ചാമ്പ്യൻസ് ലീഗ്: ബാഴ്‌സലോണയ്ക്ക് കടിഞ്ഞാണിട്ട് പിഎസ്ജി, സിറ്റിക്കും ലിവർപൂളിനും വിജയം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
പി.എസ്.ജിയുടെ ഗോളാഘോഷം| Photo: AFP
പി.എസ്.ജിയുടെ ഗോളാഘോഷം| Photo: AFP

പാരീസ്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ വമ്പൻമാരുടെ പോരാട്ടത്തില് ബാഴ്‌സലോണയെ വീഴ്ത്തി പി.എസ്.ജി. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം. സീസണിൽ പരാജയമറിയാതെ മിന്നുന്ന ഫോമിലായിരുന്ന ബാഴ്‌സയ്്ക്ക് പക്ഷേ ഫ്രഞ്ച് കരുത്തൻമാരുടെ മുന്നിൽ പിഴവ് സംഭവിച്ചു.

ഡിസെയർ ഡ്യു, ലൂക്കാസ് ഹെർണാണ്ടസ്, വിറ്റിൻഹ, ഫാബിയൻ റൂയിസ് എന്നിവരാണ് പി.എസ്.ജിയുടെ ഗോളുകൾ നേടിയത്. സാവി എസ്പാർട്ട്, ലാമിൻ യമാൽ എന്നിവരാണ് ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടത്.

നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജി അതിനൊത്ത പ്രകടനം പുറത്തെടുക്കുകയായിരുന്നു. 38-ാം മിനിറ്റിൽ ഡിസെയർ ഡ്യുവിന്റെ ഗോളിൽ പി.എസ്.ജിയാണ് ലീഡെടുത്തത്. 55-ാം മിനിറ്റിൽ സാവിയിലൂടെ ബാഴ്‌സ ഒപ്പം പിടിച്ചു. എന്നാൽ 72-ാം മിനിറ്റിൽ ലൂക്കാസ് ഹെർണാണ്ടസ് വീണ്ടും പി.എസ്.ജിയെ മുന്നിലെത്തിച്ചു. ഏഴ് മിനിറ്റിന് ശേഷം ലാമിൻ യമാൽ ബാഴ്‌സയ്ക്ക് സമിനല ഗോൾ സമ്മാനിച്ചു. ഇതോടെ മത്സരം 2-2 എന്ന നിലയിലായി. 81-ാം മിനിറ്റിൽ വിറ്റിൻഹയും 86-ാം മിനിറ്റിൽ ഫാബിയൻ റൂയിസും ലക്ഷ്യം കണ്ടതോടെ പി.എസ്.ജി വിജയമുറപ്പിച്ചു.

ഇതോടെ ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളും വിജയിച്ച പി.എസ്.ജി ഒന്നാം സ്ഥാനം നിലനിർത്തി. തോൽവിയോടെ ബാഴ്‌സ അഞ്ചാം സ്ഥാനത്തേക്ക് വീണു. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി എഇകെ ഏതൻസിനേയും ലിവർപൂൾ വിയ്യാറയലിനേയും തോൽപ്പിച്ചു.

മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. ലിവർപൂളിനായി മക്കലിസ്റ്റർ ഇരട്ടഗോൾ നേടി. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി എഇകെയെ തകർത്തത്. ഫിൽ ഫോഡന്റെ ഹാട്രിക്കാണ് അവർക്ക് ആധികാരിക വിജയം സമ്മാനിച്ചത്.

Content Highlights: PSG defeated Barcelona 4-2 in a thrilling Champions League encounter., Goals from Doue, Hernandez, Vitinha, and Ruiz secured the win for PSG., Yamal and Espart scored for Barcelona before they dropped to fifth place., Manchester City defeated AEK Athens with a hat-trick from Phil Foden., Liverpool secured a 4-3 victory against Villarreal with a brace from Mac Allister.