ജെസ്യൂസിനെ പുറത്താക്കാതെ പോർച്ചുഗൽ ടീമിലേക്കില്ല; കടുപ്പിച്ച് ക്രിസ്റ്റ്യാനോ, റിപ്പോർട്ട്

#സ്പോർട്സ് ഡെസ്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | AFP
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | AFP

മദീര: പരിശീലകനുമായി ഉടക്കി പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി അന്താരാഷ്ട്ര ഫുട്‌ബോളിൽ പന്തുതട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോൾ ലോകം. പ്രശ്‌നപരിഹാരത്തിനുള്ള നീക്കം പോർച്ചുഗൽ ഫുട്‌ബോൾ അസോസിയേഷൻ ആരംഭിച്ചുകഴിഞ്ഞു. താരത്തിന് ടീമിലേക്ക് തിരിച്ചുവരാമെന്ന് കോച്ച് യൊർഗെ ജെസ്യൂസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ക്രിസ്റ്റ്യാനോ കടുത്ത നിലപാടെടുത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പോർച്ചുഗൽ ടീമിനായി തുടർന്നും കളിക്കാൻ ക്രിസ്റ്റിയാനോ സന്നദ്ധമാണ്. നിലവിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് പടിയിറങ്ങാൻ താരം ആലോചിക്കുന്നില്ല. യുവേഫ നേഷൻസ് ലീഗ് കിരീടവും കരിയറിൽ ആയിരം ഗോളുകൾ തികയ്ക്കുകയുമാണ് റോണോ ലക്ഷ്യമിടുന്നത്. എന്നാൽ ടീമിലേക്ക് മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് നിബന്ധന മുന്നോട്ടുവെച്ചതായാണ് വിവരം. നിലവിലെ പരിശീലകൻ യൊർഗെ ജെസ്യൂസ് കോച്ചായിരിക്കുമ്പോൾ പോർച്ചുഗൽ കുപ്പായമണിയില്ലെന്ന നിലപാടിലാണ് റൊണാൾഡോയെന്നാണ് സിഎൻഎൻ പോർച്ചുഗൽ റിപ്പോർട്ട് ചെയ്യുന്നത്. ജെസ്യൂസ് പരിശീലകസ്ഥാനത്തു നിന്ന് പുറത്തായാൽ മാത്രമേ ടീമിലേക്കുള്ളൂ എന്ന കടുത്ത നിലപാടിലാണ് സൂപ്പർ താരം.

വിഷയത്തിൽ രൂക്ഷപ്രതികരണമാണ് കഴിഞ്ഞദിവസം പോർച്ചുഗൽ കോച്ച് യൊർഗെ ജെസ്യൂസ് നടത്തിയത്. റൊണാൾഡോയോട് മാപ്പ് പറയുമോ എന്ന റിപ്പോർട്ടറുടെ ചോദ്യം ജെസ്യൂസിനെ ചൊടിപ്പിച്ചു."എന്തിനാണ് മാപ്പ് പറയുന്നത്? മാപ്പ് പറയാനുള്ള കാരണമെന്താണ്? എല്ലാത്തിനും കാരണം താരത്തിന്റെ വാം-അപ്പാണ്. ആ തീരുമാനത്തിനും സംഭവിച്ച കാര്യങ്ങൾക്കും ഞാൻ ഉത്തരവാദിയാണ്, പക്ഷേ എന്തിനാണ് മാപ്പ് പറയേണ്ടത്? ആരോട്? ഇത് വലിയൊരു തമാശയാണ്."-ജെസ്യൂസ് പറഞ്ഞു.

"ഞാനാണ് പരിശീലകൻ. എനിക്ക് താത്പര്യമുള്ളവരെ ഞാൻ തിരഞ്ഞെടുക്കും. ആരെ വിളിക്കണം, ആര് കളിക്കണം എന്നതിനെക്കുറിച്ച് ആരോടും അനുവാദം ചോദിക്കാറില്ലെന്നും ജെസ്യൂസ് കൂട്ടിച്ചേർത്തു. അതേസമയം ദേശീയ ടീമിൽ ക്രിസ്റ്റ്യാനോയുടെ വാതിലുകൾ തുറന്നുതന്നെ കിടക്കുകയാണെന്നും പരിശീലകൻ വ്യക്തമാക്കി. ക്രിസ്റ്റ്യാനോയ്ക്ക് ദേശീയ ടീമിൽ ചേരാമെന്നും ഇപ്പോഴുണ്ടായത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നും ജെസ്യൂസ് പറഞ്ഞു.

നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. എന്നാൽ, നോർവേക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കിയിരുന്നില്ല. വാം അപ്പ് ചെയ്യിച്ചശേഷമാണ് ഇറക്കാതിരുന്നത്. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും ജെസ്യൂസ് പ്രഖ്യാപിച്ചത്. ഇതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചതും ടീം വിടാൻ പ്രേരിപ്പിച്ചതും.

Content Highlights: Ronaldo refuses to play under Jorge Jesus, demanding a change in management for his return