ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും ആറ് ആരാധകര്‍ക്ക് ദാരുണാന്ത്യം

അപകടം നടന്ന ഒലെംബെ സ്റ്റേഡിയം | Photo: twitter.com/brfootball
അപകടം നടന്ന ഒലെംബെ സ്റ്റേഡിയം | Photo: twitter.com/brfootball

യാവുന്‍ഡെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് ആരാധകര്‍ മരിച്ചു. കാമറൂണിലെ ഒലെംബെ സ്റ്റേഡിയമാണ് ദുരന്തത്തിന് സാക്ഷിയായത്.

കൊമോറൊസ് ദ്വീപിനെതിരായ കാമറൂണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം കാണാനെത്തിയ ആരാധകരാണ് അപകടത്തില്‍പ്പെട്ടത്. മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങി. ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്.

നിലവിലെ കണക്കുപ്രകാരം ആറ് പേരാണ് മരിച്ചത്‌. മരണനിരക്ക് ഇനിയും കൂടിയേക്കാമെന്ന് കാമറൂണ്‍ സെന്‍ട്രല്‍ റീജിയണ്‍ ഗവര്‍ണര്‍ നസേരി പോള്‍ ബിയ അറിയിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിഷേധിച്ച് അധികൃതര്‍ ഗേറ്റ് പൂട്ടിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. 

പരിക്കേറ്റ നാല്‍പ്പതോളം ആരാധകരെ കാമറൂണിലെ മെസ്സാസ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. 60,000 കാണികള്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് ഒലെംബെ സ്റ്റേഡിയത്തിലുള്ളത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇത് 50,000 ആയി ചുരുക്കി. 

സ്റ്റേഡിയത്തിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് വേദിയാകുന്നത്. 2019-ല്‍ കാമറൂണിന് അവസരം ലഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ടൂര്‍ണമെന്റ് ഈജിപ്തിലേക്ക് മാറ്റി.. 

കൊമോറൊസ് ദ്വീപിനെതിരായ മത്സരത്തില്‍ കാമറൂണ്‍ വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

Content Highlights: At least 6 dead following crush at Cameroon's win in Africa Cup of Nations

Content Highlights: