കപിലിന്റെ ചെകുത്താന്‍മാര്‍ ലോകം കീഴടക്കിയ ദിനം; ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് 37 വയസ്

'ഈ ടീം ലോകകപ്പിലെ കറുത്ത കുതിരകളാകും', 1983-ലെ ലോകകപ്പിനു മുമ്പ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യൂഗ്‌സ് പറഞ്ഞ ഈ വാക്കുകളെ അന്നത്തെ കടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും നല്ല അസ്സല്‍ ചിരിയോടെയാണ് സ്വീകരിച്ചത്. അതിനു മുമ്പ് നടന്ന രണ്ട് ലോകകപ്പിലുമായി വെറും ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ പരിചയവും മാത്രമുള്ള ഒരു ടീം ഇംഗ്ലണ്ട് പോലൊരു സ്ഥലത്ത് ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയെത്തുമെന്ന് പറഞ്ഞാല്‍ ചിരിക്കാതെ പിന്നെങ്ങനെ?
എന്നാല്‍ 1983 ജൂണ്‍ 25-ന് ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ അവസാനിച്ചപ്പോള്‍ കിം ഹ്യൂഗ്‌സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യന്‍ ആരാധകര്‍ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരല്‍ വെച്ചു. അതെ വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്‌സും മൈക്കള്‍ ഹോള്‍ഡിങ്ങും അണിനിരന്ന കരീബിയന്‍ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സിലെ ചരിത്ര ഗാലറിയില്‍ കപ്പുയര്‍ത്തി. ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് വ്യാഴാഴ്ച 37 വയസ് തികയുകയാണ്. അന്നുവരെ കളിച്ച 52 ഏകദിനങ്ങളില്‍ 38 എണ്ണത്തിലും വിജയിച്ച വിന്‍ഡീസ് കരുത്തിനെയാണ് ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യ മറികടന്നത്.
ഇന്ത്യയില്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്‍ക്ക് മറക്കാനാകാത്ത ദിവസമാണ് 1983 ജൂണ്‍ 25. ക്രിക്കറ്റില്‍ പകരംവെയ്ക്കാനില്ലാത്ത കരുത്തിന് ഉടമകളായിരുന്ന വെസ്റ്റിന്‍ഡീസിനു മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തിപ്പിടിച്ച ദിവസം. ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നത്.
1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങള്‍ക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയന്‍ പട തന്നെയായിരുന്നു. താരതമ്യേന ദുര്‍ബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തുപോലുമില്ല.
ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ തന്നെ വരാനിരിക്കുന്നത് അവരുടെ ബൗളിങ് നിരയുടെ കടന്നാക്രമണമായിരിക്കുമെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഉറപ്പിച്ചിരുന്നു. പേടിച്ചതുപോലെ തന്നെ സംഭവിച്ചു ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്‌സും മൈക്കള്‍ ഹോള്‍ഡിങ്ങും ആഞ്ഞടിച്ചപ്പോള്‍ 54.4 ഓവറില്‍ 183 റണ്‍സിന് ഇന്ത്യ കൂടാകം കയറി. കെ. ശ്രീകാന്ത് (38), അമര്‍നാഥ് (26), സന്ദീപ് പാട്ടില്‍ (27) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളിങ്ങിനെതിരെ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
ഇന്ത്യയുടെ പരാജയം എത്ര നേരത്തെയാകുമെന്നായിരുന്നു അന്ന് കാണികള്‍ കാത്തിരുന്നത്. എന്നാല്‍ ഇന്നിങ്‌സ് ബ്രേക്കിനിടെ കപില്‍ തന്റെ ചെകുത്താന്‍മാരെ അടുത്തുവിളിച്ചു, എന്നിട്ട് പറഞ്ഞു ''അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ചുകളിക്കുക. പ്രത്യേകം ഓര്‍ക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെയ്ക്കാന്‍ സാധിക്കുന്ന നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്.''
ആ വാക്കുകള്‍ ടീമിനെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്ന് ഇന്ത്യ കളത്തിലിറങ്ങിയപ്പോഴാണ് കണ്ടത്. ഗ്രീനിഡ്ജിനെയും ഹെയ്ന്‍സിനെയും തുടക്കത്തിലെ പുറത്താക്കി സന്ധുവും മദന്‍ലാലും മികച്ച തുടക്കം നല്‍കി. എന്നാല്‍ വിന്‍ഡീസ് അത് കാര്യമായൊന്നും എടുത്തില്ല. പിന്നീട് ക്രീസിലെത്തിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ ശരീരഭാഷയില്‍ തന്നെയുണ്ടായിരുന്നു വിന്‍ഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. വന്നപാടേ റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ ഓരോന്നായി ബൗണ്ടറിയിലെത്തി.
പന്ത് തരൂ, ഞാന്‍ ശരിയാക്കിത്തരാം
ഇന്ത്യന്‍ ബൗളിങ്ങിനെ റിച്ചാര്‍ഡ്സ് കശാപ്പു ചെയ്യുന്ന സമയത്ത് മദന്‍ ലാല്‍ കപിലിനടുത്തെത്തി. '' നിങ്ങളെനിക്ക് പന്തു തരൂ. ഞാന്‍ മുന്‍പ് റിച്ചാര്‍ഡ്സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കല്‍ക്കൂടി എനിക്ക് അതിന് സാധിക്കും.'' ഒരോവറില്‍ മൂന്ന് ബൗണ്ടറികള്‍ അതിനു മുമ്പ് മദന്‍ ലാല്‍ വഴങ്ങിയിരുന്നു. അദ്ദേഹത്തെ മാറ്റാന്‍ കപില്‍ ആലോചിക്കുമ്പോഴാണ് ഒരു ഓവര്‍ കൂടി ആവശ്യപ്പെട്ട് മദന്‍ ലാല്‍ എത്തുന്നത്. മറ്റ് ബൗളര്‍മാരും റിച്ചാര്‍ഡ്സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാല്‍ കപിലിന് മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 27 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 33 റണ്‍സെടുത്തിരുന്ന റിച്ചാര്‍ഡ്സിന് 28-ാം പന്തില്‍ പിഴച്ചു. മദന്‍ ലാലിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ച റിച്ചാര്‍ഡ്‌സിന്റെ ബാറ്റില്‍ നിന്നും പന്ത് മിഡ്വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങി.
