പേരില്ലാ ജേഴ്സിയിൽ തുടങ്ങിയ എഴുന്നൂറാൻ അതും കടന്ന് ഇനി എങ്ങോട്ട്?

കാലത്തെ ഒരു 21 കൊല്ലം പിറകോട്ട് പറത്തിവിടണം. കൃത്യമായി പറഞ്ഞാല്‍ തിരിച്ചുചെന്ന് 2002 ഡിസംബര്‍ 15-ന് മെല്‍ബണിലെ ഒരു മഞ്ഞു പുതച്ച ദിവസത്തിലേക്ക് ചെല്ലണം. ഓസീസിനെതിരായ ഏകദിന മത്സരത്തിനായുള്ള ഒരുക്കത്തിലായിരുന്നു അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനായി ആ ദിവസം ഒരു ഇരുപതുകാരന്‍ പൊടിമീശക്കാരന്‍ പയ്യന്‍ അരങ്ങേറ്റം കുറിക്കുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ പ്രധാന ബൗളറായിരുന്ന ആന്‍ഡി കാഡിക്കിന് അന്ന് കളിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പെട്ടെന്ന് ടീമിലെടുത്തതായിരുന്നു അവനെ. ഇംഗ്ലണ്ടിന്റെ കടുംനീല ജേഴ്സിയില്‍ പേരോ നമ്പറോ ഇല്ലാതെയാണ് ആ ഇരുപതുകാരന്‍ തന്റെ ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. സെഞ്ചുറി നേടിയ ആദം ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് വീഴ്ത്തി ആറടിയിലേറെ ഉയരമുണ്ടായിരുന്ന ആ പയ്യന്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. മത്സരത്തില്‍ ആറ് ഓവര്‍ എറിഞ്ഞ അയാള്‍ 21 വര്‍ഷങ്ങള്‍ക്കിപ്പുറവും താന്‍ അന്ന് കൈയിലെടുത്ത തുകല്‍ പന്ത് നിലത്ത് വെച്ചിട്ടില്ല. ഒപ്പം കളിച്ചവരും പിന്നീട് വന്നവരുമെല്ലാം കളം വിട്ടിട്ടും ഇന്നും ആ തുകല്‍ പന്തിന്റെ നറുമണം ആസ്വദിക്കുന്ന ആ താരത്തിന്റെ പേര് ജെയിംസ് മൈക്കല്‍ ആന്‍ഡേഴ്സണ്‍, ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം ജിമ്മി.
മൂന്ന് മാസങ്ങള്‍ക്കപ്പുറം പ്രായം 42 ആകും ജിമ്മിക്ക്. 21 വര്‍ഷത്തിലേറെക്കാലം ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റ് മത്സരങ്ങളിലടക്കം കളിച്ച് അതേ ഫോമില്‍ തുടരുകയെന്നതിനെ അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാന്‍. ഇപ്പോഴിതാ 147 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 700 വിക്കറ്റുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറെന്ന നേട്ടവും നേടിയെടുത്തിരിക്കുന്നു ആരാധകരുടെ പ്രിയപ്പെട്ട ജിമ്മി. ധരംശാല ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ 124-ാം ഓവറിലെ നാലാം പന്ത് ഇനി ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാണ്. കുല്‍ദീപ് യാദവിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിയതോടെ 187-ാം ടെസ്റ്റില്‍ ജിമ്മിയുടെ വിക്കറ്റ് നേട്ടം 700 എന്ന മാന്ത്രിക സംഖ്യയിലെത്തി. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനും (800), ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനും (708) പിന്നിലായി മൂന്നാം സ്ഥാനത്ത് ഇനി ജിമ്മിയുണ്ട്. ഒമ്പത് വിക്കറ്റ് അകലെ രണ്ടാം സ്ഥാനവും.
കഴിഞ്ഞ 87 വര്‍ഷത്തിനിടെ ഐ.സി.സിയുടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറെന്ന നേട്ടം സ്വന്തമാക്കി മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ചരിത്ര നേട്ടവും ജിമ്മിയെ തേടിയെത്തിയിരിക്കുന്നത്. 1936-ല്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റിന് ശേഷം ഈ നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരമായിരുന്നു ജിമ്മി. 2003-ല്‍ സിംബാബ്വെയ്ക്കെതിരേ ചുവന്ന പന്ത് കൈയിലെടുത്ത ജിമ്മി ടെസ്റ്റ് കരിയറില്‍ ഇത് ആറാം തവണയായിരുന്നു ഒന്നാം റാങ്കിലെത്തുന്നത്.
ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ തന്നെ, അല്ല ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സ്‌കില്‍ഫുള്ളായ ബൗളര്‍. ടെസ്റ്റ് ചരിത്രത്തില്‍ 700 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍, ടെസ്റ്റ് ചരിത്രത്തിലെ ഉയര്‍ന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരന്‍, ഏകദിനത്തിലും ടെസ്റ്റിലും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരം തുടങ്ങിയ റെക്കോഡുകളെല്ലാം ഇന്ന് ജിമ്മിക്ക് സ്വന്തമാണ്. ടെസ്റ്റില്‍ ആദ്യം 400, 500, 600, 700 വിക്കറ്റ് ക്ലബ്ബിലെത്തിയ ഇംഗ്ലണ്ട് താരവും ജിമ്മി തന്നെ.
1982 ജൂലായ് 30-ന് ബേണ്‍ലിയിലെ ലങ്കാഷെയറിലാണ് ജിമ്മിയുടെ ജനനം. ക്രിക്കറ്റിന് പേരുകേട്ട നാടായതിനാല്‍ തന്നെ നന്നേ ചെറുപ്പത്തിലേ ജിമ്മി ക്രിക്കറ്റിലേക്ക് തിരിഞ്ഞിരുന്നു. ബേണ്‍ലി ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ച് തുടങ്ങിയ അദ്ദേഹം 17-ാം വയസില്‍ ലങ്കാഷെയര്‍ ലീഗിലെ ഏറ്റവും വേഗമേറിയ ബൗളറെന്ന് പേരെടുത്തു.
Content Highlights: james anderson story who became first seamer 700 test wickets