സല വീണിട്ടും അർജന്റീനയുടെ മൂന്നാം ഗോൾ അനുവദിച്ചതെങ്ങനെ?; ഈജിപ്തിന്റെ ഗോൾ നിഷേധിച്ചതിലും വിവാദം

#ലോകകപ്പ് ഡെസ്ക്
സലയും അൽവാരസും പന്തിനായുള്ള ശ്രമത്തിൽ | AP
സലയും അൽവാരസും പന്തിനായുള്ള ശ്രമത്തിൽ | AP

ഡാലസ്: സംഭവബഹുലമായിരുന്നു അർജന്റീനയും ഈജിപ്തും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം. രണ്ട് ഗോളിന് 78 മിനിറ്റുവരെ പിന്നിട്ടുനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് അർജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർഫൈനലിലേക്ക് മുന്നേറുന്നത്. ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. യാസിർ ഇബ്രാഹിം (15), മുസ്തഫ സീക്കോ (67) എന്നിവർ ഈജിപ്തിനായും സ്കോർ ചെയ്തു. അതേസമയം മത്സരത്തിൽ ഈജിപ്തിനായി അനുവദിക്കാതിരുന്ന ഗോളും അർജന്റീനക്ക് അനുവദിച്ച ഗോളും മത്സരശേഷം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായി.

58-ാം മിനിറ്റിലാണ് ഈജിപ്ത് മനോഹരമായ മുന്നേറ്റത്തിലൂടെ സ്‌കോർ ചെയ്തത്‌. ഹസീം ഹസൻ ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്‌സിലേക്ക് നൽകിയ പന്തിലാണ് സീക്കോ സ്‌കോർ ചെയ്തത്. എന്നാൽ വാർ പരിശോധനയിൽ മുന്നേറ്റത്തിന് തൊട്ടുമുമ്പ് മർവാൻ ആത്തിയ, ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് ഗോൾ അനുവദിക്കാതിരുന്നത്. ഈജിപ്ത് താരങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മാത്രമല്ല, സാമൂഹികമാധ്യമങ്ങളിൽ ഇത് വൻ ചർച്ചയായി.

എന്നാൽ വീഡിയോ റീപ്ലേകളിൽ അത് ഫൗളാണെന്ന് വ്യക്തമായിരുന്നു. അത്തിയ ലിസാൻഡ്രോയുടെ ജേഴ്‌സി പിടിച്ചുവലിക്കുന്നതും ബൂട്ടിൽ ചവിട്ടുന്നതും കാണാമായിരുന്നു. വാർ പരിശോധനയിൽ ഇത് തെളിഞ്ഞതോടെ റഫറി ഫൗൾ അനുവദിച്ചു. ഈജിപ്തിന്റെ ഗോൾ പിറക്കുന്നത് ലിസാൻഡ്രോയെ വീഴ്ത്തി പന്തുമായി മുന്നേറിയാണ്. അതിനാൽ ഫൗൾ അനുവദിക്കുകയും ഗോൾ റദ്ദാക്കുകയും ചെയ്തു.

അർജന്റീനയുടെ മൂന്നാം ഗോളും വൻ ചർച്ചകൾക്ക് വഴിവെച്ചു. മൂന്നാം ഗോളിന്റെ തുടക്കം മുഹമ്മദ് സലയിൽ നിന്ന് ഹൂലിയൻ അൽവാരസ് പന്ത് തട്ടിയെടുത്തപ്പോഴായിന്നു. ബോക്‌സിൽവെച്ച് സലയെ അൽവാരസ് ചവിട്ടി വീഴ്ത്തിയെന്നാണ് ആരോപണം. ഈജിപ്ത് പെനാൽട്ടിക്ക് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. വാർ പരിശോധന നടന്നതുമില്ല. അൽവാരസ് നൽകിയ പന്തിൽനിന്നാണ് ലൗട്ടാറോയുടെ ക്രോസ് ബോക്‌സിലേക്ക് വന്നതും എൻസോ ഫെർണാണ്ടസ് വിജയഗോൾ കണ്ടെത്തിയതും.

സല ഫൗൾ ചെയ്യപ്പെട്ടെന്നും അത് പെനാൽട്ടി നൽകണമെന്നും വാദമുയർന്നു. എന്നാൽ ഡ്രിബിൾ ചെയ്ത് മുന്നേറാനുള്ള ശ്രമത്തിനിടെ പന്ത് സലയുടെ നിയന്ത്രണത്തിൽ നിന്ന് നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, അൽവാരസ് ആദ്യം പന്ത് ക്ലിയർ ചെയ്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് അർജന്റൈൻ താരത്തിൻ കാലിൽ തട്ടി സല മൈതാനത്ത് വീഴുന്നത്. അത് മനഃപൂർവ്വമുള്ള ഫൗളായി കണക്കാക്കാനാവില്ലെന്നുമാണ് റഫറി വിധിയെഴുതിയത്. എന്നാൽ വിഷയത്തിൽ രണ്ടുതട്ടിലാണ് ഫുട്ബോൾ ലോകം.

Content Highlights: Argentina secured a 3-2 comeback victory over Egypt to reach the 2026 World Cup Quarter-finals., Goals by Romero, Messi, and Fernandez overturned a 2-0 deficit., Controversy sparked over a disallowed Egypt goal for a foul on Lisandro Martinez., Debate persists regarding the missed penalty call on Mohamed Salah during Argentina's third goal.