മാഡ്രിഡിൽ ആദ്യ കാഴ്ച, 10 വർഷത്തോളം നീണ്ട പ്രണയം, വേഷംമാറി പാരീസിലെത്തിയതോടെ ലോകമറിഞ്ഞു

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/PolymarketSport/
Photo: x.com/PolymarketSport/

ഒരു ദശാബ്ദക്കാലത്തോളം നീണ്ട പ്രണയകഥയ്ക്ക് അങ്ങനെ ശുഭപര്യവസാനം. പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അങ്ങനെ നീണ്ടകാലത്തെ പങ്കാളിയായ ജോർജിന റോഡ്രിഗസിനെ ഔദ്യോഗികമായി വിവാഹം കഴിച്ചിരിക്കുകയാണ്. വിവാഹനിശ്ചയം പ്രഖ്യാപിച്ച് കൃത്യം ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹമോതിരം ധരിച്ച് ഇരുവരും കൈകൾ ചേർത്തുപിടിച്ച ചിത്രം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് ജോർജിന.

ആദ്യ കാഴ്ചയിലെ പ്രണയം

2016 ജൂണിൽ മാഡ്രിഡിലെ ഒരു ലക്ഷ്വറി ഗുച്ചി സ്റ്റോറിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അവിടെ ഷോപ്പ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ജോർജിന. അന്ന് റൊണാൾഡോയെ കണ്ട അനുഭവം 'ആദ്യ കാഴ്ചയിലെ പ്രണയം' എന്നാണ് ജോർജിന വിശേഷിപ്പിച്ചത്. പിന്നീട് ഒരു ബ്രാൻഡ് ഇവന്റിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയത് തങ്ങളുടെ ബന്ധം വളരാൻ സഹായിച്ചുവെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.

തുടക്കത്തിൽ തങ്ങളുടെ ബന്ധം രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും ശ്രമിച്ചിരുന്നു. 2016-ന്റെ അവസാനത്തിൽ ഡിസ്‌നിലാൻഡ് പാരീസിൽ വെച്ച് വേഷം മാറി എത്തിയ റൊണാൾഡോയെയും ജോർജിനയെയും ക്യാമറകൾ ഒപ്പിയെടുത്തതോടെയാണ് ലോകം ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞത്. 2017-ലെ ഫിഫ ഫുട്‌ബോൾ അവാർഡ് വേദിയിൽ വെച്ചാണ് അവർ ആദ്യമായി ഔദ്യോഗികമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. റൊണാൾഡോയുടെ ഫുട്‌ബോൾ ജീവിതത്തിനൊപ്പം മാഡ്രിഡിൽ നിന്ന് ടൂറിനിലേക്കും, പിന്നീട് മാഞ്ചെസ്റ്ററിലേക്കും, ഒടുവിൽ സൗദി അറേബ്യയിലെ റിയാദിലേക്കും ജോർജിനയും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചു.

അഞ്ച് കുട്ടികളെയാണ് ഈ ദമ്പതികൾ ഒരുമിച്ച് വളർത്തുന്നത്. ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടക്കുട്ടികളായ ഇവാ, മാറ്റിയോ എന്നിവരെ കൂടാതെ ജോർജിനയ്ക്കും റൊണാൾഡോയ്ക്കും ജനിച്ച അലാന മാർട്ടിന, ബെല്ല എസ്‌മെരാൾഡ എന്നിവരും ഈ കുടുംബത്തിന്റെ ഭാഗമാണ്. 2022 ഏപ്രിലിൽ തങ്ങളുടെ മകൻ എയ്ഞ്ചലിനെ ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ടത് ഇരുവരുടെയും ജീവിതത്തിലെ വലിയൊരു ദുഃഖമായിരുന്നു. ആ തളർച്ചയിൽ നിന്ന് കരകയറാൻ പരസ്പരം നൽകിയ പിന്തുണയെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്.

അഞ്ചുമക്കളിലെ മൂത്തയാളായ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ അമ്മയാരെന്ന് ഇതുവരെ ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിട്ടില്ല. ഇവായും മാറ്റിയോയും ജനിച്ചത് വാടകഗർഭധാരണത്തിലൂടെയാണ്. ഔദ്യോഗിക വിവാഹത്തിന് മുൻപ് തന്നെ റൊണാൾഡോ പലപ്പോഴും ജോർജിനയെ തന്റെ 'ഭാര്യ' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ വിവാഹത്തിലൂടെ ആ ബന്ധം ഔദ്യോഗികമായിരിക്കുകയാണ്.

Content Highlights: Cristiano Ronaldo and Georgina Rodriguez have officially married after a 10-year relationship., The wedding took place in a private ceremony in Portugal., The couple first met in 2016 at a Gucci store in Madrid where Georgina worked., They raise five children together as a family.