ലുക്കാക്കുവിന്റെ വരവ് രക്ഷയായി; ഈജിപ്തിനെതിരേ സമനിലയുമായി രക്ഷപ്പെട്ട് ബെൽജിയം

വാഷിങ്ടൺ: ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഈജിപ്തിനെതിരേ സമനിലയുമായി (1-1) രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. 20-ാം മിനിറ്റിൽ ഈമാം അഷൂറിന്റെ കിടിലൻ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെതിരേ 66-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹാനിയിലൂടെ ലഭിച്ച സെൽഫ് ഗോളിലാണ് ബെൽജിയം സമനിലയുമായി മടങ്ങിയത്.
മത്സരത്തിലുടനീളം ലഭിച്ച മികച്ച അവസരങ്ങൾ ബെൽജിയം ഓരോന്നായി നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം പോസ്റ്റിന്റെ രൂപത്തിലും നിർഭാഗ്യം അവരെ പിന്തുടർന്നു. മറുവശത്ത് തകർപ്പൻ ഫോമിലായിരുന്നു ഈജിപ്ത്. മുഹമ്മദ് സലായും ഈമാം അഷൂറും മൊസ്തഫ സിക്കോയുമെല്ലാം ബെൽജിയം ബോക്‌സിൽ നിരന്തരം അപകടം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒമർ മർമോഷിന്റെ ഫിനിഷിങ്ങിലെ പോരായ്മയാണ് അവരെ ജയത്തിൽ നിന്നകറ്റിയത്.
സമാനമായിരുന്നു ബെൽജിയത്തിന്റെ അവസ്ഥയും. കെവിൻ ഡിബ്രുയിനയും ജെറെമി ഡോക്കുവും ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം നിറഞ്ഞുകളിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി.
ഇരു ടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 20-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മുഹമ്മദ് സലാ നൽകിയ പാസ് സ്വീകരിച്ച ഈമാം അഷൂർ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് തൊടുത്ത വലംകാലനടി ബുള്ളറ്റ് കണക്കെയാണ് ബെൽജിയം വലയിൽ കയറിയത്. ഗോളി തിബോ കോർട്ട്വാ ഒരു മുഴുനീളൻ ഡൈവ് നടത്തിയിട്ടും പന്തിലൊന്ന് തൊടാൻ പോലുമായില്ല. ഈജിപ്ത് ജേഴ്‌സിയിൽ അഷൂറിന്റെ ആദ്യ ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിലായത് താരത്തിന് ഇരട്ടി മധുരമായി.
ഗോൾ വീണതോടെ ബെൽജിയം ഉണർന്നു കളിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം വിനയായി. 53-ാം മിനിറ്റിൽ കെവിൻ ഡിബ്രുയിന എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഈജിപ്തിന് ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ മുതലാക്കാൻ സലായ്ക്കും മർമോഷിനുമായില്ല. കോർട്ട്വായുടെ ഇടപെടലും ഇവിടെ ബെൽജിയത്തിന് രക്ഷയായി.
62-ാം മിനിറ്റിൽ മികച്ചൊരു നീക്കത്തിനൊടുവിൽ കെവിൻ ഡിബ്രുയിന എടുത്ത ഷോട്ട് ഈജിപ്ത് ഗോൾകീപ്പർ മൊസ്തഫ ഷോബെയിർ പിടിച്ചെടുത്തു.
66-ാം മിനിറ്റിൽ ബെൽജിയം ലുക്കാക്കുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്ക് ശേഷം ലുക്കാക്കുവിന്റെ വരവ് അവർക്ക് രക്ഷയായി. താരത്തിന്റെ മികവിലാണ് ബെൽജിയത്തിന് സമനില ഗോൾ ലഭിക്കുന്നത്. മുനിയെർ വലതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള ലുക്കാക്കുവിന്റെ ശ്രമം തടയുന്നതിനിടെ ഈജിപ്ത് ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
കളിയുടെ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും പിന്നീട് ഇരു ഭാഗത്തു നിന്നും തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു. മികച്ച പല മുന്നേറ്റങ്ങൾ നടത്തിയിട്ടും നിർഭാഗ്യം കൊണ്ട് ഈജിപ്തിന് പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല.
Content Highlights: Belgium and Egypt finished in a 1-1 draw in a Group G encounter., Emam Ashour scored his first international goal for Egypt in the 20th minute., Romelu Lukaku's substitution in the 66th minute led to a Mohamed Hany own goal., Kevin De Bruyne and Mohamed Salah both displayed strong performances despite missed opportunities.