സെഞ്ചുറികളുടെ ജയറാം വിടവാങ്ങുമ്പോള്‍...

രഞ്ജി ട്രോഫിയില്‍ രോഹന് കുന്നുമ്മല്‍ കേരളത്തിനായി തുടര്‍ച്ചയായി മൂന്ന് ഇന്നിങ്സുകളില്‍ സെഞ്ചുറി നേടി റെക്കോഡിട്ട സമയം. അന്ന് സ്റ്റാര്‍ സ്പോര്‍ട്സിന്റെ സ്ക്രീനില്‍ ഒരു കണക്ക് തെളിഞ്ഞു. തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിയവരുടെ പട്ടിക. അന്ന് ആ പട്ടികയില്‍ രണ്ടാമത്തെ പേര് കെ. ജയറാം എന്നായിരുന്നു. ജയറാമിന് തുടരെ മൂന്ന് മത്സരങ്ങളിലായിരുന്നു സെഞ്ചുറികള്‍. അതുമാത്രമല്ല, ഒരു ഒരു സീസണില്‍ നാല് സെഞ്ചുറി നേടുന്ന കേരള താരമെന്ന റെക്കോഡ് ഇപ്പോഴും ജയറാമിന്റെ പേരിലുണ്ട്. ജയറാം തന്റെ ജീവിതം മാതൃഭൂമി സ്പോര്‍ട്സ് മാസികയിലൂടെ പറഞ്ഞപ്പോള്‍.
ക്രിക്കറ്റിന്റെ തുടക്കം
എറണാകുളം ചിറ്റൂര്‍ റോഡിലായിരുന്നു അച്ഛന് എ ഗോപാലമേനോന്റെ വീട്. അദ്ദേഹം ടെന്നീസൊക്കെ കളിക്കുമായിരുന്നു. അമ്മ കാമാക്ഷിയമ്മ. ഞങ്ങള്‍ മൂന്ന് പേരായിരുന്നു. ഞാനാണ് ഏറ്റവും ഇളയത്. മൂത്ത ചേട്ടന് വേണുഗോപാല്‍. അദ്ദേഹം ക്രിക്കറ്റ് കളിക്കും. ബാലന് പണ്ഡിറ്റിന്റെ ശിഷ്യനായിരുന്നു. രണ്ടാമത്തെ ചേട്ടന് രവീന്ദ്രനും കളിക്കും. സ്വാന്റണ്‍സിന്റെ താരമായിരുന്നു.
എനിക്കും ചെറുപ്പം തൊട്ടേ ക്രിക്കറ്റ് ഇഷ്ടമായിരുന്നു. ടെന്നീസ് പന്തിലും റബ്ബര്‍ പന്ത് കൊണ്ടും കളിച്ചുത്തുടങ്ങി. മഹാരാജാസ് കോളേജിനോട് ചേര്‍ന്നായിരുന്നു വീട്. അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളില്‍ അവിടെ കളിക്കും. അക്കാലത്താണ് എറണാകുളത്ത് സ്വാന്റണ്‍സ് ക്ലബ്ബ് തുടങ്ങുന്നത്. അളിയന് കൃഷ്ണന് കുട്ടി അടക്കമുളളവരായിരുന്നു അതിന്റെ സ്ഥാപകര്‍. ക്ലബ്ബിന്റെ പരിശീലനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലായിരുന്നു. എന്നും അവിടെ പരിശീലനം കാണാന്‍ പോകും. അമ്പലത്തിലേക്ക് പോകുക എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങുക. അവിടെയെത്തിയാല്‍ പന്ത് പെറുക്കലായിരുന്നു പണി. അവരുടെ കളി തീരാന്‍ സമയം കുറച്ച് നേരം ബാറ്റ് ചെയ്യാനും ബൗളും ചെയ്യാനും അവസരം തരും. എല്ലാ ഞായറാഴ്ചയും സാന്റ്വണ്സും തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ കളിക്കുമായിരുന്നു. അതും കാണാന്‍ പോകും. മത്സരത്തിന്റെ സ്കോര്‍ എഴുതലായിരുന്നു ആദ്യത്തെ പരിപാടി. ഇടയ്ക്ക് ആളില്ലെങ്കില്‍ കളിപ്പിക്കും.
