ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല - കാർലോ ആഞ്ചലോട്ടി

ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്തോടെയാണ് ഇറ്റാലിയൻ കോച്ച് കഴിഞ്ഞവർഷം ചുമതലയേറ്റെടുത്തത്. ക്ലബ് ഫുട്‌ബോളിൽ വിജയതരംഗംതീർത്ത ആഞ്ചലോട്ടിക്കുമുന്നിലെ വെല്ലുവിളി വലുതാണ്. ലോകകപ്പിനു മുന്നോടിയായി ആഞ്ചലോട്ടിമാതൃഭൂമിയ്ക്കനുവദിച്ച പ്രത്യേക അഭിമുഖം...
1994-ൽ യു.എസിൽനടന്ന ലോകകപ്പിലെ ഫൈനലിൽ ഇറ്റലി ബ്രസീലിനോടു തോറ്റു. ഇറ്റലിയുടെ സഹപരിശീലകനായിരുന്നു താങ്കൾ. 32 വർഷത്തിനുശേഷം വീണ്ടും ലോകകപ്പ് യു.എസിലെത്തുമ്പോൾ ബ്രസീലിന്റെ പരിശീലകസ്ഥാനത്തുണ്ട്. കരിയറിൽ ഒരു വൃത്തം പൂർത്തിയായതായി തോന്നുന്നോ?
അങ്ങനെ ചിന്തിക്കുന്നില്ല. റയൽ മഡ്രിഡ് ക്ലബ്ബിന്റെ പരിശീലകനായിരിക്കുമ്പോഴാണ് ബ്രസീൽ ടീം എന്നെ ക്ഷണിക്കുന്നത്. കാത്തിരിക്കൂ എന്നാണ് മറുപടിനൽകിയത്. അവർ കാത്തിരുന്നു. കൂടുതൽ ലോകകിരീടം നേടിയ ടീമിനെ പരിശീലിപ്പിക്കാൻ എനിക്കും താത്പര്യമുണ്ടായിരുന്നു. രണ്ടും യു.എസിലായി എന്നത് യാദൃച്ഛികം മാത്രം.
ചാമ്പ്യൻസ് ലീഗിൽ കൂടുതൽ കിരീടം (അഞ്ചുതവണ) നേടിയ കോച്ചാണ് നിങ്ങൾ. കൂടുതൽ ലോകകപ്പ് നേടിയ ടീം (അഞ്ച്) ബ്രസീലും. കണക്കുകളിലെ ഈ സാമ്യം കാണാതിരിക്കാനാകില്ല...
അതും യാദൃച്ഛികമാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് അധികം ചർച്ചചെയ്യേണ്ടതില്ലെന്നുതോന്നുന്നു. ലോകകപ്പ് എന്നാൽ, ബ്രസീലിന്റെ ഫുട്‌ബോൾശക്തി ലോകത്തെ കാണിക്കാനുള്ള അവസരമാണ്. അങ്ങനെ ലോകമെങ്ങുമുള്ള ബ്രസീലിയൻ ആരാധകരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു.
തന്ത്രശാലിയായ കോച്ചാണ് നിങ്ങൾ. ബ്രസീലാണെങ്കിൽ ചില കളിക്കാരുടെ വ്യക്തിഗതമികവിലാണ് പലപ്പോഴും മുന്നേറാറുള്ളത്...
ഒരാളുടെ പ്രതിഭകൊണ്ടുമാത്രം വലിയ ടൂർണമെന്റ് ജയിക്കാനാകില്ല. 1994-ൽ അവർക്ക് മുന്നേറ്റത്തിൽ റൊമാരിയോയും ബെബറ്റോയുമുണ്ടായിരുന്നിട്ടും 4-4-2 എന്നരീതിയിൽ നാലു മിഡ്ഫീൽഡർമാർക്ക് നിർണായക പ്രാധാന്യമുള്ള ഫോർമേഷനിലായിരുന്നു കളി. 2002-ൽ മൂന്നു സെൻട്രൽ മിഡ്ഫീൽഡർമാരുമായാണ് ടീം കളിച്ചത്. വ്യക്തിഗത പ്രകടനങ്ങൾക്ക് കളിയിൽ പ്രാധാന്യമുണ്ട്. പക്ഷേ, അത് റിസൾട്ടായിമാറണമെങ്കിൽ ടീമിലെ എല്ലാവരുടെയും പൂർണപിന്തുണ വേണം.
ഈ ബ്രസീൽ ടീമിൽ സംതൃപ്തനാണോ? റയലിൽ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന എഡർ മിലിറ്റാവോ, റോഡ്രിഗോ എന്നിവർ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ പ്രത്യേകിച്ചും.
പരിക്ക് ഫുട്‌ബോളിൽ സാധാരണമാണ്. മിലിറ്റാവോയും റോഡ്രിഗോയും പുറത്താകുമ്പോൾ പുതിയ കുറച്ചു കളിക്കാർക്ക് കഴിവു തെളിയിക്കാൻ അവസരം തുറന്നുവരും. ഏതു ടീമിലും ഏതു കളിക്കാരനും എപ്പോൾ വേണമെങ്കിലും പരിക്കേറ്റു പുറത്താകാൻ സാധ്യതയുണ്ടെന്ന് ഓർമ്മവേണം. അതിനനുസരിച്ചാകണം തയ്യാറെടുപ്പ്.
ബ്രസീൽ ആരാധകരുടെ പ്രതീക്ഷകളെ എങ്ങനെയാണ് കൈകാര്യംചെയ്യുന്നത്?
ഒരു ലോകകപ്പിൽ ബ്രസീൽപോലൊരു ടീമിനെ ഒരുക്കുമ്പോൾ സ്വാഭാവികമായും വലിയ പ്രതീക്ഷയുണ്ടാകും. ആ പ്രതീക്ഷകൾ ഉത്തരവാദിത്വമാണ്. ബ്രസീലിന്റെ കളിയെന്നാൽ ഇവിടെ ദേശീയ ആഘോഷമാണ്. രാജ്യമാകെ ഒരു മഞ്ഞക്കുപ്പായത്തിന് അകത്താകുന്നപോലെ. അവരെ സന്തോഷിപ്പിക്കാൻ പരമാവധി നന്നായി കളിപ്പിക്കുകയേ രക്ഷയുള്ളൂ.
ഈ ലോകകപ്പിലെ ഫേവറിറ്റുകൾ.
അങ്ങനെയൊരു പേര് പറയാനാകില്ല. ഫ്രാൻസ്, സ്‌പെയിൻ, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ജർമനി എന്നീ ടീമുകൾ ശക്തമാണ്. ബ്രസീലിനെയും ഇക്കൂട്ടത്തിൽപ്പെടുത്തണം. ഇതിലെ രണ്ടു ടീമുകൾ നേർക്കുനേർവന്നാൽ ആരാധകർക്ക് ആനന്ദമാകും.
ഇറ്റലിക്കാരനാണ് നിങ്ങൾ. അവർ ലോകകപ്പിനില്ലെന്നത് വേദനിപ്പിക്കുന്നുണ്ടോ?
നാലു ലോകകപ്പുകൾ നേടിയ ടീം അവസാനത്തെ മൂന്നുലോകകപ്പിനും യോഗ്യതനേടിയില്ലെന്നത് തീർച്ചയായും ദുഃഖകരമാണ്. ഇറ്റലി ഫുട്‌ബോളിൽ ചില പ്രശ്നങ്ങളുണ്ട്. അത് ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: Ancelotti emphasizes team unity over individual brilliance for tournament success., Addressing injury concerns with players like Militao and Rodrygo., France, Spain, and Argentina are highlighted as key competitors for the 2026 title., The responsibility of coaching a team that represents a national celebration.