പുതുവര്‍ഷത്തില്‍ ഹാട്രിക് ഗോളോടെ ക്രിസ്റ്റിയാനോയുടെ ആഘോഷം

ടൂറിന്‍: പുതുവര്‍ഷം ആഘോഷമാക്കി ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ. ഇറ്റാലിയന്‍ സീരി എയില്‍ 2020-ലെ തന്റെ ആദ്യ മത്സരത്തില്‍ യുവന്റസിനായി ക്രിസ്റ്റിയാനോയുടെ ഹാട്രിക് ഗോള്‍. മത്സരത്തില്‍ കാഗ്ലിയാരിയെ യുവന്റസ് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി യുവന്റസിന്റെ ഗ്രൗണ്ടില്‍ 49, 67 (പെനാല്‍റ്റി), 82 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. മറ്റൊരു ഗോള്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍(82) നേടി.
കാഗ്ലിയാരി ആദ്യപകുതിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്തു. ഗോള്‍ കണ്ടെത്താന്‍ യുവന്റസ് പാടുപെട്ടു. രണ്ടാം പകുതിയില്‍ പ്രതിരോധപ്പിഴവ് മുതലെടുത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യഗോള്‍. രണ്ടാം ഗോള്‍ പെനാല്‍ട്ടിയില്‍നിന്ന്. ഹിഗ്വെയ്നും സ്‌കോര്‍ ചെയ്തതോടെ എതിരാളിയുടെ പ്രതിരോധം ദുര്‍ബലമായി. ഒടുവില്‍, കൗണ്ടര്‍ അറ്റാക്കിലൂടെ ക്രിസ്റ്റ്യാനോ ഹാട്രിക് തികച്ചു.
2018-ല്‍ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ, ഇറ്റാലിയന്‍ ലീഗില്‍ ഹാട്രിക് നേടുന്നത് ഇതാദ്യമാണ്. സീരി എ യില്‍ അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ നേടിയത് എട്ട് ഗോളുകള്‍. ലീഗുകളില്‍ ക്രിസ്റ്റ്യാനോയുടെ 36-ാം ഹാട്രിക്, കരിയറില്‍ 56-ാം ഹാട്രിക്. ലീഗില്‍ ലയണല്‍ മെസ്സിയേക്കാള്‍ രണ്ട് ഹാട്രിക് കൂടുതലും പോര്‍ച്ചുഗീസ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.
യുവന്റസിനുവേണ്ടി ക്രിസ്റ്റ്യാനോയുടെ രണ്ടാം ഹാട്രിക് ആണിത്. ആദ്യ ഹാട്രിക് കഴിഞ്ഞവര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റിക്കോ മഡ്രിഡിനെതിരേ നേടിയിരുന്നു. ഈ നൂറ്റാണ്ടില്‍, പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും സീരി എ യിലും ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റിയാനൊ. ഇപ്പോള്‍ ഇന്റര്‍മിലാനുവേണ്ടി കളിക്കുന്ന ചിലിയുടെ അലക്‌സിസ് സാഞ്ചസാണ് മറ്റൊരാള്‍.
ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ യുവന്റസ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയെങ്കിലും അത് അധികനേരം നീണ്ടില്ല. ഈ മത്സരത്തിനുശേഷം നാപ്പോളിയെ തോല്‍പ്പിച്ച് ഇന്റര്‍മിലാന്‍ (3-1) പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളുകളാണ് (14, 33) ഇന്റര്‍മിലാനെ രക്ഷിച്ചത്. മറ്റൊരു ഗോള്‍ ലൗട്ടാറോ മാര്‍ട്ടിനെസ്(62) നേടി. അലെക് മിലികിന്റെ വകയായിരുന്നു(39) നാപ്പോളിയുടെ ഗോള്‍. ലീഗിലെ മറ്റൊരു മത്സരത്തില്‍ എ.സി. മിലാനും സാംപദോറിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അറ്റ്ലാന്റ പാര്‍മയെ തോല്‍പ്പിച്ചു (5-0).
Content Highlights: Cristiano Ronaldo makes history with 56th hat trick Juventus
Content Highlights: