അന്ന് 150 രൂപയ്ക്ക് ചുടുകട്ട ചുമന്നു, ഇന്ന് 140 കോടി ജനങ്ങൾക്ക് അഭിമാനം

#സ്പോർട്സ് ഡെസ്ക്

ഗ്ലാസ്‌ഗോ: ഇന്ന് നൂറ്റിനാൽപത് കോടി ജനങ്ങളുടെ പ്രതീക്ഷകൾ പേറി അഭിമാനതാരമാണ് ഭാരോദ്വാഹകൻ

ഋഷികാന്ത സിങ്. അതായിരുന്നില്ല ഏതാനും മുൻപത്തെ കഥ. അന്ന് കഷ്ടിച്ച് 150 രൂപ തികച്ച് കീശയിലെത്താൻ വൈകീട്ട് വരെ ചുടുകട്ടയും കല്ലും പേറുകയായിരുന്നു. രാവന്തിയോളം ഹോട്ടലിൽ നിലംതുടയ്ക്കുകയായിരന്നു. മണിപ്പൂർ സ്വദേശിയായ ഋഷികാന്തയ്ക്ക് കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹന വെള്ളി മെഡലിലേയ്ക്കുള്ള ദൂരം പൂവിരിച്ചതായിരുന്നില്ല. അവസരങ്ങളുടെ വാതിൽ മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ട് കെട്ടിടനിർമാണ തൊഴിലാളിയായി ജീവിതം ഒതുങ്ങിപ്പോവുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നയാളായിരുന്നു ഈ ഇരുപത്തിയെട്ടുകാരൻ.

2017ൽ ദേശീയ യൂത്ത് ചാമ്പ്യനായിരുന്നു. കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ വെങ്കലം നേടി ചരിത്രമുണ്ട്. ഇന്ത്യൻ ഭാരോദ്വഹനത്തിന്റെ ഭാവി വാഗ്ദാനമെന്ന് വാഴ്ത്തപ്പെട്ടിരുന്നു ഒരു കാലത്ത്. പക്ഷേ, ആ വഴിവിളക്കുകളെല്ലാം അണഞ്ഞുപോയത് ക്ഷണനേരം കൊണ്ടാണ്. നിയമങ്ങളും നിബന്ധനകളും അറിയാത്തതുകൊണ്ട്, പറഞ്ഞുകൊടുക്കാൻ ആളില്ലാത്തതുകൊണ്ട് പെട്ടന്നൊരുനാൾ പെരുവഴിയിലായ ആളാണ് ഋഷികാന്ത.

മത്സരങ്ങൾക്ക് പോകാൻ കൈയിൽ പണമൊന്നുമില്ലാതായി. സഹായിക്കാൻ ജീപ്പ് ഡ്രൈവറായ അച്ഛനും കഴിഞ്ഞില്ല. വഴി പറഞ്ഞുകൊടുക്കാനും ആരുമുണ്ടായില്ല. സ്‌പോൺസർമാരെ കണ്ടെത്താനും കഴിയാതായതോടെ ഭാരോദ്വഹനത്തോട് വിടപറയാതെ വേറെ വഴിയില്ലെന്നായി ഋഷികാന്തയ്ക്ക്. സ്വപ്‌നങ്ങളെല്ലാം അസ്തമിച്ചു. ഭാരോദ്വാഹകരുമായുള്ള സകല ബന്ധവും വിച്‌ഛേദിച്ചു. അങ്ങനെയാണ് ഇംഫാലിലും പരിസരപ്രദേശങ്ങളിലും കെട്ടിടനിർമാണ ജോലികൾക്ക് പോയി തുടങ്ങിയത്. തലയിൽ ചുടുകട്ടയും സിമന്റും കെട്ടിടനിർമാണ സാമഗ്രികളുമേറ്റി. ഇടയ്ക്ക് ട്രാക്കുകാരുടെ ഇടത്തവാളങ്ങളായ ധാബകളിൽ സഹായിയായി.

ചെറുപ്പകാലത്ത് ഭാരോദ്വഹനത്തെക്കുറിച്ച് കേട്ടറിവുപോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം മണിപ്പൂരുകാരെയും പോലെ ഫുട്‌ബോളറാവുകയായിരുന്നു ചെറുപ്പത്തിൽ ലക്ഷ്യം. പന്ത്രണ്ടാം വയസ്സിൽ സ്‌പോർട്‌സ് അധ്യാപകനാണ് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലന പരിപാടികൾ പരിചയപ്പെടുത്തുന്നത്. മാർഗനിർദേശത്തിനോ സഹായിക്കാനോ ഒന്നും ആരുമുണ്ടായിരുന്നില്ല. എന്നിട്ടും സെലക്ഷൻ കിട്ടി. ബോക്‌സിങ്, ഫുട്‌ബോൾ, ഭാരോദ്വഹനം എന്നിവയിലായിരുന്നു പരിശീലനം. പിന്നീടാണ് ഭാരോദ്വഹനത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത്.

മണിപ്പൂരിൽ അക്കാലത്ത് വനിതകളുടെ ഭാരോദ്വഹനത്തിനായിരുന്നു പ്രാധാന്യം. പുരുഷ ഭാരോദ്വാഹകർക്ക് അവഗണയായിരുന്നു എങ്ങും. സ്വന്തം ശരീരഭാരത്തേക്കാൾ കൂടിയ ഭാരവിഭാഗങ്ങളിൽ മത്സരിക്കാൻ വിധിക്കപ്പെട്ടു. പരാതിപ്പെട്ടാൽ, മത്സരിക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യമല്ലേ എന്ന മറുചോദ്യമായിരുന്നു പതിവ്. ഈ അവഗണനകളും വെല്ലുവിളികളുമെല്ലാം ഉണ്ടായിട്ടും 2016ൽ ഋഷികാന്ത ദേശീയ ജൂനിയർ ചാമ്പ്യനായി. അങ്ങനെ കോമൺവെൽത്ത് യൂത്ത് ഗെയിംസിലേയ്ക്ക് തിരിഞ്ഞെടുക്കപ്പെട്ടു. അവിടെയും വെങ്കലം നേടി.

എന്നാൽ, മത്സരം കഴിഞ്ഞ് തിരിച്ചെത്തിയ ഋഷികാന്തയെ കാത്തിരുന്നത് തിരിച്ചടിയാണ്. പ്രായം കൂടുതലായി എന്ന കാരണത്താൽ ഇംഫാലിലെ സായി പരിശീലനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം ഋഷികാന്തയ്ക്ക് ആരും പറഞ്ഞുകൊടുത്തില്ല. സായി കൈയൊഴിഞ്ഞതോടെയാണ് സ്വപ്‌നത്തിന്റെ വഴിയടഞ്ഞത്. പരിശീലനത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. മൂത്ത മകന്റെ കായികകരിയറിന് പണം ചെലവിട്ടാൽ ഇളയവന്റെ പഠനം അവതാളത്തിലാവും. അതോടെ ആ കടുത്ത തീരുമാനമെടുത്തു. ഭാരോദ്വഹനത്തോട് വിട പറയുക. മെഡലുകൾ തേടിപ്പോകുന്നതിന് പകരം അയാൾ അങ്ങനെ ജോലികൾ തേടിപ്പോയി. നിർമാണപ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പോയി ചുടുകട്ടകളും കല്ലും സിമന്റും ചുമന്നു. ധാബകളിൽ നിലംതുടച്ചു. ഇതെല്ലാം ചെയ്താലും ഒരു ദിവസം കഷ്ടിച്ച് 150-200 രൂപ കിട്ടിയാലായി. പലപ്പോഴും പണം തികയാതെ ഭക്ഷണം പോലും കഴിക്കാതിരുന്നു.

ഏതാണ്ട് ഒരു വർഷത്തോളം ജീവിതം ഇങ്ങനെ തട്ടിത്തടഞ്ഞു നീങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം ഫോണിൽ ഒരു കോൾ വന്നു. കൂലിപ്പണിക്കായിരിക്കുമെന്ന് കരുതിയാണ് എടുത്തത്. സംസ്ഥാന ഭാരോദ്വഹന ഫെഡറേഷൻ സെക്രട്ടിയായിരുന്നു ലൈനിൽ. ഋഷികാന്ത ഭാരോദ്വഹനം നിർത്തിയെന്ന് കേട്ടപ്പോൾ സെക്രട്ടറി സുനിൽ ഞെട്ടി. അങ്ങനെയാണ് ഇംഫാലിൽ തുടങ്ങിയ സെന്റർ ഓഫ് എക്‌സലൻസിൽ പ്രവേശനം ലഭിക്കുന്നത്. ഇതായിരുന്നു വഴിത്തിരിവ്. പരിശീലനവും ഭക്ഷണവുമെല്ലാം വീണ്ടും ട്രാക്കിലായി. 55 കിലോഗ്രാം വിഭാഗത്തിൽ സീനയർ ചാമ്പ്യനായിട്ടായിരുന്നു തിരിച്ചുവരവ്. ഈ പ്രകടനത്തിന്റെ ബലത്തിൽ നേവിയിൽ ജോലിയും തരപ്പെട്ടു. ഇതോടെ സാമ്പത്തിക പരാധീനതയ്ക്ക് പരിഹാരമായി. പീന്നീട് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 2022 ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.

കൈക്കുഴയ്‌ക്കേറ്റ പരിക്ക് മൂലം 2022ലെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനായില്ല. എന്നാൽ, അഹമ്മദാബാദിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ 271 കിലോഗ്രാം ഉയർത്തി സ്വർണത്തോടെ ഫിനിഷ് ചെയ്തു.

കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ദേശീയ റെക്കോഡ് ഭേദിക്കാൻ ഋഷികാന്തയ്ക്കായി. ഗ്ലാസ്‌ഗോയിൽ ഈ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് ഋഷികാന്ത. അറുപത് കിലോഗ്രാം വിഭാഗത്തിൽ ക്ലീൻ ആൻഡ് ജർക്കിലും സ്‌നാച്ചിലുമായി ആകെ 264 കിലോ ഉയർത്തിയാണ് ഗെയിംസ് റെക്കോഡ് ഭേദിച്ച് ദേശീയ റെക്കോഡ് ഭേദിച്ച് ഋഷികാന്ത വെള്ളി നേടിയത്.

Content Highlights: Overcame extreme poverty and worked as a construction laborer to support his family., Faced significant setbacks due to lack of guidance and administrative hurdles., Made a stunning comeback to professional weightlifting after a career hiatus., Secured a Commonwealth silver medal and set new national records., Currently serves in the Navy, transforming his career through discipline and perseverance.