സ്റ്റാർട്ടിന് മുൻപ് തന്നെ കട്ട്; മുംബൈയ്ക്കുവേണ്ടി ടൈഗർ ബൂട്ട് കെട്ടിയിറങ്ങില്ല

മുംബൈ: ബോളിവുഡും ഇന്ത്യൻ ഫുട്‌ബോൾ ആരാധകരും ഒരുപോലെ കാത്തിരുന്ന ആ നിമിഷം യാഥാർഥ്യമാവില്ല. നടൻ ടൈഗർ ഷ്രോഫ് ഡ്യൂറണ്ട് കപ്പ് ഫുട്‌ബോളിൽ മുംബൈ എഫ്‌സിക്കുവേണ്ടി കളിക്കാൻ ഇറങ്ങില്ല. ഓഗസ്റ്റ് പതിനൊന്നിന് ഷില്ലോങ്ങിൽ നടക്കാനിരുന്ന മത്സരത്തിൽ ടൈഗർ കളിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. ടീം ഉടമ തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, ഒരു സിനിമയുടെ തിരക്കുള്ളതുകൊണ്ട് ഈ മത്സരത്തിൽ കളിക്കാൻ കഴിയില്ലെന്ന് ടൈഗർ അറിയിച്ചു. കളിക്കാൻ കഴിയാത്തതിൽ ടീമിന്റെ ആരാധകരോട് ടൈഗർ ക്ഷമാപണവും നടത്തിയിട്ടുണ്ട്. യുവതാരങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും അവസരം കാത്ത് നിരവധി യുവാക്കൾ കാത്തിരിപ്പുണ്ടെന്നും ഈ യുവതാരങ്ങൾ കാരണം ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്നും ടൈഗർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ടൂർണമെന്റിലെ മുംബൈ എഫ്‌സിയുടെ അവസാന മത്സരമായിരുന്നു ഇത്. മുംബൈ എഫ്‌സിയുടെ ടൂർണമെന്റിലെ രണ്ട് മത്സരങ്ങളിലും ടൈഗർ കളിച്ചിരുന്നില്ല. മേഘാലയയിൽ നിന്നുള്ള ടീമുകളോട് ദയനീയമായി പരാജയപ്പെട്ട ടീം ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.
Content Highlights: Actor Tiger Shroff will not play for Mumbai FC in the Durand Cup., Absence is due to busy movie shooting schedules., Tiger expressed apologies to fans via an Instagram post., Mumbai FC has already been eliminated from the tournament.