പുല്ല് പശുക്കള്‍ക്കോ? 'ജോക്കോ മാജിക്' വഴിമാറുന്നത് പുതുയുഗപ്പിറവിക്ക്

#എം.എ. രാജീവ് കുമാര്‍
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനായി ലണ്ടനില്‍ എത്തിയ കാര്‍ലോസ് അല്‍ക്കരാസും നോവാക് ജോക്കോവിച്ചും ഓള്‍ ഇംഗ്ളണ്ട് ലോണ്‍ ടെന്നിസ് ക്ലബ്ബിലെ സെന്‍റര്‍ കോര്‍ട്ടില്‍ പരിശീലനത്തിനെത്തിയപ്പോള്‍ | Photo: Getty Images
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനായി ലണ്ടനില്‍ എത്തിയ കാര്‍ലോസ് അല്‍ക്കരാസും നോവാക് ജോക്കോവിച്ചും ഓള്‍ ഇംഗ്ളണ്ട് ലോണ്‍ ടെന്നിസ് ക്ലബ്ബിലെ സെന്‍റര്‍ കോര്‍ട്ടില്‍ പരിശീലനത്തിനെത്തിയപ്പോള്‍ | Photo: Getty Images

‘പുല്ല് പശുക്കള്‍ക്കുള്ളതാണ്’ എന്നു പറഞ്ഞുകൊണ്ട് 1982-ല്‍ വിംബിള്‍ഡണില്‍നിന്ന് തിരിഞ്ഞുനടന്നത് ലോകത്തെ എക്കാലത്തെയും മികച്ച ടെന്നിസ് കളിക്കാരില്‍ ഒരാളായ ഐവാന്‍ ലെന്‍ഡല്‍ ആണ്. പക്ഷേ, കളിമികവിന്‍റെ ഉരകല്ലായി വാഴ്ത്തപ്പെടുന്ന ടെന്നിസിന്‍റെ ‘വിശുദ്ധ ഗൃഹം’ ലെന്‍ഡലിനെ വീണ്ടും വീണ്ടും മാടിവിളിച്ചു. മികവിന്‍റെ അധിത്യകയില്‍ നില്‍ക്കുന്ന സമയത്ത് തുടര്‍ച്ചയായി രണ്ടു വര്‍ഷം തന്‍റെ ഇഷ്ട കളിയിടമായ റൊളാങ് ഗാരോയെ അവഗണിച്ച് ലെന്‍ഡല്‍ പശുക്കള്‍ ഇഷ്ടപ്പെടുന്ന പുല്‍മൈതാനിയില്‍ തീവ്രപരിശീലനം നടത്തി. എങ്കിലും മഹാനായ ആ കളിക്കാരന് വിംബിള്‍ഡണിലെ പുല്‍പ്പരപ്പിലെ രാജാവാകാന്‍ മാത്രം കഴിഞ്ഞില്ല; തുടര്‍ച്ചയായി രണ്ടു ഫൈനല്‍ (1986, 87) കളിച്ചിട്ടും. പരാജയത്തില്‍ അവസാനിച്ച പോരാട്ടങ്ങള്‍ക്കൊടുവില്‍ ലെന്‍ഡല്‍ കളി മതിയാക്കി കളത്തിനു പുറത്തേക്ക് നടന്നപ്പോള്‍ കായികചരിത്രം അദ്ദേഹത്തെ വിംബിള്‍ഡണ്‍ നേടാന്‍ കഴിയാതെ പോയ ഏറ്റവും മികച്ച ഗ്രാസ് കോര്‍ട്ട് കളിക്കാരന്‍ എന്നു വിശേഷിപ്പിച്ചു.

നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളില്‍ (ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍) മികവിന്‍റെ കാല്‍പ്പനിക ഭാവങ്ങളും കളിക്കരുത്തിന്റെ കാതലും ഏറ്റവും പ്രകടമാവുന്ന ടൂര്‍ണമെന്‍റ് ആയിട്ടാണ് വിംബിള്‍ഡണെ കായികപ്രേമികളും കളിയെഴുത്തുകാരും വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റേതൊക്കെ കിരീടങ്ങള്‍ നേടിയാലും വിംബിള്‍ഡണില്‍ വിജയിക്കാന്‍ കഴിയാതെ പോവുന്ന താരങ്ങളെ “ഗ്രേറ്റ്” എന്ന വിശേഷണം ചേര്‍ത്തു വച്ച് വിളിക്കാന്‍ കായികലോകം മടിക്കുന്നു. ലെന്‍ഡല്‍ മാത്രമാണ് അതിനൊരപവാദം എന്നു വേണമെങ്കില്‍ പറയാം. 

Content Highlights: Wimbledon 2023 marks the end of an era. Will Djokovic`s magic continue, or will Alcaraz prevail?

Continue reading