ശിഷ്യർ മെഡൽ നേടണം, നാട്ടിൽ ക്ലബ്ബ് തുടങ്ങണം; മധുവിന് ഈ ആഗ്രഹങ്ങൾ കൂടി ബാക്കിയുണ്ട്

ആർമിയിൽ സുബേദാർ മേജർ ആയി വിരമിച്ച മുൻ ദേശീയ സെയിലിങ് ചാമ്പ്യൻ പി. മധു സ്വന്തം നാടായ കണ്ണൂരിൽ മടങ്ങിയെത്തിയത് രണ്ട് ആഗ്രഹങ്ങൾ ബാക്കിവച്ചാണ്. ഈ മാസം ജപ്പാനിലെ ഐച്ചി-നഗോയയിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന രണ്ടു ശിഷ്യർ മെഡൽ നേടണം, പിന്നെ കണ്ണൂരിൽ ഒരു സെയ്ലിങ് ക്ലബ്ബ് തുടങ്ങണം.
പ്രിൻസ് നോബിളും മനു ഫ്രാൻസിസുമാണ് ഇത്തവണ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സെയ്ലിങ് ടീമിലെ മലയാളി സാന്നിധ്യം.
2008 ൽ ചെറായ് യിൽ നിന്നു മധു കണ്ടെത്തി വളർത്തിയ താരങ്ങളാണിവർ. ഇവർക്കൊപ്പം 10 അംഗ ഇന്ത്യൻ ടീമിലെ ശ്രദ്ധ വർമ്മയും ഹർഷിത ടോമറും മധുവിന്റെ ശിഷ്യർ ആയിരുന്നു. ഇക്കുറി ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന മനു, വരാപ്പുഴ കുരിശിങ്കൽ ഫ്രാൻസിസിന്റെയും മിനിയുടെയും പുത്രനാണ്. പ്രിൻസ്, പള്ളിപ്പുറം കുരിശിങ്കൽ നോബിളിന്റെയും ബിന്ദുവിന്റെയും പുത്രൻ. ഇവർ 49 ഇആർ സ്‌കിഫിലാണു മത്സരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച പരിചയം ഇവർക്കുണ്ട്.
ചെറായ് യിൽ കേരള യാറ്റിങ് അസോസിയേഷൻ സംഘടിപ്പിച്ച മത്സര വേളയിലാണ് മധു മനുവിനെയും പ്രിൻസിനെയും കണ്ടെത്തിയത്. ഇരുവരെയും ഭോപ്പാലിൽ നാഷനൽ സെയ്ലിങ് സ്കൂളിൽ എത്തിച്ച് രണ്ടു വർഷം പരിശീലനം നൽകി. മടങ്ങിയെത്തി അവർ ചെറായ് മുസരീസ് യാറ്റിങ് ക്ലബിൽ പരിശീലനം തുടർന്നു.(റിട്ട.കേണൽ നവനീത് മിത്തലും സുരേഷ് പിള്ളയും ചേർന്നു തുടങ്ങിയതാണ് മുസരിസ് യാറ്റിങ് ക്ളബ് ). പ്ലസ് ടു പൂർത്തിയാക്കി മനുവും പ്രിൻസും ആർമിയിൽ ചേർന്നതോടെ ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നു.
2023ൽ ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ സെയിലിങ്ങിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചപ്പോൾ പി.മധുവായിരുന്നു പരിശീലകൻ. ഹാങ്ചൗവിൽ നിന്നു മാറി നിംഗ്ബോയിൽ നടന്ന സെയിലിങ്ങിൽ ഇന്ത്യക്ക് ഒരു വെള്ളിയും രണ്ടു വെങ്കലവും കിട്ടി. നേഹ ഠാക്കൂറിന് വെള്ളി, ഈബദ് അലിക്കും വിഷ്ണു ശരവണനും വെങ്കലം. മെഡൽ കിട്ടിയില്ലെങ്കിലും മലയാളി താരം അദ്വൈത് മേനോനും ഏഷ്യൻ ഗെയിംസ് ടീമിൽ ഉണ്ടായിരുന്നു.
കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് പി.മധു. പലതവണ ഇന്ത്യ ടീമിന്റെ പരിശീലകനായിട്ടുള്ള മധുവിന് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുവാൻ കിട്ടിയ ആദ്യ അവസരമായിരുന്നത്. ഹൈദരാബാദിലും മുംബൈയിലുമൊക്കെ ആർമിയുടെ സെയിലിങ്ങ് ടീമിൽ സജീവമായിരുന്ന മധു 2000 ത്തിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിയിലുമായാണ് അരങ്ങേറിയത്. പിന്നെ ആറു വർഷത്തിനുള്ളിൽ 18 ദേശീയ മെഡൽ. ഹൈദരാബാദിൽ നിന്ന് 2006ൽ ഭോപ്പാലിൽ എത്തിയതാണ് വഴിത്തിരിവായത്. മധ്യപ്രദേശ് സ്‌പോർട്‌സ് മന്ത്രി യശോദര രാജെ സിന്ധ്യ(മാധവ റാവു സിന്ധ്യയുടെ ഇളയ സഹോദരി) ഭോപ്പാലിൽ സെയിലിങ് സ്‌ക്കൂൾ തുടങ്ങാൻ മധുവിന്റെ സഹായം തേടി. അന്ന് ഭോപ്പാലിൽ ഉള്ളത് ആർമി നൽകിയ രണ്ട് പഴയ ബോട്ട് മാത്രം.
ആദിവാസി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പരിശീലനമായിരുന്നു സ്‌പോർട്‌സ് മന്ത്രിയുടെ മനസ്സിൽ. ആവശ്യത്തിന് പരിശീലന ഉപകരണങ്ങൾ ആവശ്യപ്പെട്ട മധുവിന് രണ്ടു മാസത്തിനകം മന്ത്രി വേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. ഇന്ത്യയിലെ ആദ്യത്തെ സെയിലിങ് സ്‌ക്കൂൾ-നാഷണൽ സെയ്‌ലിങ് സ്‌ക്കൂൾ -ഭോപ്പാലിൽ തുടങ്ങി. മലയാളി താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഈ സ്‌ക്കൂളിൽ എത്തിച്ചാണ് മധു പരിശീലിപ്പിച്ചത്.
സെക്കന്തരാബാദിൽ നാല് സെയ്‌ലിങ് ക്ലബുകൾ ഉണ്ട്. മുംബൈയിൽ ഇ.എം.ഇ.യുടെ സെയ്‌ലിങ് ക്ലബ് ഉണ്ട്. ഇവിടെയൊക്കെ അത്ലറ്റായും പരിശീലകനായും കൈവരിച്ച അനുഭവ പാഠവുമായാണ് മധു ഭോപ്പാലിൽ സ്‌ക്കൂളിന്റെ ചുമതലയേറ്റത്. 2006 മുതൽ 2011 വരെ ഭോപ്പാലിൽ പരിശീലനം നൽകി. ഇടയ്ക്ക് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട യശോദര രാജെ 2015 ൽ സംസ്ഥാന മന്ത്രിയായി മടങ്ങിയെത്തിയപ്പോൾ മധുവിനെ വീണ്ടും വിളിച്ചു. 2019 വരെ തുടർന്ന മധു ഭോപ്പാലിൽ പരിശീലകനായി രണ്ടാം ഊഴം പൂർത്തിയാക്കി. ഹൈദരാബാദിലേക്കു മടങ്ങിയ മധു 2025 ൽ കണ്ണൂരിൽ താമസമാക്കി.
തന്റെ ശിഷ്യർ മെഡൽ നേടുമെന്നു പ്രതീക്ഷിക്കുമ്പോഴും മധുവിന് താൻ പ്രതീക്ഷിച്ചതുപോലൊരു സെയിലിങ് ക്ലബ് കണ്ണൂരിൽ തുടങ്ങാൻ കഴിയാതെ പോയതിൽ വിഷമമുണ്ട്. പക്ഷേ, മധു പ്രതീക്ഷ കൈവിട്ടിട്ടില്ല. ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് സംസ്ഥാന സ്പോർട്സ് മന്ത്രിയെ സമീപിക്കാൻ കാത്തിരിക്കുന്നു.
Content Highlights: Former national sailing champion V. Madhu has settled in Kannur with dreams of starting a local sailing club