സെക്കൻഡുകൾ മാത്രം ബാക്കി, റോണോയുടെ കിരീടസ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് 98-ാം മിനിറ്റിലെ ഗോൾ

റിയാദ്: സൗദി പ്രോ ലീഗിൽ കന്നി കിരീടത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോയ്ക്ക് കുറച്ചുകൂടി കാത്തിരിക്കണം. പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചതാണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തിരിച്ചടിയായത്. മത്സരത്തിന്റെ 98-ാം മിനിറ്റിലാണ് അൽ ഹിലാൽ സമനില ഗോൾ നേടിയത്. ലീഗിൽ ശേഷിക്കുന്ന മത്സരങ്ങൾ അൽ നസറിനും അൽ ഹിലാലിനും നിർണായകമാണ്.
അൽഹിലാലിനെതിരേ നിശ്ചിത സമയത്തതിന്റെ അവസാനം വരെ അൽ നസർ മുന്നിട്ടുനിന്നിരുന്നു. 37-ാം മിനിറ്റിൽ മുഹമ്മദ് സിമാകാനിലൂടെയാണ് അൽ നസർ ലീഡെടുത്തത്. പിന്നീട് പ്രതിരോധം കടുപ്പിച്ചതോടെ ടീം വിജയിച്ചുകയറുമെന്ന പ്രതീക്ഷയിലായിരുന്നു. ജയിച്ചാൽ കിരീടം നേടാൻ സാധിക്കുമായിരുന്നു. എന്നാൽ 98-ാം മിനിറ്റിൽ അൽ ഹിലാൽ സമനിലഗോൾ നേടി. അൽ നസർ ഗോൾ കീപ്പർ ബെന്റോയുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. അതോടെ അൽ നസർ താരങ്ങൾ തലയിൽ കെവെച്ചിരുന്നു. ഡഗൗട്ടിൽ നിന്ന് ക്രിസ്റ്റിയാനോയും കടുത്ത നിരാശയിലായി. മത്സരം 1-1 ന് അവസാനിച്ചതോടെ കിരീടപ്പോരാട്ടം മുറുകി.
നിലവിൽ പട്ടികയിൽ തലപ്പത്തുള്ള അൽ നസറിന് 33 മത്സരങ്ങളിൽ നിന്നായി 83 പോയന്റാണുള്ളത്. ഒരു മത്സരം ബാക്കിയുണ്ട്. അതിൽ ജയിച്ചാൽ കിരീടത്തിൽ മുത്തമിടാം. രണ്ടാമതുള്ള അൽ ഹിലാലിന് 32 മത്സരങ്ങളിൽ നിന്ന് 78 പോയന്റുണ്ട്. ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുകയും അൽ നസറിന്റെ മത്സരഫലം അനുകൂലമാക്കുകയും ചെയ്താൽ മാത്രമേ ടീമിന് കിരീടം നേടാനാകുകയുള്ളൂ.