പേര് മാറ്റാൻ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ; 'ഭാരത്' ആക്കി മാറ്റും, ഫിഫയുടെ അനുമതി തേടും

ന്യൂഡൽഹി: പേര് മാറ്റാൻ തീരുമാനിച്ച് ഓൾ ഫുട്‌ബോൾ ഫെഡറേഷൻ (AIFF). ഫുട്‌ബോൾ ഫെഡറേഷൻ ഓഫ് ഭാരത് (FFB) എന്നാണ് പുതുതായി നിർദേശിക്കപ്പെട്ട പേര്. ഓൾ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രത്യേക ജനറൽ ബോഡിയോഗം ഇത് സംബന്ധിച്ച് പ്രമേയം അംഗീകരിച്ചു.
പേര് മാറ്റം കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ നടക്കൂ എന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു. ലോക ഫുട്‌ബോൾ ഭരണസമിതിയായ ഫിഫയുടെ അനുമതിയും ഫെഡറേഷൻ തേടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ആദ്യപടിയായി പേര് മാറ്റത്തിനായുള്ള ഈ പ്രമേയം കായിക മന്ത്രാലയത്തിലേക്ക് അയക്കും. ഇതൊരു പ്രക്രിയയാണ്, ഇന്ന് അത് ആരംഭിച്ചു.' ചൗബേ പറഞ്ഞു. മന്ത്രാലയം അനുമതി നൽകിയാൽ, തങ്ങൾ അത് ജനറൽ ബോഡിയിലേക്ക് കൊണ്ടുവരും. അതിനുശേഷം ഫിഫയ്ക്ക് അയക്കും. ഇത് ഈ പ്രക്രിയയുടെ രണ്ടാം ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സെപ്റ്റംബർ 4 മുതൽ ആരംഭിക്കുമെന്നും ഫെഡറേഷൻ അറിയിച്ചു. മത്സരക്രമവും ഘടനയും തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ ഫുട്‌ബോൾ ഫെഡറേഷനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നിട്ടുണ്ട്. രാജ്യത്തെ കായികരംഗത്തിന്റെ ഉന്നമനത്തിനായി വ്യക്തമായ പദ്ധതികളൊന്നും മുന്നിൽ കാണാനില്ലാതെ പേര് മാറ്റത്തിൽ മാത്രമാണ് ഫെഡറേഷന്റെ ശ്രദ്ധയെന്നാണ് പ്രധാന വിമർശനം.
Content Highlights: AIFF General Body approves renaming to Football Federation of Bharat (FFB)., Name change subject to Sports Ministry and FIFA approval., Indian Super League (ISL) season set to commence on September 4., Critics question the focus on rebranding over grassroots sports development.