ഷൂട്ടൗട്ടില്‍ താരമായി ഗുര്‍മീത്; ബഗാനെ കീഴടക്കി ഡ്യൂറന്‍ഡ് കപ്പ് കിരീടമുയര്‍ത്തി നോര്‍ത്ത് ഈസ്റ്റ്

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. ശനിയാഴ്ച നടന്ന കലാശപ്പോരില്‍ 18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് (4-3) നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ കന്നി ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്‍പി. ടീമിന്റെ ആദ്യ മേജര്‍ കിരീടം കൂടിയാണിത്.
നേരത്തേ നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. രണ്ടു ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് നോര്‍ത്ത് ഈസ്റ്റ് മത്സരം ആവേശകരമാക്കി.
11-ാം മിനിറ്റില്‍ തന്നെ ലഭിച്ച ഒരു പെനാല്‍റ്റി വലയിലെത്തിച്ച് ജേസന്‍ കമ്മിങ്‌സ്, ബഗാനെ മുന്നിലെത്തിച്ചു. പിന്നാലെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സഹല്‍ അബ്ദുള്‍സമദിലൂടെ അവര്‍ ലീഡുയര്‍ത്തി.
എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ശക്തമായി തിരിച്ചുവന്നു. 55-ാം മിനിറ്റില്‍ ജിതിന്‍ നല്‍കിയ പാസ് വലയിലെത്തിച്ച് അയറായ് നോര്‍ത്ത് ഈസ്റ്റിന്റെ തിരിച്ചടിക്ക് തുടക്കമിട്ടു. മൂന്ന് മിനിറ്റിനകം ഗില്ലെര്‍മോയിലൂടെ അവര്‍ ഒപ്പമെത്തുകയും ചെയ്തു. പിന്നീട് ഗോള്‍ നേടാന്‍ ഇരു ടീമിനും സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ബഗാന്‍ താരങ്ങളായ ലിസ്റ്റന്‍ കൊളാസോ, സുഭാശിഷ് ബോസ് എന്നിവരുടെ കിക്കുകള്‍ തടുത്തിട്ട് ഗുര്‍മീത് ടീമിനെ കന്നിക്കിരീടത്തിലെത്തിക്കുകയും ചെയ്തു.
Content Highlights: NorthEast United FC clinched their first Durand Cup title after defeating Mohun Bagan in a penalty