്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. ഈസ്റ്റ് ബംഗാളിനായുള്ള ലോബയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. 90-ാം മിനിറ്റിൽ പോളിഷ് സ്‌ട്രൈക്കർ ലൂക്കാസ് സ്വോലിൻസ്‌കി ഈസ്റ്റ് ബംഗാളിന്റെ ഏഴാം ഗോളും നേടി വിജയം പൂർത്തിയാക്കി.

ഇന്ത്യൻ ദേശീയ ടീമിന്റെ മത്സരങ്ങൾ ഉള്ളതിനാൽ അൻവർ അലി, പ്രഭ്‌സുഖൻ ഗിൽ, എഡ്മണ്ട് ലാൽറിൻഡിക തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് ഈസ്റ്റ് ബംഗാൾ കളത്തിലിറങ്ങിയത്.

Content Highlights: East Bengal defeated NorthEast United 7-2 in the IFA Shield 2026 semi-final., David Lalhlansanga scored a brilliant hat-trick for East Bengal., East Bengal will face arch-rivals Mohun Bagan in the final for a Kolkata derby.