മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്; 82-ല്‍ താഴാതെ നീരജിന്റെ ജാവലിനേറുകള്‍

Photo: AP
Photo: AP

ഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ കായിക രംഗം നീരജ് ചോപ്രയുടെ നേട്ടങ്ങളെ മതിമറന്ന് ആഘോഷിക്കുകയാണ്. ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്‌സിലും ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞ താരം ഇപ്പോള്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി മറ്റൊരു ചരിത്രം രചിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ കേട്ടുകേള്‍വിയില്ലാത്ത സ്ഥിരതയാണ് നീരജിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ദേശീയ ഗെയിംസിലും മറ്റും മികച്ച പ്രകടനം പുറത്തെടുക്കുന്ന അത്‌ലറ്റുകള്‍ പക്ഷേ ഇന്ത്യയ്ക്ക് പുറത്തുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ വല്ലാതെ പുറകിലേക്ക് പോകുന്നതിന് നമ്മള്‍ എത്രയോ തവണ സാക്ഷിയായിട്ടുണ്ട്. അക്കങ്ങള്‍ നിരത്തി ഇതിഹാസ താരങ്ങളെ നിര്‍വചിക്കാന്‍ സാധിക്കില്ലെന്ന് പറയാറുണ്ട്. എന്നാല്‍ അക്കങ്ങള്‍കൊണ്ടേ നീരജിനെ നമുക്ക് നിര്‍വചിക്കാനാകൂ. തന്റെ ഒരു പ്രകടനത്തിലും തൃപ്തനാകാതെ വീണ്ടും വീണ്ടും മെച്ചപ്പെടാനുള്ള ശ്രമമാണ് ഈ 25-കാരന്‍ പുറത്തെടുക്കുന്നത്. സ്ഥിരമായി 80 മീറ്ററിന് മുകളില്‍ എറിയുന്നു എന്നത് തന്നെയാണ് നീരജിന്റെ സ്ഥിരതയുടെ ഉദാഹരണം.

രണ്ട് വര്‍ഷം മുമ്പ് ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം എറിഞ്ഞിട്ട നീരജിന്റെ 87.58 മീറ്റര്‍ ദൂരം എന്നത് അദ്ദേഹത്തിന്റെ മികച്ച 10 ത്രോകളില്‍ പോലും ഉള്‍പ്പെടുന്നതല്ല എന്നതാണ് സത്യം.

നീരജിന്റെ 10 മികച്ച ത്രോകളില്‍ എട്ടെണ്ണവും പിറന്നത് ടോക്യോ ഒളിമ്പിക്‌സിന് ശേഷമാണ്. സ്റ്റോക്ക്‌ഹോമിലെ ഡയമണ്ട് ലീഗില്‍ എറിഞ്ഞ 89.94 ആണ് ഇതില്‍ ഏറ്റവും മികച്ച പ്രകടനം. 88.13 മീറ്ററാണ് ഏറ്റവും കുറഞ്ഞ ദൂരം. കരിയറില്‍ ഇതിനോടകം തന്നെ 88 മീറ്ററിന് മുകളില്‍ 10 തവണ നീരജ് ജാവലിന്‍ പറത്തിയിട്ടുണ്ട്. 85 മീറ്റര്‍ കടന്ന 26 ത്രോകളും 82 മീറ്റര്‍ പിന്നിട്ട 37 ത്രോകളുമുണ്ട്.

നീരജ് പുലര്‍ത്തുന്ന സ്ഥിരത ഈ കണക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്. പ്രതീക്ഷ നല്‍കിയ ശേഷം ആഗോള വേദികളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോകുന്ന താരങ്ങള്‍ക്കിടയില്‍ നീരജിനെ വ്യത്യസ്തനാക്കുന്നത് പ്രകടനങ്ങളില്‍ പുലര്‍ത്തുന്ന ഈ സ്ഥിരതയാണ്. ഏതെങ്കിലും ഒരു മത്സരത്തില്‍ നീരജ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കാതെ പോയത് അഞ്ച് വര്‍ഷം മുമ്പാണ്.

മഴയായാലും വെയിലായാലും ഇനി പരിക്കുണ്ടെങ്കിലും വിജയത്തിലേക്ക് ജാവലിന്‍ പായിക്കുക എങ്ങനെയെന്ന് നീരജിനറിയാം. ദോഹ ഡയമണ്ട് ലീഗില്‍ 88.67 മീറ്റര്‍ എറിഞ്ഞാണ് ഈ വര്‍ഷത്തിന് നീരജ് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ മികച്ച അഞ്ചാമത്തെ ത്രോ കൂടിയായിരുന്നു ഇത്. 100 ശതമാനം കായികക്ഷമത കൈവരിക്കാതിരുന്നപ്പോള്‍ കൂടി ലൊസാന്‍ ഡയമണ്ട് ലീഗില്‍ 87.66 മീറ്റര്‍ കണ്ടെത്താന്‍ നീരജിനായി. ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നീരജ് എറിഞ്ഞ ഒരു ഈസി ത്രോ താണ്ടിയത് 88.7 മീറ്ററായിരുന്നു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച നാലാമത്തെ ത്രോ കൂടിയായിരുന്നു ഇത്.

സാങ്കേതിക മികവാണ് നീരജിന്റെ മികച്ച ത്രോകള്‍ക്ക് പിന്നില്‍. നീരജിന്റെ പരിശീലകന്‍ ക്ലോസ് ബാര്‍ട്ടോണിയറ്റ്‌സ് തന്നെ മുമ്പ് എടുത്ത് പറഞ്ഞിട്ടുണ്ട്. ലോക റെക്കോഡുകാരനായ ഉവെ ഹോഹ്ന, വെര്‍ണര്‍ ഡാനിയല്‍സ്, ഗാരി കാല്‍വേര്‍ട്ട്, ക്ലൗസ് ബര്‍ട്ടോനിയെറ്റ്‌സ് എന്നിവരുടെ കീഴിലെ പരിശീലനം ഈ സ്ഥിരതയ്ക്ക് പിന്നിലെ ചാലക ശക്തിയാണ്. ഇതില്‍ ഉവെ ഹോഹ്ന 100 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ച താരമാണ്.

ഇനി 90 മീറ്ററിന് മുകളില്‍ എറിയാനുള്ള കഠിനപ്രയത്‌നത്തിലാണ് നീരജ്. പതിനാല് മാസം മുന്‍പ് സ്റ്റോക്ക്ഹോമില്‍ 0.06 മീറ്ററകലത്തില്‍ ആ ദൂരം ഒരിക്കല്‍ വഴുതിപ്പോയതാണ്. ബുഡാപ്പെസ്റ്റില്‍ ചരിത്രമെഴുതുമ്പോഴും ആ മാന്ത്രികദൂരം ഒരിക്കല്‍ കൂടി കൈയില്‍ നിന്നും വഴുതിമാറി. ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്‌സും കുറച്ചകലെ നില്‍ക്കേ ആ സ്വപ്‌നദൂരം ലക്ഷ്യംവെച്ച് ജാവലിന്‍ പായിക്കാനൊരുങ്ങുകയാണ് നീരജ്.

Content Highlights: unbelievable consistency behind Neeraj Chopra s success