സ്‌പെയ്‌നിന് മാത്രമല്ല, ബ്രസീലിനുവേണ്ടിയും മെസ്സിക്ക് കളിക്കാമായിരുന്നു; ഗവേഷണത്തിൽ പുതിയ കണ്ടെത്തൽ

അർജന്റീനയിൽ ജനിച്ച് സ്‌പെയ്‌നിൽ കളി പഠിച്ച താരമാണ് ലയണൽ മെസ്സി. സ്‌പെയ്‌നിന്റെ ദേശീയ ടീമിൽ കളിക്കാനുള്ള അവസരമുണ്ടായിട്ടും ജന്മനാടായ അർജന്റീനയാണ് മെസ്സി തിരഞ്ഞെടുത്തത്. ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിന്റെ എതിരാളികളായി അർജന്റീന എത്തിയപ്പോഴും ഇക്കാര്യം ചർച്ചാവിഷയമായി. എന്നാൽ ഈ രണ്ട് രാജ്യങ്ങൾക്കല്ലാതെ മറ്റ് രണ്ട് രാജ്യങ്ങൾക്ക് കൂടി കളിക്കാനുള്ള അവസരം മെസ്സിക്കുണ്ടായിരുന്നു. ഇറ്റലിയും ഫുട്‌ബോളിൽ അർജന്റീനയുടെ എക്കാലത്തേയും ശത്രുക്കളായ ബ്രസീലുമാണ് ആ രണ്ട് രാജ്യങ്ങൾ. മെസ്സിയുടെ പൂർവികരെ കുറിച്ചുള്ള ഗവേഷണമാണ് ഈ കണ്ടെത്തലിന് പിന്നിൽ.
പ്രശസ്ത ഇറ്റാലിയൻ ഗവേഷകനായ ഫിയോറെൻസോ സാന്റിനി നടത്തിയ വർഷങ്ങൾ നീണ്ട പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മെസ്സി ബാഴ്‌സലോണയിൽ കളിക്കുന്ന ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടുപേരിന്റെ ഉദ്ഭവത്തെ കുറിച്ച് സാന്റിനി ഗവേഷണം നടത്താൻ തുടങ്ങിയിരുന്നു. തുടർന്ന് 2019 മുതൽ 2022 വരേയുള്ള കാലയളവിലാണ് ഈ കുടുംബചരിത്രം പൂർണമായും കണ്ടെത്തുന്നത്. മെസ്സിയുടെ മാതാവായ സെലിയ മരിയ കുചിറ്റിനി വഴിയാണ് ബ്രസീൽ വേരുകളിലേക്കെത്തുന്നത്.
സെലിയയുടെ മുത്തച്ഛനായ റാനിയേരി കുചിറ്റിനി ഇറ്റലിയിലെ സാങ് സെവെറിനോ മാർക്കെയന്ന സ്ഥലത്ത് നിന്നാണ് യാത്ര തിരിച്ചത്. ഭാര്യ റോസ റിച്ചെസയ്‌ക്കൊപ്പം 1899-ൽ ഇവർ ബ്രസീലിലെ സാന്റോസ് തുറമുഖത്തെത്തി. വാഷിങ്ടൺ എന്ന കപ്പലിലായിരുന്നു ഈ യാത്രയെന്നും ഗവേഷണത്തിൽ പറയുന്നു.
ബ്രസീലിലെ സാവോ പോളോയിലെത്തിയ ഇവർ റിങ്കാവോയിലെ ഫാമുകളിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് റിബെറോ പ്രെറ്റോയിലേക്ക് മാറിയ ഇവർക്ക് 1904-ൽ ആർഡിറിഗോ എന്ന കുഞ്ഞ് ജനിച്ചു. ആർഡിറിഗോയ്ക്ക് ഒരു വയസുള്ളപ്പോൾ കുടുംബം ബ്രസീൽ വിട്ട് അർജന്റീനയിലെ റൊസാരിയോയിലേക്ക് താമസം മാറി. അവിടെവെച്ചാണ് മെസ്സിയുടെ അമ്മ സെലിയയുടെ അച്ഛനായ അന്തോണിയോ കുചിറ്റിനി ജനിക്കുന്നത്. 1960 ജനുവരി 23-ന് മെസ്സിയുടെ അമ്മ സെലിയയും ജനിച്ചു.
മെസ്സിയുടെ പിതാവായ ജോർജ് ഹൊരേഷിയോ മെസ്സി വഴിയാണ് ഇറ്റാലിയൻ ബന്ധമുള്ളത്. ജോർജിന്റെ മുത്തച്ഛനായ ആഞ്ചലോ മെസ്സി 1893-ൽ ഇറ്റാലിയൻ നഗരമായ റെക്കനാറ്റിയിൽ നിന്നാണ് അർജന്റീനയിലെ റൊസാരിയയിലേക്ക് കുടിയേറിയത്. മെസ്സിക്ക് ഇറ്റലി പൗരത്വം നൽകിയതും ഈ ബന്ധം കാരണമാണ്. എന്നാൽ ഇറ്റലിയിൽ കുചിറ്റിനി എന്ന വീട്ടുപേര് തിരഞ്ഞപ്പോൾ ഒരു രേഖയും കാണാത്തതിനാലാണ് താൻ ഗവേഷണം തുടങ്ങിയതെന്നും അങ്ങനെ അത് ബ്രസീൽ വേരുകളിലേക്ക് എത്തുകയായിരുന്നുവെന്നും സാന്റിനി പറയുന്നു. മെസ്സിയുടെ മാതാവിന്റെ കുടുംബത്തിന്റെ യഥാർഥ പേര് കൊചെറ്റിനി എന്നായിരുന്നുവെന്നും ബ്രസീലിൽവെച്ച് ഔദ്യോഗിക രേഖകളിൽ എഴുതിയപ്പോൾ അത് കുചിറ്റിനി ആയി മാറുകയായിരുന്നുവെന്നും സാന്റിനിയുടെ ഗവേഷണത്തിലുണ്ട്.
Content Highlights: Genealogical research confirms Messi had ancestral ties to Brazil and Italy., Messi's maternal great-grandfather emigrated from Italy to Brazil in 1899., The family moved from Brazil to Argentina in 1905, where Messi's mother was later born., Fiorenzo Santini's research clarifies the origin of the 'Cuccittini' surname., Messi's eligibility for multiple national teams was historically possible due to these roots.