സ്കൂള്‍ ടീം വഴി കേരള ടീമിലേക്ക്
1968-ലായിരുന്നു കേരള സ്കൂള്‍സ് ടീം സെലക്ഷന്. തൃപ്പൂണിത്തുറ വെച്ച് നടന്ന മത്സരങ്ങളില്‍ സെന്‍ട്രല്‍ സോണ്‍ ടീമില്‍ സെലക്ഷന് കിട്ടി. സോണല്‍ മത്സരത്തില്‍ ജെ.കെ. മഹേന്ദ്രയുടെ വിക്കറ്റെടുത്തു. ജെ.കെ. നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായിരുന്നു. അന്ന് ജെ.കെ ഇന്ത്യന്‍ സ്കൂള്‍ ടീമിനായി ഇംഗ്ലണ്ടിലൊക്കെ കളിച്ചുവന്ന സമയമാണ്. രഞ്ജി ടീമിലും കളിക്കുന്നുണ്ട്. വിക്കറ്റ് കിട്ടിയെങ്കിലും കളി നോര്‍ത്ത് സോണ്‍ ജയിച്ചു. സോണല്‍ മത്സരങ്ങളിലെ പ്രകടനം സംസ്ഥാന സ്കൂള്‍ ടീമിലെത്തിച്ചു. എന്നാല്‍, നമ്മള് വലിയ പ്രകടനമൊന്നും കാഴ്ചവെച്ചില്ല. മൈസൂരിനോട് തോറ്റു.
അക്കാലത്ത് സ്കൂള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് വേറെ ഏജ് കാറ്റഗറി ടൂര്‍ണമെന്റ് ഒന്നുമുണ്ടായിരുന്നില്ല. അണ്ടര്‍-25 മാത്രം. പക്ഷെ ആ വര്‍ഷം ആദ്യമായി അണ്ടര്‍-22 ടൂര്‍ണമെന്റ് തുടങ്ങി. സൗത്ത് സോണില്‍ മോശമല്ലാതെ കളിച്ചു. അണ്ടര്‍- 22 കേരള ടീമിനായി അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങി സെഞ്ചുറിയടിച്ചു. അതേവര്‍ഷം അണ്ടര്‍-25 ടൂര്‍ണമെന്റില്‍ ഫിഫ്റ്റിയുമടിച്ചു. അതോടെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്കി.
രഞ്ജി ടീമിലേക്ക്
1973-74 സീസണില്‍ രഞ്ജി ടീമിലെടുത്തു. ഒരു പ്രോത്സാഹനം പോലെയായിരുന്നു ടീമിലേക്കുള്ള വിളി. 17 വയസ്സായിരുന്നു പ്രായം. അന്ന് മറ്റൊരു നിയമമുണ്ട്. രഞ്ജി കളിച്ചാല്‍ പിന്നെ ജൂനിയര്‍ ടീമില്‍ കളിക്കാനാവില്ല. അതുകൊണ്ട് രഞ്ജി ടീമിലെ ആദ്യ ഇലവനില്‍ അവസരം കിട്ടിയില്ല. ടീമിന്റെ കൂടെ കൊണ്ടുപോകും. ഒപ്പം അണ്ടര്‍-22 അടക്കമുള്ള മറ്റുടീമുകളിലും കളിക്കും. മൂന്ന് കൊല്ലം അണ്ടര്‍-22 സൗത്ത് സോണ്‍ ടീമില്‍ കളിച്ചു. ഒരു വര്‍ഷം വൈസ് ക്യാപ്റ്റനായിരുന്നു. ആ വര്‍ഷം സൗത്ത് സോണ്‍ ചാമ്പ്യന്മാരായി.
1977-78 സീസണിലായിരുന്നു രഞ്ജി അരങ്ങേറ്റം. കേരളം, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഹൈദരാബാദ് എന്നിവരായിരുന്നു സോണില്‍. ആദ്യത്തെ
രണ്ട് മത്സരങ്ങളിലും കേരളം മോശം പ്രകടനം കാഴ്ചവെച്ചു. അതോടെ എനിക്ക് അവസരം കിട്ടി. കൊല്ലത്ത് വെച്ചായിരുന്നു അരങ്ങേറ്റം. ഹൈദരാബാദിനെതിരേ. ആദ്യ ഇന്നിങ്സില്‍ 26 റണ്‍സെടുത്തു. രണ്ടാമത്തെ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായി. രണ്ട് തവണയും ശിവലാല്‍ യാദവിനായിരുന്നു വിക്കറ്റ്. അദ്ദേഹത്തിന്റെയും അരങ്ങേറ്റ മത്സരമായിരുന്നു. അടുത്ത മത്സരം ആന്ധ്രയ്ക്കെതിരേയായിരുന്നു. 49 റണ്‍സെടുത്തു. അരങ്ങേറിയത് മുതല്‍ 1982 വരെ തുടര്‍ച്ചയായി കളിച്ചു. നാലഞ്ച് സീസണുകളിലായി രണ്ട് ഫിഫ്റ്റി മാത്രമേ അടിച്ചുള്ളൂ.
