പാകിസ്താനല്ല ഇന്ത്യയെന്ന് അശ്വിൻ, സെഞ്ചുറിക്കകത്തെ ജഡേജ; ബാറ്റില്ലാത്തിടത്ത് പന്തുകൊണ്ട് ഇന്ദ്രജാലം

ചരിത്രത്തിലാദ്യമായി പാകിസ്താനെതിരേ ടെസ്റ്റ് പരമ്പര നേടിയതിന്റെ പകിട്ടുമായാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തിയത്. പണ്ടുകണ്ട ഞങ്ങളല്ല ഇപ്പോഴത്തെ ഞങ്ങളെന്ന ആഢ്യത്വത്തോടെയായിരുന്നു സന്ദര്‍ശകരുടെ വരവ്. ചെന്നൈയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ മണിക്കൂറില്‍ത്തന്നെ അവരത് ബോധ്യപ്പെടുത്തുകയും ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ 34 റണ്‍സിനിടെ ഇന്ത്യയുടെ മൂന്നുപേരെ മടക്കി. പോയതാവട്ടെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, യുവ താരം ശുഭ്മാന്‍ ഗില്‍ എന്നിവര്‍.
മുനയൊടിഞ്ഞിടത്തുനിന്ന് ഋഷഭ് പന്തും കെ.എല്‍. രാഹുലും ചേര്‍ന്ന് രക്ഷാദൗത്യത്തിന് ശ്രമിച്ചെങ്കിലും നിഷ്ഫലമായി. 144-ല്‍ ആറ് എന്ന നിലയില്‍ നടുകൂടി ഒടിഞ്ഞതോടെ ഇന്ത്യ വിറങ്ങലിച്ചതാണ്. പക്ഷേ, എട്ടാമനായി വന്ന രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജയുമായി ചേര്‍ന്നു നടത്തിയ അതിജീവനം ഇന്ത്യയെ ജീവസ്സുറ്റ നിലയിലെത്തിച്ചു. അതോടെ, പഞ്ഞിക്കിടാന്‍ പാകിസ്താനല്ല ഇന്ത്യ എന്ന് ബംഗ്ലാദേശിന് ഏറക്കുറെ മനസ്സിലായി.
പാകിസ്താനല്ല ഇന്ത്യയെന്ന് അശ്വിന്‍
നാട്ടുകാരുടെ മുന്‍പില്‍ സെഞ്ചുറി നേടാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു അശ്വിന്‍. അശ്വിന് കിട്ടിയ ഹോം സപ്പോര്‍ട്ട്, ഇന്ത്യക്ക് മൊത്തത്തില്‍ അനുഗുണമായി. ഗാലറിയിലെ ഓരോ ആര്‍പ്പുവിളിയും അശ്വിനെ ബലപ്പെടുത്തി എന്നുവേണം പറയാന്‍. അല്ലെങ്കില്‍ എട്ടാമനായി ക്രീസില്‍ വന്ന ഒരാള്‍ക്ക് എങ്ങനെയാണ് അത്ര അനായാസം സെഞ്ചുറി നേടാനാവുക? 133 പന്തില്‍ 113 റണ്‍സാണ് അശ്വിന്‍ നേടിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ വേഗമേറിയ സെഞ്ചുറി. ചെപ്പോക്കില്‍ അവസാനം കളിച്ച ടെസ്റ്റിലും അശ്വിന്‍ സെഞ്ചുറി കുറിച്ചിരുന്നു.
അശ്വിന്റെ സെഞ്ചുറിക്കകത്തെ ജഡേജ
അശ്വിന്റെ സെഞ്ചുറിയോടൊപ്പംതന്നെ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും എടുത്തുപറയണം. ജഡേജ മറുപുറത്ത് വിക്കറ്റ് കളയാതെ നിലയുറപ്പിച്ചതിന്റെകൂടി ഫലമാണ് അശ്വിന്റെ സെഞ്ചുറി. ജഡേജ അവിടെ നിലയുറപ്പിച്ചില്ലായിരുന്നെങ്കില്‍ അശ്വിന്റെ സെഞ്ചുറിയും, ഒരുപക്ഷേ, ഈ ടെസ്റ്റിലെ വിജയംപോലും സംഭവിക്കുമോ എന്നതില്‍ സംശയിക്കണം. ടീം സ്‌കോര്‍ 343-ല്‍ ജഡേജ പോയതില്‍പ്പിന്നെ 33 റണ്‍സ് കൂടി മാത്രമാണ് ഇന്ത്യക്ക് പത്തുവിക്കറ്റിനിടെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത്. അതുകൊണ്ട് ജഡേജയുടെ നിലയുറപ്പിക്കല്‍ക്കൂടി അശ്വിന്റെ സെഞ്ചുറിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറയാം. 124 പന്തില്‍ 86 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. പത്ത് ഫോറും രണ്ട് സിക്‌സുമുണ്ട്. അശ്വിന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സും 11 ഫോറുമാണുള്ളത്.
