ന്യൂകാസില്‍ യുണൈറ്റഡ് വിട്ട് സൗദിയിലേക്ക് ചേക്കേറി അലന്‍ സെയ്ന്റ് മാക്‌സിമിന്‍

Photo:AFP
Photo:AFP

റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനം നടത്തിയ ന്യൂകാസില്‍ യുണൈറ്റഡ് താരം അലന്‍ സെയ്ന്റ് മാക്‌സിമിന്‍ ഇനി സൗദിയില്‍ പന്തുതട്ടും. താരത്തെ സൗദി ക്ലബ്ബായ അല്‍ അഹ്ലി റാഞ്ചി. മൂന്നുവര്‍ഷത്തെ കരാറിലാണ് മാക്‌സിമിനെ അല്‍ അഹ്ലി സ്വന്തമാക്കിയത്. 

ഞങ്ങള്‍ മികച്ചവരെ മാത്രമേ എടുക്കാറുള്ളു, മാക്‌സിമിന്‍ അതിലൊരാളാണ് എന്ന തലക്കെട്ടോടെയാണ് മാക്‌സിമിനെ ടീം അവതരിപ്പിച്ചത്. 30 മില്യണ്‍ പൗണ്ടിനാണ് (ഏകദേശം 317 കോടി രൂപ) താരത്തെ അല്‍ അഹ്ലി സ്വന്തമാക്കിയത്. 26 കാരനായ മാക്‌സിമിന്‍ ന്യൂകാസിലിനായി 124 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 13 ഗോളുകളും നേടി. 2019-ലാണ് താരം നീസില്‍ നിന്ന് ന്യൂകാസിലിലെത്തിയത്. 

ചെല്‍സിയില്‍ നിന്ന് ഗോള്‍കീപ്പര്‍ എഡ്വാര്‍ഡോ മെന്‍ഡി, ലിവര്‍പൂളില്‍ നിന്ന് മുന്നേറ്റതാരം റോബര്‍ട്ടോ ഫിര്‍മിനോ, മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് റിയാദ് മഹ്‌റെസ് എന്നീ താരങ്ങളെ അല്‍ അഹ്ലി ഇതിനോടകം സ്വന്തമാക്കി. മഹ്‌റെസ്-ഫിര്‍മിനോ-മാക്‌സിമിന്‍ സഖ്യമായിരിക്കും ടീമിനായി അടുത്ത സീസണില്‍ മുന്നേറ്റത്തില്‍ അണിനിരക്കുന്നത്.

Content Highlights: Allan Saint-Maximin Joins Saudi's Al-Ahli After Newcastle Exit