ക്യാപ്റ്റന്‍സി
1981-82, 82-83 സീസണില്‍ ക്യാപ്റ്റന്റെ റോളിലെത്തി. 1982-83ല്‍ വളരെ മോശം പ്രകടനമായിരുന്നു. അന്ന് പ്രാക്ടീസ് ചെയ്യാന്‍ പോലും സൗകര്യമുണ്ടായില്ല. കെ.സി. അബ്ദുള്ള മാസ്റ്ററായിരുന്നു അന്നത്തെ കെ.സി.എ. സെക്രട്ടറി. സീസണ് ശേഷം എന്നെയും മാനേജറായിരുന്ന എസ്. കരുണാകരന് നായരെയും സെന്‍ട്രല്‍ കൗണ്‍സില്‍ മീറ്റിങ്ങിന് ക്ഷണിച്ചു. മോശം പ്രകടനത്തിന്റെ കാരണം ചോദിച്ചു.
ടൂര്‍ണമെന്റില്‍ ആന്ധ്രയ്ക്കെതിരായ മത്സരത്തിന്റെ തലേന്ന് മാറ്റില്‍ പരിശീലനം നടത്തി. ഗ്രൗണ്ടിലാണെങ്കില്‍ ടര്‍ഫ് പിച്ചും. ഇങ്ങനെയൊരിക്കലും ഉണ്ടാവാറില്ല. ഏതാണോ പിച്ച് അത് തന്നെയാണ് പരിശീലനത്തിനും അനുവദിക്കുക. അതുപോലെ തിരുവനന്തപുരത്തെ പിച്ചുകളും മോശമായിരുന്നു. അതൊക്കെ പ്രകടനം മോശമാകാന്‍ കാരണമായി എന്ന് മറുപടി കൊടുത്തു. അതിന്റെ പിറ്റേദിവസം 'മാതൃഭൂമി'യില്‍ ഒരു ലേഖനം വന്നു. കെ.സി.എയെ വിമര്‍ശിച്ചായിരുന്നു ലേഖനം. അത് ഗോദവര്‍മ രാജ വായിച്ചു. ആ ലേഖനം ഞാന്‍ വരുത്തിയതാണെന്ന് പറഞ്ഞ് അതിനും വിശദീകരണം ചോദിച്ചു. 1983-84 സീസണില്‍ മോശം സമയമായിരുന്നു. പൂജ ടൂര്‍ണമെന്റിനിടെ മൂക്കിന് ചെറിയ പരിക്ക് പറ്റി. അതോടെ സോണല്‍ മത്സരം കളിക്കാന്‍ പറ്റിയില്ല. ഈ കാരണം പറഞ്ഞ് അന്ന് എന്നെ രഞ്ജി ക്യാമ്പില്‍ പോലും ഉള്‍പ്പെടുത്തിയില്ല. നേരത്തെ വന്ന ലേഖനത്തിന്റെ ഇംപാക്ടായിരുന്നു അത്.
സെഞ്ചുറികളുടെ കാലം
1984-85 സീസണില്‍ തിരിച്ചുവന്നു. മോശമല്ലാത്ത പ്രകടനവും കാഴ്ചവെച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷമായിരുന്നു കരിയറിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് അഞ്ച് മത്സരമായിരുന്നു. ഏഴ് ഇന്നിങ്സ് കിട്ടി. ആദ്യ മത്സരം ഗോവയ്ക്കെതിരേ 125*, ഹൈദരാബാദിനെതിരേ രണ്ടാം മത്സരത്തിലും സെഞ്ചുറി. ആദ്യ ഇന്നിങ്സില്‍ 133, രണ്ടാമിന്നിങ്സില്‍ 58 റണ്‍സുമടിച്ചു. മൂന്നാം മത്സരത്തില്‍ ആന്ധ്രയ്ക്കെതിരേ വീണ്ടും സെഞ്ചുറി (104) അടിച്ചു. തമിഴ്നാടിനെതിരേ നന്നായി തുടങ്ങിയെങ്കിലും റണ്ണൗട്ടായി 31, 35 റണ്‍സ് മാത്രമായിരുന്നു സ്കോര്‍. കര്ണാടയ്ക്കെതിരേ വീണ്ടും സെഞ്ചുറി (105) നേടി. ഒരു സീസണില്‍ നാല് സെഞ്ചുറി.
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന കേരള താരമായി. 2012-13 പിന്നീട് വി.എ. ജഗദീഷും റെക്കോഡിനൊപ്പമെത്തി. ആ സീസണില്‍ ഒരു മത്സരത്തില്‍ പോലും തോറ്റില്ല. എല്ലാ മത്സരങ്ങളും സമനിലായി. പക്ഷെ നമുക്ക് നേരിയ വ്യത്യാസത്തില്‍ ക്വാളിഫയിങ് മിസ്സായി. അടുത്ത സീസണില്‍ മോശം പ്രകടനം ആയി. ടീമില്‍ നിന്ന് പുറത്തായി. 1992ല്‍ വിരമിച്ചു.