രക്ഷാദൗത്യം ബുംറയ്ക്ക്
376 റണ്‍സാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍വെച്ചത്. തുടര്‍ന്ന് ബൗളിങ്ങില്‍ ബുംറയാണ് ഇന്ത്യയുടെ രക്ഷാ ചുമതല ഏറ്റെടുത്തത്. 11 ഓവറില്‍ 50 റണ്‍സ് വഴങ്ങി കടുവകളില്‍ നാലുപേരെ അശ്വിന്‍ തുരത്തിയോടിച്ചു. രണ്ടുപേരെ വീതം മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും ഒതുക്കി. ഇതോടെ 149-ല്‍ ഒതുങ്ങി ബംഗ്ലാദേശിന്റെ ടോട്ടല്‍. ഇതോടെ ഇന്ത്യക്ക് 227 റണ്‍സിന്റെ ലീഡ്.
ഹസനെ മറക്കരുത്
അതിനിടെ ആദ്യ ഇന്നിങ്‌സിലെ ബംഗ്ലാദേശിന്റെ ബൗളിങ് മികവിനെ മറന്നുകൂടാ. പന്തുകൊണ്ട് കടുവയുടെ ശൗര്യം കാണിച്ച് ഹസന്‍ മഹ്‌മൂദ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രോഹിത്, കോലി, ഗില്‍, പന്ത് തുടങ്ങിയ ആദ്യ നാല് വിക്കറ്റും നേടിയത് ഈ ഇരുപത്തിനാലുകാരന്‍ പയ്യനാണ്. നേരത്തേ പാകിസ്താനെതിരേ അഞ്ച് വിക്കറ്റ് നേട്ടം നടത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ താരം ഇവിടെയും അതേ കൊയ്ത്ത് തുടരാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, ഇന്ത്യയുടെ അതിജീവനകഥ പിറന്നതോടെ ഹസന്റെ കഥയുടെ പ്രസക്തി പോയി.
പന്താടി ഗില്‍
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കാര്യമായി പേടിക്കേണ്ട സാഹചര്യമില്ലായിരുന്നു. 227 റണ്‍സിന്റെ ലീഡ് അവിടെക്കിടക്കുന്നുണ്ടല്ലോ. അതിലേക്കുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി ഇന്ത്യ വീണ്ടുമിറങ്ങി. രോഹിത്തും കോലിയും വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ അര്‍ധശതകം കുറിച്ച ജയ്‌സ്വാളും ഇത്തവണ മങ്ങി. പിന്നെ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും ഊഴമായിരുന്നു. മറുപുറത്ത് ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ സെഞ്ചുറി തികച്ച സമയമായിരുന്നു അത്. ഇവിടെ പന്തും സെഞ്ചുറി കുറിച്ച് ടീമിലെ സ്ഥിരസ്ഥാനം കനപ്പിച്ചു. 176 പന്തില്‍ 119 റണ്‍സുമായി ഗില്ലും 128 പന്തില്‍ 109 റണ്‍സുമായി പന്തും നിറഞ്ഞാടിയതോടെ ഇന്ത്യ ശക്തമായ നിലയിലായി. 287 റണ്‍സിന് നാല് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ബംഗ്ലാദേശിന് 515 റണ്‍സായി വിജയലക്ഷ്യം.
കലിപ്പ് തീരണില്ലല്ലോ...
