കോപ്പ അമേരിക്കയ്ക്ക് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കും- എയ്ഞ്ജല്‍ ഡി മരിയ

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എയ്ഞ്ജല്‍ ഡി മരിയ ബൂട്ടഴിക്കുന്നു. 2024 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുമെന്ന് മരിയ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്. 35 കാരനായ ഡി മരിയ കഴിഞ്ഞ 15 വര്‍ഷമായി അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചുവരികയാണ്.
2022 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച മരിയ ഫൈനലില്‍ ഗോളടിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസ്സീമ കിരീങ്ങളില്‍ പങ്കാളിയായി. 2008-ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഡി മരിയ അര്‍ജന്റീനയ്ക്ക് വേണ്ടി ഇതുവരെ 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. നാല് ലോകകപ്പുകളില്‍ കളിച്ചു. ആറ് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും പങ്കെടുത്തു.
അടുത്ത വര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെയാണ് കോപ്പ അമേരിക്ക നടക്കുന്നത്. യു.എസ്സാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ക്ലബ്ബ് തലത്തില്‍ നിലവില്‍ ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് ഡി മരിയ കളിക്കുന്നത്. റയല്‍ മഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.
Content Highlights: Argentina’s Di Maria to quit internationals after Copa America