2725 കോടി രൂപ നല്‍കാന്‍ തയ്യാര്‍! റെക്കോഡ് തുകയ്ക്ക് എംബാപ്പെയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബ്

റിയാദ്: പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ റെക്കോഡ് തുകയുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ രംഗത്ത്. 300 മില്യണ്‍ യൂറോ (ഏകദേശം 2725 കോടി രൂപ) താരത്തിനായി മുടക്കാന്‍ തയ്യാറാണെന്ന് അല്‍ ഹിലാല്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കാവുന്ന നിലവിലെ ഏറ്റവും വലിയ തുകയാണിത്.
പി.എസ്.ജിയുമായി വേര്‍പിരിയാനൊരുങ്ങുന്ന എംബാപ്പെ ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചു. ഇതോടെ താരത്തെ വില്‍ക്കുമെന്ന് പി.എസ്.ജി ഈയിടെ അറിയിച്ചിരുന്നു. എംബാപ്പെയുമായി ഒരു വര്‍ഷം കൂടി പി.എസ്.ജിയ്ക്ക് കരാര്‍ ബാക്കിയുണ്ട്. ഒരു വര്‍ഷം കൂടി ക്ലബ്ബിനൊപ്പം നിന്ന് റയല്‍ മഡ്രിഡിലേക്ക് ഫ്രീ ഏജന്റായി ചേക്കേറാനായിരുന്നു എംബാപ്പെയുടെ തീരുമാനം. എന്നാല്‍ താരത്തിന്റെ നീക്കം പി.എസ്.ജി തകര്‍ത്തു. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള പി.എസ്.ജി. ടീമില്‍ എംബാപ്പെയെ ഉള്‍പ്പെടുത്തിയിട്ടില്ല.
സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് എംബാപ്പെയ്ക്ക് ലഭിച്ച വമ്പന്‍ ഓഫറിനെക്കുറിച്ച് വെളിപ്പെടുത്തിയത്. അല്‍ ഹിലാലിന്റെ മോഹവാഗ്ദാനം പി.എസ്.ജി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തേക്കാണെങ്കില്‍ പോലും ഇത്രയും തുക നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണ്. അല്‍ ഹിലാല്‍ ഔദ്യോഗികമായി ഇക്കാര്യം പി.എസ്.ജിയെ അറിയിച്ചുകഴിഞ്ഞു.
എന്നാല്‍ എംബാപ്പെ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. റയല്‍ മഡ്രിഡിലേക്ക് ചേക്കേറാനാണ് താരത്തിന്റെ താത്പര്യം. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ സജീവമായി രംഗത്തുണ്ട്. കരാര്‍ പുതുക്കാനായി നേരത്തേ പി.എസ്.ജി ഒരു ബില്യണ്‍ യൂറോയാണ് (9124 കോടി രൂപ) എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചത്. പത്തുവര്‍ഷമായിരുന്നു കരാര്‍.
Content Highlights: Al Hilal have submitted formal bid to Paris Saint-Germain in order to open talks for Kylian Mbappe