ഓള്‍റൗണ്ടര്‍മാര്‍ അതിന്റേതായ മികവ് പുലര്‍ത്തണമല്ലോ. ഇത്തവണ ബാറ്റിങ്ങിന് അവസരം കിട്ടാത്ത അശ്വിനും ജഡേജയും അതിന്റെ കലിപ്പ് തീര്‍ത്തത് ബൗളിങ്ങില്‍. അതാവട്ടെ, അവരിലെ ഓള്‍റൗണ്ടിങ്ങിലെ മികവ് ഒരിക്കല്‍ക്കൂടി വാര്‍ത്തെടുക്കാന്‍ ഉതകുന്നതായി. 515 എന്ന ചെങ്കുത്തായ മലയിലേക്ക് നടന്നുകയറാന്‍ ശ്രമിച്ച ബംഗ്ലാദേശിനെ അശ്വിന്‍ അടപടലം പൂട്ടി. നേരത്തേ ഒന്നാം ഇന്നിങ്‌സിലെ ബാറ്റിങ്ങിലെന്ന പോലെ ഇവിടെയും ജഡേജ താങ്ങായി നിലകൊണ്ടു. അശ്വിന്‍ ആറു വിക്കറ്റ് നേടിയപ്പോള്‍ ജഡേജ നേടിയത് മൂന്നുവിക്കറ്റ്. ഒന്നാം ഇന്നിങ്‌സിലെ രണ്ടുവിക്കറ്റ് കൂടി ചേര്‍ത്താല്‍ ജഡേജയ്ക്ക് ടെസ്റ്റിലാകെ അഞ്ചുവിക്കറ്റ്. അശ്വിന് ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് ലഭിച്ചിരുന്നില്ല. ക്രിക്കറ്റിലെ അതികായന്മാരായ ഈ ഓള്‍റൗണ്ടിങ് ദ്വയങ്ങളുടെ ചിറകിലേറിയാണ് ഇന്ത്യ മത്സരം വരുതിയിലാക്കിയത് എന്നുപറയുന്നതാവും ശരി. രണ്ടാം ഇന്നിങ്‌സിലെ ഒരു വിക്കറ്റടക്കം ബുംറയ്ക്കും ടെസ്റ്റിലാകെ അഞ്ച് വിക്കറ്റുണ്ട്.
കോലിയും രോഹിത്തും?
പക്ഷേ, ഇതിനിടയില്‍ നിരാശ പകരുന്ന പ്രകടനം കാഴ്ചവെച്ച മറ്റു രണ്ട് ക്രിക്കറ്റ് അതികായന്മാരുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും. ഇരുവര്‍ക്കും രണ്ടിന്നിങ്‌സിലും തിളങ്ങാനായില്ല. ആദ്യ ഇന്നിങ്‌സില്‍ കോലിയും രോഹിത്തും ആറുവീതം റണ്‍സ് നേടി പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ രോഹിത്ത് അഞ്ചും കോലി പതിനേഴും റണ്‍സാണ് നേടിയത്.
DRS വേണ്ടാത്ത കോലി
അതിനിടെ രണ്ടാം ഇന്നിങ്‌സിലെ കോലിയുടെ പുറത്താവല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മെഹിദി ഹസന്‍ മിറാസെറിഞ്ഞ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബോറോ വിരലുയര്‍ത്തി പുറത്തായെന്ന് വിധി നടത്തി. കോലി പക്ഷേ, ഡി.ആര്‍.എസിന് ശ്രമിച്ചതുമില്ല. മറുപുറത്തുണ്ടായിരുന്ന ഗില്ലിനോട് എന്തോ സംശയം ആരാഞ്ഞെങ്കിലും ഡി.ആര്‍.എസ്. എടുക്കാതെ കോലി മടങ്ങി. തുടര്‍ന്ന് റീപ്ലേയില്‍ ഇന്‍സൈഡ് എഡ്ജുള്ളതായി കണ്ടു. ഇതോടെ രോഹിത്തും ഗില്ലും വിരലുയര്‍ത്തിയ കെറ്റില്‍ബോറോയുമെല്ലാം നിരാശയുടെ മുഖഭാവം പ്രകടിപ്പിച്ച രംഗം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ 234 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. ഇതോടെ 280 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (127 പന്തില്‍ 82) ഇന്നിങ്‌സ് മാത്രമായിരുന്നു ബംഗ്ലാ നിരയില്‍ വേറിട്ടുനിന്നത്.
Content Highlights: india vs bangladesh test cricket india won