ഹാട്രിക്കും റെക്കോഡും നേടി വിമര്‍ശകരുടെ വായടപ്പിച്ച് റൊണാള്‍ഡോ, ടോട്ടനത്തെ തകര്‍ത്ത് യുണൈറ്റഡ്

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുല്യശക്തികളുടെ പോരാട്ടത്തില്‍ ടോട്ടനം ഹോട്സ്പറിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. ഹാട്രിക്ക് നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവിശ്വസനീയ പ്രകടനമാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 12, 38, 81 മിനിറ്റുകളില്‍ ഗോളടിച്ചാണ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത്. ഈ സീസണില്‍ താരം നേടുന്ന ആദ്യ ഹാട്രിക്കാണിത്. കഴിഞ്ഞ കുറച്ചുമത്സരങ്ങളിലായി ഫോം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന റൊണാള്‍ഡോ വിമര്‍ശകര്‍ക്ക് ഈ ഹാട്രിക്കിലൂടെ മറുപടി കൊടുത്തു. അവസാന പത്തുമത്സരങ്ങളില്‍ വെറും ഒരു ഗോള്‍ മാത്രമായിരുന്നു താരത്തിന് നേടാനായത്. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനായി ഇതിനുമുന്‍പ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത് 14 വര്‍ഷം മുന്‍പാണ്.
ഈ ഹാട്രിക്കിലൂടെ പുതിയൊരു റെക്കോഡും പോര്‍ച്ചുഗീസ് നായകന് സ്വന്തമാക്കി. പ്രഫഷണല്‍ ഫുട്ബോളില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തം പേരിലാക്കി. ഹാട്രിക്ക് തികച്ചതോടെ റൊണാള്‍ഡോയുടെ കരിയറിലെ ഗോള്‍നേട്ടം 807 ആയി ഉയര്‍ന്നു. ഇതോടെ ഓസ്ട്രിയ-ചെക്ക് ടീമുകളുടെ താരമായിരുന്ന ജോസഫ് ബിക്കാന്റെ റെക്കോഡ് പഴങ്കഥയായി.
12-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. ഫ്രെഡിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് റൊണാള്‍ഡോ തൊടുത്തുവിട്ട ഷോട്ട് ശരവേഗത്തില്‍ ഗോള്‍പോസ്റ്റിന്റെ ഇടത്തേമൂലയില്‍ ചെന്ന് തറച്ചു. റൊണാള്‍ഡോയുടെ ഈ ബുള്ളറ്റ് ഷോട്ട് തടയാന്‍ ടോട്ടനം നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിന് സാധിച്ചില്ല.
എന്നാല്‍ 35-ാം മിനിറ്റില്‍ ടോട്ടനം സമനില ഗോള്‍ നേടി. ബോക്സിനകത്തുവെച്ച് യുണൈറ്റഡ് പ്രതിരോധതാരം അലക്സ് ടെല്ലസിന്റെ കൈയ്യില്‍ പന്തുതട്ടിയതോടെ റഫറി ടോട്ടനത്തിന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത സൂപ്പര്‍താരം കെയ്നിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെത്തിച്ച് കെയ്ന്‍ ടീമിന് സമനില സമ്മാനിച്ചു.
എന്നാല്‍ ടോട്ടനത്തിന്റെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. മൂന്നുമിനിറ്റിനുശേഷം റൊണാള്‍ഡോ വീണ്ടും ഗോളടിച്ച് യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. ജേഡന്‍ സാഞ്ചോയുടെ മനോഹരമായ ക്രോസിന് കാലുവെച്ച് പന്ത് അനായാസം വലയിലെത്തിച്ച് റൊണാള്‍ഡോ യുണൈറ്റഡിനായി രണ്ടാം ഗോളടിച്ചു. ആദ്യ പകുതിയില്‍ യുണൈറ്റഡ് 2-1 ന് മുന്നിട്ടുനിന്നു.
പക്ഷേ രണ്ടാം പകുതിയില്‍ യുണൈറ്റഡ് നായകനും പ്രതിരോധതാരവുമായ ഹാരി മഗ്വയര്‍ ടീമിന്റെ വില്ലനായി മാറി. 72-ാം മിനിറ്റില്‍ മഗ്വയര്‍ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ചുകയറ്റി. ഇതോടെ ടോട്ടനം സമനില നേടി. റെഗുയിലോണിന്റെ ക്രോസ് തടയുന്നതിനിടെ മഗ്വയറിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. സമീപകാലത്തായി മോശം ഫോമില്‍ കളിക്കുന്ന മഗ്വയറുടെ ഭാവി ഇതോടെ തുലാസിലായി.
ഇതോടെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഏവരും കണക്കുകൂട്ടി. എന്നാല്‍ ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ട് റൊണാള്‍ഡോ വീണ്ടും രക്ഷകനായി അവതരിച്ചു. 81-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് റൊണാള്‍ഡോ ടീമിന് വിജയം സമ്മാനിച്ചു. ഒപ്പം ഹാട്രിക്കും തികച്ചു. അലക്സ് ടെല്ലസിന്റെ കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ച റൊണാള്‍ഡോ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ യുണൈറ്റഡ് വിജയമുറപ്പിച്ചു.
ഈ വിജയത്തോടെ യുണൈറ്റഡ് വീണ്ടും പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 29 മത്സരങ്ങളില്‍ നിന്ന് 50 പോയന്റാണ് ടീമിനുള്ളത്. 27 മത്സരങ്ങളില്‍ നിന്ന് 45 പോയന്റുള്ള ടോട്ടനം ഏഴാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂള്‍ ബ്രൈട്ടണെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെമ്പടയുടെ വിജയം. ലൂയിസ് ഡയസും പെനാല്‍ട്ടിയിലൂടെ സൂപ്പര്‍താരം മുഹമ്മദ് സലയും ടീമിനായി ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ലിവര്‍പൂള്‍ 28 മത്സരങ്ങളില്‍ നിന്ന് 66 പോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 69 പോയന്റുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്.
Content Highlights: Cristiano Ronaldo Sets All-time Scoring Record With Hat-trick Against Tottenham In Big Win For Manch