'ഈ വിജയം പ്രചോദനം, പെണ്‍കുട്ടികളെ ഗ്രൗണ്ടിലേക്ക് വിടാന്‍ ഇനി രക്ഷിതാക്കള്‍ മടിക്കില്ല'

കണ്ണൂരുകാരിയായ പ്രിയ പി.വി ഇപ്പോള്‍ മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ദേശീയ വനിതാ ലീഗില്‍ ഗോകുലം ചാമ്പ്യന്‍മാരായപ്പോള്‍ അതിനുപിന്നില്‍ പ്രിയയെന്ന പരിശീലകയുടെ പ്രയത്‌നമുണ്ടായിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ എ-ലൈസന്‍സ് ഉള്ള ഏക മലയാളി വനിതയായ പ്രിയ രണ്ടു സീസണ്‍ മുമ്പാണ് ഗോകുലത്തിന്റെ ഭാഗമായത്. കഴിഞ്ഞ സീസണില്‍ ടീം സെമിയില്‍ തോറ്റുമടങ്ങിയപ്പോള്‍ ഇത്തവണ ആ നിരാശ മായ്ച്ചുകളഞ്ഞു. കണ്ണൂര്‍ പഴയങ്ങാടിക്കാരിയായ പ്രിയ വിജയത്തിന് ശേഷം ബെംഗളൂരുവില്‍ നിന്ന് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
അടിച്ചത് 34 ഗോളുകള്‍, വാങ്ങിയത് നാല് ഗോളുകള്‍, കളിച്ച ഏഴു മത്സരങ്ങളിലും വിജയം. ആക്രമണ ഫുട്‌ബോളിനോടാണോ താത്പര്യം?
കളിക്കുമ്പോള്‍ ആക്രമിച്ചു കളിക്കുക എന്നതാണ് എന്റെ നിലപാട്. ആക്രമണം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധം. കളിക്കാരി ആയിരുന്നപ്പോഴും അറ്റാക്കിങ് ഫുട്‌ബോളിനോട് ആയിരുന്നു താത്പര്യം. നേപ്പാളുകാരിയായ സബിത്ര ഭണ്ഡാരിയെ ടീമിലെത്തിച്ചതും ഇതു കണക്കുകൂട്ടിയായിരുന്നു. സബിത്രയെ സ്‌ട്രൈക്കറാക്കി കമലാ ദേവിയെ സബ്രിതയ്ക്ക് താഴെ കളിപ്പിച്ചു. പത്ത് വര്‍ഷമായി ദേശീയതലത്തില്‍ കളിക്കുന്ന കമലാ ദേവിയുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടായി. കളി മനസ്സിലാക്കി കളിക്കാന്‍ കെല്പുള്ള കശ്മിന ദേവിയെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ കളിപ്പിച്ച തന്ത്രവും ഫലിച്ചു.
ഈ സീസണില്‍ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?
മികച്ച കളിക്കാരെ കണ്ടെത്തി ടീമിലെത്തിക്കുക എന്നത് തന്നെയായിരുന്നു വെല്ലുവിളി. കഴിഞ്ഞ സീസണില്‍ സെമിയില്‍ തോറ്റത് എപ്പോഴും മനസ്സിലുണ്ടായിരുന്നു. ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള സ്‌ട്രൈക്കറുടെ അഭാവം പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചത്. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട നേപ്പാളുകാരി സബ്രിത ഭണ്ഡാരിയെ തമിഴ്‌നാട് ക്ലബ്ബുമായി നടത്തിയ പോരാട്ടത്തിനൊടുവില്‍ ടീമിലെത്തിച്ചു. എന്നാല്‍ അടുത്ത പ്രശ്‌നം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. സബിത്രയുമായി കരാറായെങ്കിലും എന്‍.ഒ.സി. നല്‍കാന്‍ മുന്‍ ക്ലബ്ബ് സേതു എഫ്.സി. തയ്യാറായില്ല. തുടര്‍ന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ സമ്മര്‍ദം ചെലുത്തിയാണ് നേടിയത്. ആ പ്രയത്‌നമൊന്നും വെറുതെയായില്ല. സബിത്ര ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായി.
ചില താരങ്ങള്‍ ഗോകുലം വിട്ടതോടെ പുതിയ ടീമിനെ രൂപപ്പെടുത്തുക എന്നത് എത്രത്തോളം പ്രയാസകരമായിരുന്നു?
കഴിഞ്ഞ സീസണില്‍ ഗോകുലത്തിലുണ്ടായിരുന്ന നാല് പേര്‍ ക്രിപ്‌സയിലേക്ക് പോയതോടെ ടീം പ്രതിസന്ധിയിലായി. എന്നാല്‍ പുതിയ താരങ്ങളെ എത്തിച്ച് ആ പ്രശ്‌നം പരിഹരിച്ചു. മനീഷ കല്യാണും ഉപാമതി ദേവിയും സബിത്രയും കമലാ ദേവിയും ടീമിലെത്തി. എന്നാല്‍ ടീമംഗങ്ങള്‍ സെറ്റ് ആയി വരാന്‍ സമയമെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഈ ആശയക്കുഴപ്പം നിലനിന്നു. എന്നാല്‍ പിന്നീട് താളം കണ്ടെത്തി. ബെംഗളൂരുവില്‍ ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിന് ശേഷമാണ് ഗ്രൗണ്ടിലേക്കിറങ്ങിയത്. ഇതും ടീമെന്ന നിലയില്‍ മുന്നേറാന്‍ സഹായിച്ചു. താരങ്ങള്‍ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണെങ്കിലും ആശയവിനിമയത്തിന് പ്രശ്‌നമില്ലായിരുന്നു. ഓരോരുത്തര്‍ക്കും അവരുടെ പൊസിഷന്‍ കൃത്യമായി അറിയാമായിരുന്നു. സൈക്കോളജി പഠിച്ച ഞാന്‍ അത് ഉപയോഗപ്പെടുത്തി.
ഐ-ലീഗ്, ഐ.എസ്.എല്‍ ക്ലബ്ബുകള്‍ ദേശീയ വനിതാ ലീഗില്‍ ടീമിനെ ഇറക്കാന്‍ മടിക്കുന്നത് എന്താണ്?
ഈ സീസണില്‍ ദേശീയ വനിതാ ലീഗില്‍ കളിച്ച ഏക ഐ-ലീഗ് ക്ലബ്ബ് ഗോകുലം മാത്രമാണ്. സാമ്പത്തികം തന്നെയാണ് പ്രശ്‌നം. ക്യാമ്പിനും പരിശീലനത്തിനുള്ള ടര്‍ഫ് ഗ്രൗണ്ടിനുമെല്ലാം പൈസ മുടക്കണം. ബെംഗളൂരുവില്‍ ടര്‍ഫ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറിന് 2500 രൂപയാണ് കൊടുത്തത്. ഒരു മാസത്തെ ലീഗിനായി ചിലവാക്കിയത് 40 ലക്ഷം രൂപയാണ്. പുരുഷ ഫുട്‌ബോള്‍ ലീഗില്‍ പരസ്യക്കരാറിലൂടെയും മറ്റുമായി പണം തിരിച്ചുകിട്ടും. എന്നാല്‍ വനിതാ ലീഗില്‍ അങ്ങനെ ഒരു സാധ്യതയില്ല. അതുകൊണ്ടുതന്നെ മുടക്കിയ പണം അവര്‍ക്കു നഷ്ടമാകും. എന്നാല്‍ ഗോകുലം മാനേജ്‌മെന്റ് പണം പോയാലും കളിക്കുക എന്ന നിലപാടിലെത്തുകയായിരുന്നു. അതു വെറുതെയായില്ല, ഗോകുലത്തിന്റെ പെണ്‍പുലികള്‍ ചരിത്രവിജയം തന്നെ സമ്മാനിച്ചു.
ടീമിലെ മലയാളി താരങ്ങളുടെ പ്രകടനം?
നാല് മലയാളി താരങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ കെ.വി അതുല്യ ഒഴികെ മറ്റു താരങ്ങളുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. കേരളത്തില്‍ നിന്നുള്ള വനിതാ താരങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തത് ഇവരുടെ പ്രകടനത്തില്‍ കാണാമായിരുന്നു. പരിശീലനത്തിനുള്ള സൗകര്യമുണ്ടെങ്കിലും മലയാളി താരങ്ങള്‍ക്ക് കളിക്കാന്‍ ടൂര്‍ണമെന്റുകളില്ല. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ക്ലബ്ബുകളോട് മത്സരിച്ചാല്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ തോറ്റുപോകും. കഴിഞ്ഞ സീസണില്‍ ഗോകുലം 20 ദിവസത്തോളം പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ക്യാമ്പ് നടത്തിയിരുന്നു. അതില്‍ പലരും ഇപ്പോഴും യൂണിവേഴ്‌സിറ്റി ടീമുകള്‍ക്കായി കളിക്കുന്നുണ്ട്.
ഈ ചരിത്രവിജയം മലയാളി പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനമല്ലേ?
തീര്‍ച്ചയായും. പെണ്‍കുട്ടികളെ ഗ്രൗണ്ടിലേക്ക് വിടാന്‍ ഇനി രക്ഷിതാക്കള്‍ പഴയപോലെ മടിക്കില്ല. കേരളത്തില്‍ കൂടുതല്‍ ടൂര്‍ണമെന്റുകള്‍ വരാന്‍ ഇത് സഹായിക്കും. ഒപ്പം കൂടുതല്‍ പെണ്‍കുട്ടികള്‍ ദേശീയ തലത്തില്‍ കളിക്കുന്നതിലേക്കും ഈ വിജയം വഴിയൊരുക്കും. കേരളത്തില്‍ നിന്നുള്ള ഒരു ക്ലബ്ബ് ആദ്യമായി ഒരു ദേശീയ ലീഗില്‍ കിരീടം നേടിയപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.
Content Highlights: Priya PV Gokulam Women Team Coach National Women League Winner Interview
Content Highlights: