അഭേദ്യമായ ഗോള്‍വല, ഒക്ടോബർ വിപ്ലവവുമായി ആഴ്സനല്‍; ഇത്തവണ കളി മാറുമെന്ന് ആരാധകര്‍

കരുത്തും സൗന്ദര്യവും ഒത്തുചേരുന്ന കേളീശൈലിയായിരുന്നിട്ടും കഴിഞ്ഞ മൂന്നു സീസണിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാര്‍ക്കു പുറകില്‍ രണ്ടാം സ്ഥാനത്താവാനായിരുന്നു ആഴ്സനലിന്‍റെ വിധി. മുന്‍നിര ടീമുകള്‍ക്കെതിരായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരതമ്യേന ദുര്‍ബലരായ ചില ടീമുകള്‍ക്കെതിരെ അപ്രതീക്ഷിതമായി പിണഞ്ഞ ചില തോല്‍വികള്‍ അവരെ ചാംപ്യന്‍ പട്ടത്തില്‍ നിന്നും അകത്തി.
പക്ഷേ, ഇത്തവണ കോച്ച് മിക്കേല്‍ ആര്‍ട്ടേറ്റ രണ്ടും കല്‍പ്പിച്ചാണ്. പ്രതിരോധവും ആക്രമണവും ഒരുപോലെ ശക്തിപ്പെടുത്തിയ ആര്‍ട്ടേറ്റയുടെ തന്ത്രങ്ങള്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യഘട്ടത്തില്‍ ആഴ്സനലിനെ മുന്‍പില്‍ എത്തിച്ചിരിക്കുകയാണ്. ഒക്ടോബര്‍ മാസം അവസാനിക്കുമ്പോള്‍ ഒന്‍പതു മല്‍സരങ്ങളില്‍ നിന്ന് 22 പോയിന്‍റുമായി (ഏഴ് ജയം, ഒരു സമനില, ഒരു തോല്‍വി) ആഴ്സനല്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലാണ്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ 15 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്.
അതിനു മുന്‍പ്, തുടര്‍ച്ചയായി നാലു തവണ ചാംപ്യന്‍മാരായ, തന്ത്രങ്ങളുടെ തല തൊട്ടപ്പനായ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവസ്ഥ കുറച്ചു ഭേദമാണ്. അവര്‍ 16 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ ആഴ്സനല്‍ ആരാധകര്‍ ‘ഗണ്ണേഴ്സി’ന്‍റെ കുതിപ്പ് ആഘോഷിക്കുന്നുണ്ടെങ്കിലും മറ്റു ടീമുകളുടെ ആരാധകര്‍ ഇത്ര നേരത്തെ ആഘോഷം തുടങ്ങേണ്ടതില്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, ആരാധകര്‍ ഒക്ടോബര്‍ മാസത്തിലെ ആഴ്സനലിന്‍റെ പ്രകടനം ഉയര്‍ത്തിക്കാട്ടി ലീഗിലെ ഏറ്റവും ഒത്തിണക്കമുള്ള ടീം തങ്ങളുടേതാണെന്ന് വാദിക്കുന്നു. ഒക്ടോബറില്‍ വിവിധ ഫോര്‍മാറ്റുകളിലായി ആഴ്സനല്‍ കളിച്ച ആറു മല്‍സരങ്ങളിലും വിജയിച്ചു എന്നു മാത്രമല്ല, ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് അവര്‍ ആറു മല്‍സരങ്ങളിലും കളിയവസാനിപ്പിച്ചത്. ഇത് ഒരു മുന്‍നിര ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് (ഒരു മാസത്തെ കണക്കെടുക്കുമ്പോള്‍). ഒക്ടോബറില്‍ ആഴ്സനല്‍ മൂന്ന് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളും രണ്ടും ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളും ഒരു കാരബാവോ കപ്പ് മല്‍സരവുമാണ് കളിച്ചത്.
ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധനിരയാണ് ആഴ്സനലിന്‍റേത് എന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നുണ്ട്. ഗോള്‍ കീപ്പര്‍ ഡേവിഡ് റായയെ കൂടാതെ, വില്യം സാലിബ, ക്രിസ്റ്റ്യന്‍ മൊസ്കേറ, ബെന്‍ വൈറ്റ്, പിയറോ ഇന്‍കാപിയെ, ഗാബ്രിയേല്‍ മഗാലിയാന്‍സ്, റിക്കാര്‍ഡോ കാലഫിയോറി, ജൂരിയന്‍ ടിംബര്‍, മൈല്‍സ് ലൂയിസ് സ്കെല്ലി എന്നിവരടങ്ങിയ പ്രതിരോധ നിര ഇതുവരെ ലീഗില്‍ ഒന്‍പതു കളികളിലായി വഴങ്ങിയിരിക്കുന്നത് വെറും മൂന്നു ഗോളുകളാണ്.
2004-05 ല്‍ പ്രശസ്ത പരിശീലകനായ ഹൊസേ മൗറിഞ്ഞോ പരിശീലിപ്പിച്ച ചെല്‍സിയുടേതാണ് നിലവിലുള്ള പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ്. ആ സീസണില്‍ ചാംപ്യന്‍മാരായ ചെല്‍സി 38 മല്‍സരങ്ങളിലായി വഴങ്ങിയത് 15 ഗോളുകളാണ്. 25 മല്‍സരങ്ങളില്‍ എതിരാളികള്‍ക്ക് അവരുടെ ഗോള്‍വല ഭേദിക്കാനും കഴിഞ്ഞില്ല.
ചാംപ്യന്‍മാരാവുന്നതിനൊപ്പം ചെല്‍സിയുടെ പേരില്‍ നിലവിലുള്ള ഈ റെക്കോര്‍ഡുകളും ആഴ്സനല്‍ ഭേദിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഒക്ടോബര്‍ മാസത്തിലെ ആഴ്സനലിന്‍റെ പ്രകടനം.
ഒക്ടോബര്‍ 1 - ചാംപ്യന്‍സ് ലീഗ് - എതിരാളികള്‍ ഒളിംപിയാക്കോസ് - സ്കോര്‍ 2-0
ഒക്ടോബര്‍ 4 - പ്രീമിയര്‍ ലീഗ് - വെസ്റ്റ് ഹാം - 2-0
ഒക്ടോബര്‍ 18 - പ്രീമിയര്‍ ലീഗ് - ഫുലം - 1-0
ഒക്ടോബര്‍ 21 - ചാംപ്യന്‍സ് ലീഗ് - അത്ലറ്റിക്കോ മാഡ്രിഡ് - 4-0
ഒക്ടോബര്‍ 26 - പ്രീമിയര്‍ ലീഗ് - ക്രിസ്റ്റല്‍ പാലസ് - 1-0
ഒക്ടോബര്‍ 29 - കാരബാവോ കപ്പ് - ബ്രൈറ്റണ്‍ - 2-0