ആന്‍ഫീല്‍ഡില്‍ പ്രത്യേക ഊര്‍ജം, ക്ലോപ്പിന്റെയും സ്ലോട്ടിന്റെയും രീതികള്‍ വ്യത്യസ്തം - മുഹമ്മദ് സലാ

ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മില്‍ മത്സരമുണ്ട്. അതിനായി പ്രത്യേകമായ തയ്യാറെടുപ്പുണ്ടോ, അതോ മറ്റു മത്സരങ്ങളെപ്പോലെത്തന്നെയാണോ ഇതിനെയും സമീപിക്കുന്നത്?
എന്നെസംബന്ധിച്ച് അത് മറ്റൊരു മത്സരംമാത്രം. ലീഗില്‍ ഓരോ മത്സരവും വളരെ പ്രധാനമാണ്. യുണൈറ്റഡിനെതിരായ മത്സരം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ആരാധകര്‍ക്കും ക്ലബ്ബ് ഉടമകള്‍ക്കും ഈ നഗരത്തിനുമെല്ലാം ലിവര്‍പൂള്‍-യുണൈറ്റഡ് മത്സരം പ്രധാനമാണ്. അതിനുവേണ്ടി പ്രത്യേക ഒരുക്കങ്ങളിലേക്കു പോകുമ്പോള്‍ നമ്മള്‍ സ്വയം സമ്മര്‍ദത്തിലേക്കു വീഴുകയാണ്. അതുകൊണ്ട്, പ്രധാന മത്സരമാണെങ്കിലും അതിനെ പതിവുരീതിയില്‍ത്തന്നെ കാണാനാണ് എന്റെ ശ്രമം.
ഈ സീസണില്‍ നിങ്ങള്‍ക്ക് നല്ല തുടക്കംകിട്ടി. രണ്ടു മത്സരങ്ങളിലും സ്‌കോര്‍ ചെയ്തു. സ്ഥിരത നിങ്ങളുടെ പര്യായമായി മാറിയിരിക്കുന്നു. അതിനുപിന്നിലെ രഹസ്യമെന്താണ്?
ഞാന്‍ വളരെ ആസ്വദിച്ചാണ് ഫുട്ബോള്‍ കളിക്കുന്നത്. കാരണം, ഞാന്‍ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുന്ന ജോലിയാണിത്. മറ്റൊരു ജോലിയും ചെയ്യാനാകില്ല. നേട്ടങ്ങളെല്ലാം അനായാസം വന്നുചേര്‍ന്നതല്ല. ഈ സ്ഥാനത്തെത്താന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കളിയില്‍ മാത്രമാണ് എന്റെ ശ്രദ്ധ. ഓരോ കളിയിലും കളിക്കളത്തിലെ ഓരോ നിമിഷവും അസ്വദിക്കുക എന്നതാണ് എന്റെ നയം.
ഏറെക്കാലമായി ലിവര്‍പൂളിന്റെ കോച്ചായിരുന്ന യര്‍ഗന്‍ ക്ലോപ്പ് കഴിഞ്ഞ സീസണിനൊടുവില്‍ ക്ലബ്ബ് വിട്ടു. അത് ചെറിയ മാറ്റമല്ല. പുതിയ കോച്ചിനുകീഴിലെ അനുഭവങ്ങള്‍?
ആര്‍നെ സ്ലോട്ടിനു കീഴില്‍ കളിച്ച രണ്ടു മത്സരങ്ങളിലും വളരെ നല്ല അനുഭവമായിരുന്നു. രണ്ടിലും ജയിക്കാനായി. എല്ലാവരും സന്തോഷത്തിലാണ്. തീര്‍ച്ചയായും, ക്ലോപ്പിന്റെയും സ്ലോട്ടിന്റെയും രീതിയും സമീപനവും വ്യത്യസ്തമാണ്. ഞങ്ങള്‍ പുതിയ കോച്ചിന്റെ രീതികള്‍ മനസ്സിലാക്കി, അതിനനുസരിച്ച് മാറി. മാറ്റം വിജയകരമായി എന്നുകരുതുന്നു.
കുട്ടിക്കാലത്തെക്കുറിച്ച് എന്തെങ്കിലും പറയാമോ. അക്കാലത്ത് ആരെയെങ്കിലും മാതൃകയാക്കിയിരുന്നോ?
കൃത്യമായ ഉത്തരമില്ല. എന്നാല്‍, ചെറുപ്രായത്തില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ധാരാളമായി കണ്ടിരുന്നത് ഓര്‍മയിലുണ്ട്. ബ്രസീലിന്റെ റൊണാള്‍ഡോയും സിനദിന്‍ സിദാനുമായിരുന്നു അക്കാലത്തെ ആരാധനാപാത്രങ്ങള്‍. അവരുടെ എല്ലാ മത്സരങ്ങളും കാണുമായിരുന്നു. പിന്നെ ടോട്ടിയുടെയും. അവരെ നേരിട്ടുകാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.
ലിവര്‍പൂളിനെക്കുറിച്ച് ആദ്യകാല ഓര്‍മകള്‍?
എനിക്കത്ര ഉറപ്പില്ല, എങ്കിലും ഒരു ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ് ഓര്‍മയില്‍ തിളങ്ങിനില്‍ക്കുന്നത്. ഇസ്താംബൂളില്‍ നടന്ന ഫൈനല്‍. പിന്നിലായിരുന്നശേഷം തിരിച്ചടിച്ച് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ മത്സരം...
ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ മത്സരിക്കുന്നതിലെ വെല്ലുവിളിയെപ്പറ്റി എതിര്‍ടീമുകള്‍ പറയാറുണ്ട്. ലിവര്‍പൂള്‍ താരങ്ങളുടെ ആന്‍ഫീല്‍ഡ് അനുഭവം എങ്ങനെയാണ്?
ആന്‍ഫീല്‍ഡ് എപ്പോഴും ഞങ്ങള്‍ക്ക് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നു. ആരാധകര്‍ കൂടെയുണ്ടെന്ന ആത്മവിശ്വാസം. അത് ടീമിന് പ്രത്യേക കരുത്ത് നല്‍കും. ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ ഞങ്ങളെല്ലാം ഇഷ്ടപ്പെടുന്നു.
Content Highlights: Liverpool star salah talks about facing Man United, new coach Arne Slot, and his journey in football