എം.സി.സി ഇലവന്
1982-ല്‍ അപൂര്‍വ ഭാഗ്യം ലഭിച്ചു. കേരള ചീഫ് മിനിസ്റ്റേഴ്സ് ഇലവനും ഇംഗ്ലണ്ട് ഇലവനും തമ്മിലുള്ള മത്സരം. കെ. കരുണാകരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. കീത്ത് ഫ്ളെച്ചറായിരുന്നു എം.സി.സി. ക്യാപ്റ്റന്‍. എം.സി.സി. ടീം ശ്രീലങ്കയില്‍ നിന്ന് പര്യടനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തി. അവിടെ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരം. ജെഫ് ബോയ്ക്കോട്ട്, ബോബ് വില്ലീസ് എന്നിവരൊക്കെ ഉണ്ടായിരുന്നു എം.സി.സി. ടീമില്‍. കപില്‍ദേവ്, ഗാവസ്കര്‍, മൊഹീന്ദര്‍ അമര്‍നാഥ് അടക്കമുള്ള താരങ്ങള്‍ ചീഫ് മിനിസ്റ്റേഴ്സ് ടീമിലും ഉള്‍പ്പെട്ടു. രവി ശാസ്ത്രിയും ടീമിനൊപ്പമുണ്ട്.
ചീഫ് മിനിസ്റ്റേഴ്സ് ഇലവനില്‍ പ്രാദേശിക താരങ്ങള്‍ എന്ന നിലയില്‍ എന്നെയും രഞ്ജിത് തോമസിനെയും ഉള്‍പ്പെടുത്തി. എന്നാല്‍, എന്നെ അറിയിച്ചില്ല. ഞാന്‍ ചെന്നൈയിലായിരുന്നു. സുനില്‍ വത്സന് ടീമിലുണ്ടായിരുന്നു. മത്സരത്തിന്റെ തലേദിവസം അദ്ദേഹം എന്നെ വിളിച്ചു വരുന്നില്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാന്‍ ടീമിലുള്ള കാര്യം അറിയുന്നത്. ഞാന്‍ വീട്ടിലേക്ക് വിളിച്ചു. അവിടേക്ക് കത്തൊന്നും വന്നിട്ടില്ല. കെ.സി.എ.യില്‍ വിളിച്ചപ്പോള്‍ നിങ്ങളെ ഫോണില്‍ കിട്ടിയില്ലെന്ന് പറഞ്ഞു. പിറ്റേന്ന് ഞാന്‍ എത്തിക്കോളാം എന്നും അവരെ അറിയിച്ചു.
മത്സരത്തിന്റെ അന്ന് രാവിലെ ഗാവസ്കര്‍ ഒരു പ്രാദേശിക താരത്തെ കളിപ്പിക്കാം എന്ന് തീരുമാനിച്ചു. ആ തീരുമാനത്തില്‍ ഞാന്‍ ടീമിലെത്തി. 13 റണ്‍സുമായി പുറത്താകാതെ നിന്നു. ഗാവസകറായിരുന്നു അപ്പുറത്ത്. പിന്നീടൊരിക്കല്‍ ഗാവസ്കറെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞു. കോഴിക്കോടും കപില്‍ ദേവ് ഇലവനും ഗാവസ്കര്‍ ഇലവനും തമ്മില്‍ മത്സരമുണ്ടായിരുന്നു. അതില്‍ കപില്‍ ഇലവനിലായിരുന്നു. ബാറ്റ് ചെയ്യേണ്ടി വന്നില്ല. ബൗളിങ്ങില്‍ ഒരു വിക്കറ്റെടുത്തു. സഞ്ജയ് മഞ്ജരേക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്, ശ്രീകാന്ത് അടക്കമുള്ള താരങ്ങളുണ്ടായിരുന്നു.
സെലക്ടര്‍ കാലം
വിരമിച്ചതിന് ശേഷവും ക്രിക്കറ്റിന്റെ ഭാഗമായി. 1996-ല്‍ കേരളത്തിന്റെ സെലക്ടറായി. 2002-03 സീസണില്‍ അണ്ടര്‍-19 ഇന്ത്യന്‍ ടീമിന്റെ സെലക്ടറുടെ റോളും വഹിച്ചു. ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരൊക്കെ ആ സമയത്താണ് ടീമില്‍ വരുന്നത്. 2012-17 വരെ വീണ്ടും സെലക്ടറായി. ഋഷഭ് പന്ത്, ഇഷാന് കിഷാന് എന്നിവരുള്‍പ്പെട്ട താരങ്ങള്‍ അക്കാലത്താണ് വന്നത്. മൂന്നുവര്‍ഷം കാഷ് കേരള അക്കദാമിയുടെ ഡയറക്ടറായി.
Content Highlights: remembering Former Kerala Ranji captain k Jayaram