കാനഡയെ വെള്ളംകുടിപ്പിച്ച് ബോസ്‌നിയ; 79-ാം മിനിറ്റിലെ ഗോളിൽ സമനിലയുമായി രക്ഷപ്പെട്ട് ആതിഥേയർ

ടൊറന്റോ: ആതിഥേയരായ കാനഡയെ അവരുടെ നാട്ടിൽ ഞെട്ടിച്ച് ബോസ്നിയ ഹെർസെഗോവിന. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കാനഡയെ ബോസ്നിയ സമനിലയിൽ (1-1) തളച്ചു. 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെ മുന്നിലെത്തിയ ബോസ്നിയക്കെതിരേ 79-ാം മിനിറ്റിൽ കൈൽ ലാറിൻ നേടിയ ഗോളിൽ കാനഡ സമനില പിടിക്കുകയായിരുന്നു. 75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി നാലു മിനിറ്റിനുള്ളിൽ ലാറിൻ കാനഡയുടെ രക്ഷകനായി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിനെത്തിയ ബോസ്‌നിയ ആ മികവ് ആദ്യ മത്സരത്തിലും തുടർന്നു. മറുവശത്ത് പരിക്കേറ്റ ഫുൾബാക്ക് അൽഫോൺസോ ഡേവിസിന്റെ അഭാവം കാനഡയുടെ കളിയിൽ നിഴലിച്ചു.
കളിയുടെ തുടക്കത്തിൽ ഇരു ടീമുകളും മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു കളിക്കുന്ന കാഴ്ചയായിരുന്നു. എന്നാൽ 10 മിനിറ്റിനു ശേഷം താളം കണ്ടെത്തിയ കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തി ബോസ്നിയയെ പ്രതിരോധത്തിലാക്കി. മികച്ച പ്രതിരോധവുമായി ബോസ്നിയയും കളംനിറഞ്ഞു. ജൊനാഥൻ ഡേവിഡും ടാനി ഒലുവസെയിയും ടയോൺ ബുക്കാനനുമെല്ലാം ആഞ്ഞു ശ്രമിച്ചിട്ടും ബോസ്നിയയുടെ പ്രതിരോധം ഭേദിക്കാനായില്ല.
ഇതിനിടെ 21-ാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി ബോസ്നിയയുടെ ഗോളെത്തി. ഇവാൻ ബാസിച്ച് എടുത്ത കോർണറിൽ നിന്നായിരുന്നു ഗോൾ. ബോക്സിലേക്കെത്തിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽവെച്ച് തലകൊണ്ട് സെഡ് കൊളാസിനാക്, ജോവോ ലുക്കിച്ചിന് കൃത്യമായി മറിച്ചുകൊടുക്കുകയായിരുന്നു. ലുക്കിച്ചിന്റെ ഹെഡർ തടയാൻ കാനഡ ഗോൾകീപ്പർ മാക്സിമെ ക്രെപൗവിന് യാതൊരു അവസരവും ഉണ്ടായിരുന്നില്ല.
ഒരു ഗോളിന് പിന്നിലായതോടെ കാനഡയുടെ ആക്രമണങ്ങൾക്ക് ജീവൻവെച്ചു. മില്ലറും ലാറിയയും വിങ്ങുകളിലൂടെ ഉണർന്നു കളിച്ചതോടെ ബോസ്നിയൻ പ്രതിരോധത്തിന് പിടിപ്പതു പണിയായിരുന്നു. ഒരു ഗോളിന്റെ ആനുകൂല്യത്തിൽ ബോസ്നിയ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ പലപ്പോഴും കളി വിരസമായി. എന്നാൽ ഗോൾ തിരിച്ചടിക്കാനുറച്ച് കാനഡ കളംനിറഞ്ഞതോടെ മികച്ച മുന്നേറ്റങ്ങൾ പലതും കാണാൻ സാധിച്ചു.
ഇതിനിടെ പലപ്പോഴും ബോസ്നിയ തലനാരിഴയ്ക്ക് ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷപ്പെടുന്നതും കാണാമായിരുന്നു. 52-ാം മിനിറ്റിൽ ലാറിയയുടെ ഷോട്ട് ഗോൾകീപ്പർ വാസിലിനെ മറികടന്നെങ്കിലും കൃത്യസമയത്തെ കൊളാസിനാക്കിന്റെ ഇടപെടൽ രക്ഷയായി. കൊളാസിനാക്കിന്റെ കാലിൽ തട്ടിയ പന്ത് ക്രോസ്ബാറിലിടിച്ച് പുറത്തുപോകുകയായിരുന്നു.
65-ാം മിനിറ്റിൽ വീണ്ടും ബോസ്നിയ രക്ഷപ്പെട്ടു. ടാനി ഒലുവസെയിയുടെ ഗോളെന്നുറച്ച ഹെഡർ നിക്കോള കാറ്റിച്ച് ഗോൾലൈനിൽവെച്ച് രക്ഷിച്ചെടുക്കുകയായിരുന്നു.
നിരന്തര ആക്രമണങ്ങൾക്ക് ഒടുവിൽ 79-ാം മിനിറ്റിലാണ് കാനഡയ്ക്ക് ബോസ്നിയൻ പ്രതിരോധം ഭേദിക്കാനായത്. ബോക്സിലേക്ക് വന്ന പന്ത് ബുദ്ധിപൂർവം സൈൽ ലാറിന് ഫ്ളിക്ക് ചെയ്തു കൊടുത്ത ജൊനാഥൻ ഡേവിഡാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിനുള്ളിൽ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് ലാറിൻ അടിച്ച വോളി വാസിലിനെ മറികടന്ന് വലയിൽ. പിന്നീട് വിജയഗോളിനായി കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം ഉറച്ചുനിന്നു.
Content Highlights: Bosnia-Herzegovina took an early lead via Jovo Lukic in the 21st minute., Cyle Larin equalized for Canada in the 79th minute., Strong defensive performance by Bosnia prevented a late Canada comeback., Jonathan David provided the crucial assist for the equalizer.