ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ-ബയേണ്‍ മ്യൂണിക് ക്ലാസിക് പോരാട്ടം ഓഗസ്റ്റ് 15-ന്

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ച്ചറായി. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് നാല് മത്സരങ്ങളും നടക്കുക. കോവിഡ് നിയന്ത്രണവിധേയമല്ലാത്ത സാഹചര്യമായതിനാൽ ഇത്തവണ ഓരോ ടീമിനും ഒരു മത്സരം മാത്രമാണുണ്ടാകുക. എല്ലാ സീസണിലും നടക്കുന്നതുപോലെ രണ്ട് പാദങ്ങളായിട്ട് മത്സരമുണ്ടാകില്ല.
ഓഗസ്റ്റ് 13-ന് രാത്രി 12.30ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജി ഇറ്റാലിയൻ ടീം അറ്റ്ലാന്റയെ നേരിടും. സീരി എയിൽ മികച്ച ഫോം പുറത്തെടുത്ത ടീമാണ് അറ്റ്ലാന്റ. ഓഗസ്റ്റ് 14-ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമൻ ടീം ലെപ്സിഗിനെ നേരിടും.
ഓഗസ്റ്റ് 15-നാണ് ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലുള്ള ക്ലാസിക് പോരാട്ടം. നാപ്പോളിയെ തോൽപ്പിച്ചാണ് ബാഴ്സ ക്വാർട്ടറിലെത്തിയത്. ചെൽസിയെ 7-1ന് തകർത്താണ് ബയേണിന്റെ മുന്നേറ്റം. ഓഗസ്റ്റ് 16-ന് മാഞ്ചസ്റ്റർ സിറ്റി ലിയോണിനെ നേരിടും. റയൽ മാഡ്രിഡിനെ തോൽപ്പിച്ചാണ് സിറ്റിയുടെ വരവെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ യുവന്റസിനെ മറികടന്നാണ് ലിയോൺ ക്വാർട്ടർ ടിക്കറ്റെടുത്തത്.
Content Highlights: Champions League Football, 2020 QF
Content Highlights: