ഇനി ആലസ്യമില്ല; നിലനില്‍പ്പിന്റെ പോരാട്ടം മാത്രം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇനി വിജയത്തിനുവേണ്ടി മാത്രമുള്ള കളികള്‍. ഗ്രൂപ്പ് ഘട്ടത്തിന്റെ ആലസ്യത്തില്‍ നിന്ന് നോക്കൗട്ട് ഘട്ടത്തിലെ നിലനില്‍പ്പിന്റെ പോരാട്ടത്തിലേക്ക് കളി മാറുന്നു. പ്രീക്വാര്‍ട്ടറിലെ ആദ്യപാദമത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ സ്പാനിഷ് ശക്തികളായ അത്ലറ്റിക്കോ മഡ്രിഡിനെയും ഫ്രഞ്ച് കരുത്തര്‍ പി.എസ്.ജി. ജര്‍മന്‍ ടീം ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡുമായും കളിക്കും. ചൊവ്വാഴ്ച രാത്രി 1.30-നാണ് മത്സരങ്ങള്‍.
കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍
മിന്നുന്ന ഫോമിലാണ് യര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ലിവര്‍പൂള്‍. ഇംഗ്ലീഷ് ലീഗില്‍ 30 വര്‍ഷത്തിനുശേഷം കിരീടമുറപ്പിച്ച കുതിപ്പിലാണ് ടീം. ചാമ്പ്യന്‍സ് ലീഗിലും ടീമിന്റെ പ്രകടനം മോശമല്ല.
സാദിയോ മാനെ-മുഹമ്മദ് സല-റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ കളിക്കുന്ന മുന്നേറ്റമാണ് ടീമിന്റെ ശക്തി. വിര്‍ജില്‍ വാന്‍ ഡെയ്ക്ക് നേതൃത്വം നല്‍കുന്ന പ്രതിരോധവും നായകന്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സന്റെ കീഴിലുള്ള മധ്യനിരയും നന്നായി കളിക്കുന്നു. ഷെര്‍ഡാന്‍ ഷാക്കിരിയുടെ പരിക്കുമാത്രമാണ് ടീമിന് പ്രശ്‌നംസൃഷ്ടിക്കുന്ന ഘടകം.
മറുവശത്ത് അത്ലറ്റിക്കോക്ക് സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ല. ഡീഗോ സിമിയോണിയുടെ ടീമില്‍ ഹെക്ടര്‍ ഹെരേര, കെയ്റണ്‍ ട്രിപ്പിയര്‍ എന്നിവര്‍ കളിക്കാനുണ്ടാകില്ല. ജാവോ ഫെലിക്‌സ്, ഡീഗോ കോസ്റ്റ, അല്‍വാരോ മൊറാട്ട എന്നിവരുടെ കാര്യവും ഉറപ്പായിട്ടില്ല. ഇതോടെ മുന്നേറ്റനിരയുടെ ശക്തികുറഞ്ഞത് ടീമിന് പ്രതിസന്ധിയാണ്.
യുവനിരയുടെ കളി
പി.എസ്.ജി.യുടെ വമ്പന്‍ ടീമിനെതിരേ ബൊറൂസ്സിയയുടെ യുവശക്തിയാകും പരീക്ഷിക്കപ്പെടുന്നത്. മികച്ച ഫോമിലുള്ള ജേഡന്‍ സാഞ്ചോ-എര്‍ലിങ് ഹാളണ്ട്-തോര്‍ഗന്‍ ഹസാര്‍ഡ് എന്നിവരടങ്ങുന്ന മുന്നേറ്റനിരയിലാണ് ജര്‍മന്‍ ടീമിന്റെ പ്രതീക്ഷ. സ്വന്തം മണ്ണില്‍ കളിക്കുന്ന ടീമിന് ജയം അനിവാര്യമാണ്. മധ്യനിരയില്‍ എംറെചാന്‍, അച്റഫ് ഹക്കീമി എന്നിവര്‍ മികച്ചഫോമിലാണ്. പരിക്കുമൂലം നായകന്‍ മാര്‍ക്കോ റൂസ് കളിക്കാനുണ്ടാകില്ല.
പരിക്കില്‍നിന്ന് മുക്തനായെത്തിയ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തിയത് പി.എസ്.ജി.യുടെ ശക്തി വര്‍ധിപ്പിക്കുന്നു. കൈലിയന്‍ എംബാപ്പെയും മൗറോ ഇക്കാര്‍ഡിയും കളിക്കുന്ന മുന്നേറ്റനിര ശക്തമാണ്. നെയ്മറും എയ്ഞ്ചല്‍ ഡി മരിയയും വിങ്ങര്‍മാരാകും. മധ്യനിരയില്‍ മാര്‍ക്കോ വെറാറ്റിയാകും പ്രധാനി. ഫ്രഞ്ച് ലീഗില്‍ മികച്ച ഫോമിലാണ് ടീം.
Content Highlights: Champions League Football Pre Quarter Matches
Content Highlights: