ലോകകപ്പ് കാണാൻ ഗാലറിയിൽ ആളില്ല, ഒഴിഞ്ഞ ഇരിപ്പിടങ്ങൾ,ഉയർന്ന ടിക്കറ്റ് നിരക്ക് ചർച്ചയാകുന്നു

Photo: Getty Images
Photo: Getty Images

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന് ആവേശകരമായി തുടക്കം കുറിച്ചെങ്കിലും സ്റ്റേഡിയങ്ങളിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ ചർച്ചയാകുന്നു. ഉദ്ഘാടന മത്സരം നടന്ന മെക്‌സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ 80,000-ത്തിലധികം കാണികൾ എത്തിയിരുന്നെങ്കിലും, ഗ്വാഡലഹാരയിൽ നടന്ന ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക് മത്സരത്തിൽ ഗാലറികൾ പലയിടത്തും ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ നടന്ന കാനഡ - ബോസ്‌നിയ മത്സരത്തിലും ഗാലറികൾ പലതും ഒഴിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു.

ഇതോടെ ലോകകപ്പ് ടിക്കറ്റുകളുടെ നിരക്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. മെക്‌സിക്കോ സിറ്റിയിലെ ആവേശം ഗ്വാഡലഹാരയിലെ മത്സരത്തിൽ കാണാത്തത് ടിക്കറ്റ് വിലയും യാത്രാച്ചെലവും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലപ്പുറമാണെന്ന വിമർശനം ശരിവെക്കുന്നു.

ഗ്വാഡലഹാരയിലെ സ്റ്റേഡിയത്തിന് ഏകദേശം 46,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 44,985 പേർ പങ്കെടുത്തു എന്ന് പറയുമ്പോഴും ഗാലറികളിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ കാണാമായിരുന്നു. ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ഫിഫയ്‌ക്കെതിരേ വിമർശനമുണ്ടായിരുന്നു. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ടിക്കറ്റ് നിരക്കുകളെന്നായിരുന്നു വിമർശനം.

ടിക്കറ്റ് വിലയ്ക്ക് പുറമെ, ആതിഥേയ നഗരങ്ങൾക്കിടയിലുള്ള യാത്രാ ചെലവും താമസ സൗകര്യങ്ങൾക്കുള്ള അമിത നിരക്കും ആരാധകരെ വലയ്ക്കുന്നുണ്ട്. ഒരു ലോകകപ്പ് മത്സരം നേരിട്ട് കാണുന്നതിനുള്ള ചെലവ് ഷിക്കാഗോയിലെ ഒരു മാസത്തെ വീട്ടുവാടകയ്ക്ക് തുല്യമാണെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ടിക്കറ്റ് നിരക്കുകളെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതിരോധിച്ചു. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 60 ഡോളറാണെന്നും ഇത് അമേരിക്കയിലെ മറ്റ് പ്രമുഖ കായിക മത്സരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

എന്നാൽ ഫിഫയുടെ ഈ അവകാശവാദത്തെ വിവിധ ആരാധക കൂട്ടായ്മകൾ എതിർക്കുന്നു. 60 ഡോളറിന്റെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ കമ്മീഷനിൽ ഇവർ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, ടിക്കറ്റ് വിൽപ്പനയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ന്യൂയോർക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലെ അറ്റോർണി ജനറൽമാർ ഫിഫയ്ക്ക് സമൻസ് അയച്ചിട്ടുണ്ട്.

ഫുട്‌ബോൾ സംസ്‌കാരത്തിന് പേരുകേട്ട മെക്‌സിക്കൻ നഗരമായ ഗ്വാഡലഹാരയിൽ പോലും ആളുകൾ സ്റ്റേഡിയത്തിൽ നിന്ന് വിട്ടുനിന്നത് ടിക്കറ്റ് നിരക്കിലെ ഈ ജനവിരുദ്ധ നയം മൂലമാണെന്ന് സ്റ്റേഡിയത്തിലെത്തിയ കാണികളും സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: Attendance issues observed in Guadalajara and other venues despite high official numbers., Excessive ticket pricing and travel costs identified as primary barriers for fans., FIFA President Gianni Infantino defends pricing, comparing it to US sports standards., Legal challenges initiated by fan groups and US authorities regarding ticket sales irregularities.