ഇനി മാറ്റിനിര്‍ത്തുന്നതെങ്ങിനെ? സംശയങ്ങള്‍ക്കെല്ലാം ബാറ്റു കൊണ്ട് മറുപടി നല്‍കി പന്ത്

Photo by Bradley Kanaris|Getty Images
Photo by Bradley Kanaris|Getty Images

ഒരു ട്വന്റി 20 മത്സരത്തിന്റെ അപ്രവചനീയതയുണ്ടായിരുന്നു ഗാബയിലെ ഇന്ത്യ - ഓസ്‌ട്രേലിയ അവസാന ടെസ്റ്റിന്റെ അവസാന ദിനത്തിന്. ഒരു ദിവസവും 10 വിക്കറ്റും ബാക്കിനില്‍ക്കേ ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത് 328 റണ്‍സെന്ന വിജയലക്ഷ്യമായിരുന്നു.

അവസാന ദിനം പന്ത് ഏത് വിധത്തില്‍ ബാറ്റിങ് ക്രീസിലേക്ക് എത്തുമെന്ന് അറിയാത്ത ഗാബയിലെ പിച്ചില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് എത്രപേര്‍ കരുതിക്കാണും. എന്നാല്‍ 18 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റിന് ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ അവിടെ തകര്‍ന്നു വീണത് 32 വര്‍ഷക്കാലമായി ഓസീസ് ഗാബയില്‍ സൂക്ഷിച്ച റെക്കോഡായിരുന്നു.

വിരാട് കോലിയില്ലാത്ത ടീമിന് പരമ്പരയില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മറുപടി നല്‍കിയത് ഇന്ത്യന്‍ യുവനിരയായിരുന്നു. എന്നാല്‍ ഗാബയില്‍ അവസാന സെഷനില്‍ വിജയത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനു പിന്നില്‍ ഒരേയൊരാള്‍ മാത്രമായിരുന്നു ഋഷഭ് പന്ത്.

ഓസീസ് മണ്ണിലെ മികച്ച ഫോം തുടര്‍ന്ന പന്ത് ഒരിക്കല്‍ കൂടി തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു. 138 പന്തുകളില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സുമടക്കം 89 റണ്‍സുമായി പുറത്താകാതെ നിന്ന പന്ത് തന്നെയാണ് 18 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്. 

ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ശുഭ്മാന്‍ ഗില്ലിനെയോ നിലയുറപ്പിച്ച് ഓസീസിനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച പൂജാരയേയോ മറക്കുന്നില്ല. പക്ഷേ ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും പതറാതെ വിജയത്തിനായി പോരാടാന്‍ പന്ത് കാണിച്ച ധൈര്യത്തിന് കൈയടിക്കാതിരിക്കുന്നതെങ്ങിനെ.

അതിനാല്‍ തന്നെയാണ് പന്ത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 68.5 ശരാശരിയില്‍ രണ്ട് അര്‍ധ സെഞ്ചുറികളടക്കം 274 റണ്‍സാണ് പന്തിന്റെ സമ്പാദ്യം.

അക്കൂട്ടത്തിലെ രണ്ട് അര്‍ധ സെഞ്ചുറികളും പിറന്നത് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണെന്ന പ്രത്യേകതയും ഉണ്ട്. 

സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് പന്തിന്റെ ആദ്യ അര്‍ധ സെഞ്ചുറി പിറക്കുന്നത്. അന്ന് 118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുമടക്കം 97 റണ്‍സെടുത്ത പന്ത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു.

അന്ന് സിഡ്‌നിയില്‍ സാധിക്കാത്തത് ഗാബയില്‍ പന്ത് സാധ്യമാക്കി. അതും പരിചയസമ്പന്നനായ ഒരു താരത്തിന്റെ കൈയടക്കമുള്ള ഇന്നിങ്‌സിലൂടെ. പന്തോ സാഹയോ എന്ന് സംശയിച്ചവരോട് തന്നെ ഇനി ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്ന പ്രഖ്യാപനത്തോടെയാണ് പന്ത് ഗാബയിലെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്. 

Content Highlights: Rishabh Pant is a match winner and he has shown that once again

Content Highlights: