കത്തിപ്പടർന്ന് ‘കൂടോത്ര’ വിവാദം, സെനഗലിനും മൊറോക്കോയ്ക്കും വൻ തുക പിഴ

റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലെ വിവാദസംഭവങ്ങളിൽ വൻതുക പിഴയിട്ട് ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ. സെനഗൽ ഫുട്‌ബോൾ ഫെഡറേഷന് 5.65 കോടിയും മൊറോക്കോ ഫുട്‌ബോൾ ഫെഡറേഷന് 2.90 കോടി രൂപയുമാണ് പിഴയിട്ടത്.
ബാൾ ബോയ്‌സ് സെനഗൽ ഗോൾ കീപ്പറിൽനിന്ന് ടൗവൽ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം അടക്കമുള്ള വിഷയത്തിലാണ് മൊറോക്കോ ഫെഡറേഷന് പിഴയിട്ടത്. പിഴത്തുകയിൽ 1.83 കോടിയും ബോൾബോയ്‌സ് വിഷയത്തിലാണ്. സെനഗൽ-മൊറോക്കോ ഫൈനൽ ഏറെ വിവാദമായിരുന്നു. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചതിൽ പ്രതിഷേധിച്ച് സെനൽ ടീം കളംവിട്ടിരുന്നു.
ഇതോടെ 17 മിനിറ്റാണ് കളി മുടങ്ങിയത്. സെനഗൽ താരം സാദിയോ മാനെയുടെ ഇടപെടൽമൂലമാണ് സഹതാരങ്ങൾ തിരിച്ചെത്തിയത്. ഈ സംഭവത്തിലാണ് സെനഗൽ ഫെഡറേഷനെതിരേ നടപടി.സെനഗൽ ടീമിന്റെ പരിശീലകൻ പെപ്പെ തിയാവിന് അഞ്ചു മത്സരങ്ങളിൽ വിലക്കും 92 ലക്ഷം രൂപ പിഴയുമുണ്ട്. സെനഗൽ താരങ്ങളായ ഇല്ലിമാൻ എൻഡിയ, ഇസ്മായില സാർ എന്നിവർക്ക് രണ്ടുമത്സരങ്ങളിലാണ് വിലക്ക്. മൊറോക്കോ താരം ഇസ്മായിൽ സെയ്ബാരിക്ക് 92 ലക്ഷം രൂപയും മൂന്നുമത്സരങ്ങളിൽ വിലക്കുമുണ്ട്.
കത്തിപ്പടർന്ന ‘കൂടോത്ര’ വിവാദം
ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിന് പിന്നാലെയാണ് ‘കൂടോത്ര’ വിവാദം ചർച്ചയായത്. ഫൈനലിനിടെ സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്ക് ടൗവൽ നൽകുന്നത് മൊറോക്കൻ താരങ്ങൾ തുടർച്ചയായി തടഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. താരങ്ങൾക്ക് പുറമേ ബോൾ ബോയ്സിനെ നിയോഗിച്ചും ടൗവൽ നൽകുന്നത് തടയാനാണ് മൊറോക്കൻ ടീം ശ്രമിച്ചത്. ടൗവലിൽ കൂടോത്രം ഒളിപ്പിച്ചിട്ടുണ്ടെന്ന വിശ്വസിച്ചാണ് മൊറോക്കൻ താരങ്ങൾ ഇത് കൈമാറുന്നത് തടയാനൊരുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയാണ്.
ആഫ്രിക്കൻ ഫുട്ബോളിൽ ഇത്തരത്തിൽ ടൗവലിൽ കൂടോത്രം ഒളിപ്പിച്ചുകൊണ്ടുവരാറുണ്ടെന്ന് വിശ്വാസം നിലനിൽക്കുന്നുണ്ട്. ഫൈനലിലും സെനഗൽ ടീം ഇത്തരത്തിൽ നീക്കം നടത്തിയതായാണ് മൊറോക്കൻ സംഘം വിശ്വസിച്ചത്. ഫൈനലിനിടെ ഗ്ലൗവിലെ നനവുതുടയ്ക്കാൻ സെനഗൽ ഗോൾകീപ്പർ മെൻഡി ഇടയ്ക്കിടെ ടൗവൽ ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് കൂടോത്രം ഒളിപ്പിച്ചതാണെന്ന് മോറോക്കൻ ടീം സംശയിച്ചു. മത്സരത്തിൽ അവസരങ്ങൾ മുതലാക്കാനാവാത്തത് ഇതിനാലായിരിക്കാമെന്നാണ് മൊറോക്കൻ താരങ്ങൾ കരുതിയത്. അതോടെയാണ് എന്തുവിലകൊടുത്തും ടൗവൽ കൈമാറുന്നത് തടയാൻ അവർ ഒരുങ്ങിയത്.
ബോൾ ബോയ്‌സും ടൗവൽ എടുത്തുമാറ്റാൻതുടങ്ങി. ഒരുതവണ മൊറോക്കോ ക്യാപ്റ്റൻ അഷ്‌റഫ് ഹക്കീമിയും ടൗവൽ എടുത്ത് പുറത്തേക്കിട്ടു. ഗ്ലൗ തുടയ്ക്കാൻ ടൗവൽ കിട്ടാതിരിക്കാനാണ് ഇവർ ഈ തന്ത്രം പയറ്റിയത്. ഇതോടെ രണ്ടാം ഗോൾകീപ്പർ ദിയൂഫിനെ ടൗവലുമായി ടീം മാനേജ്‌മെന്റ് ഗോൾപോസ്റ്റിനടുത്തേക്ക് പറഞ്ഞുവിട്ടു. പിന്നീട് മെൻഡിക്ക് ആവശ്യംവരുമ്പോഴൊക്കെ ദിയൂഫാണ് നൽകിയത്. ഒരുതവണ ബോൾബോയ്‌സ് ദിയൂഫിന്റെ പക്കൽനിന്ന് ടൗവൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും ഗോൾകീപ്പർ അത് തടയാൻശ്രമിക്കുന്നതിനിടെ മൈതാനത്ത് വീഴുന്നതുമൊക്കെ വീഡിയോയിലുണ്ട്.
ഇഞ്ചുറി ടൈമിൽ സെനഗൽ ഗോൾകീപ്പർ മെൻഡി മൊറോക്കോ പെനാൽട്ടി രക്ഷപ്പെടുത്തുകയും എക്സ്ട്രാ ടൈമിലെ ഗോളിൽ സെനഗൽ ജയിക്കുകയുംചെയ്തു. എതിർകളിക്കാരിൽനിന്നും ബോൾ ബോയ്സിൽ നിന്നും മെൻഡിയുടെ ടൗവൽ സംരക്ഷിച്ചതോടെ ദിയൂഫിന് ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലും ദിയൂഫിന്റെ ടൗവൽ സംരക്ഷണം വൈറലാണ്.
ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആഫ്രിക്കയിൽ ഒട്ടേറെതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജുജു എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം ക്രിയകൾ ചെയ്ത വസ്തുക്കളും മറ്റും കൈവശം വെച്ചാൽ ഭാഗ്യം വരുമെന്നാണ് വിശ്വാസം. ആ വിശ്വാസമാണ് മൊറോക്കൻ ടീമിനെ ടൗവൽ നൽകുന്നത് തടയാൻ പ്രേരിപ്പിച്ചത്.
Content Highlights: african nations cup final controversy fine