ക്രിസ്റ്റ്യാനോയ്ക്ക് പരിക്ക്, സ്ഥിരീകരിച്ച് ക്ലബ്ബ്

റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അൽനസർ താരമായ റൊണാൾഡോയ്ക്ക് പരിക്കേൽക്കുന്നത്. ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും.
മത്സരത്തിൽ 81-ാം മിനിറ്റിൽ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റോണോയ്ക്ക് തിരിച്ചടിയായത്. മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് അടുത്തുനിൽക്കേ പരിക്ക് പോർച്ചുഗീസ് ക്യാംപിന് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. എന്നാൽ ലോകകപ്പിന് മൂന്ന് മാസം സമയമുണ്ടെന്നിരിക്കേ ക്രിസ്റ്റ്യോനോ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നുറപ്പാണ്. എന്നാൽ എപ്പോഴാണ് താരം മടങ്ങിയെത്തുക എന്നത് സംബന്ധിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി വിട്ടതായി റിപ്പോർട്ടുകളുണ്ട്. ഗൾഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, തന്റെ 750 കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിലാണ് റൊണാൾഡോ കുടുംബത്തോടൊപ്പം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പ്രാദേശിക മാധ്യമങ്ങളും മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമോനോയും ഈ റിപ്പോർട്ടുകൾ നിഷേധിച്ച് രംഗത്തെത്തി.
Content Highlights: Cristiano Ronaldo sustained a thigh injury playing for Al-Nassr., The club has officially confirmed the injury., The expected recovery period is approximately four weeks., The injury raises concerns for the Portuguese national team ahead of the World Cup.