കപിലിന്റെ ഓട്ടം
റിച്ചാര്‍ഡ്‌സിന്റെ ബാറ്റില്‍ നിന്നും പന്ത് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ മിഡ്വിക്കറ്റ് ഏരിയയില്‍ ഫീല്‍ഡര്‍മാരൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാണികള്‍ ശ്വാസമടക്കി കാത്തിരുന്നു. പലരും പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചു. എന്നാല്‍ കപില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നിന്ന് കപില്‍ ഓടി. മറ്റൊരു ഭാഗത്തു നിന്ന് യശ്പാല്‍ ശര്‍മയും. ഇതുകണ്ട് ശര്‍മയോട് ഓട്ടം നിര്‍ത്താന്‍ മദന്‍ ലാല്‍ അലറി. അവിശ്വസനീയമായി കപില്‍ ആ ക്യാച്ച് കൈപ്പിടിയിലാക്കുമ്പോള്‍ അദ്ദേഹം 18 മീറ്റര്‍ പിന്നിട്ടിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് പിറന്നുകഴിഞ്ഞിരുന്നു. അതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നുകിട്ടുകയായിരുന്നു.
ക്ലൈവ് ലോയ്ഡും ലാറി ഗോമസും ബാച്ചുസുമെല്ലാം ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. പക്ഷേ വീണ്ടും ഇന്ത്യയെ ഞെട്ടിച്ച് ജെഫ് ഡുജോണും മാല്‍ക്കം മാര്‍ഷലും പിടിച്ചുനിന്നു. എന്നാല്‍ അമര്‍നാഥ് അവിടെ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 73 പന്തുകള്‍ നേരിട്ട് 25 റണ്‍സെടുത്ത ഡുജോണിന്റെ കുറ്റി പിഴുത അമര്‍നാഥ് 51 പന്തില്‍ നിന്ന് 18 റണ്‍സെടുത്തിരുന്ന മാര്‍ഷലിനെ ഗാവസ്‌ക്കറുടെ കൈകളിലെത്തിച്ചു. പിന്നീട് എല്ലാം ചടങ്ങുകള്‍ മാത്രം. ഹോള്‍ഡിങ്ങിനെതിരായ അമര്‍നാഥിന്റെ എല്‍.ബി അപ്പീലിന് അമ്പയര്‍ ഡിക്കി ബേര്‍ഡിന്റെ വിരലുയരുമ്പോള്‍ ഇന്ത്യ ചരിത്രം രചിച്ചുകഴിഞ്ഞിരുന്നു. ആരാധകര്‍ ലോര്‍ഡ്‌സിലെ മൈതാനത്തേക്കുള്ള കുതിപ്പ് ആരംഭിച്ചിരുന്നു. 52 ഓവറില്‍ വിന്‍ഡീസ് 140 റണ്‍സിന് പുറത്ത്. ഇന്ത്യയ്ക്ക് 43 റണ്‍സ് ജയവും പ്രഥമ ലോകകിരീടവും.
വാല്‍ക്കഷ്ണം - ഹണിമൂണ്‍ കുളമായ ശ്രീകാന്ത്
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ തന്നെ തങ്ങള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷം തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവരായിരുന്നു. അതുകൊണ്ടുതന്നെ ടീം അംഗങ്ങള്‍ ഒട്ടുമിക്ക പേരും വെക്കേഷന്‍ ആദ്യമേ പ്ലാന്‍ ചെയ്താണ് എത്തിയത്. ലോകകപ്പിനു തൊട്ടുമുന്‍പ് വിവാഹിതനായ കൃഷ്ണമചാരി ശ്രീകാന്ത് തന്റെ ഹണിമൂണ്‍ വരെ പ്ലാന്‍ ചെയ്താണ് എത്തിയത്. എന്നാല്‍ എല്ലാവരുടെയും എല്ലാ പ്ലാനുകളും തെറ്റി. ഗ്രൂപ്പ് ഘട്ടവും കടന്ന് ഇന്ത്യ മുന്നേറിയതോടെ കളിക്കാരെല്ലാവരും തങ്ങളുടെ വെക്കേഷന്‍ പ്ലാനെല്ലാം റദ്ദാക്കി. ശ്രീകാന്തിന് തന്റെ ഹണിമൂണ്‍ വരെ മാറ്റിവെക്കേണ്ടി വന്നു.
മറക്കാനാകാത്ത ഇന്നിങ്‌സ് - 'കപില്‍ ദ ഡെവിള്‍'
ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വെയെ രണ്ടാമത്തെ തവണ നേരിട്ടപ്പോഴാണ് ഇന്ത്യ ആ ലോകകപ്പില്‍ ശരിക്കും ഞെട്ടിയത്. ആദ്യം നേരിട്ടപ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരേ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്നുതരിപ്പണമായി. പിന്നാലെ സ്‌കോര്‍ 77-ല്‍ എത്തിയപ്പോള്‍ റോജര്‍ ബിന്നിയും 78-ല്‍ വെച്ച് രവി ശാസ്ത്രിയും മടങ്ങി. പിന്നീടാണ് ലോകകപ്പുകളിലെ തന്നെ മഹത്തായ ഒരു ഇന്നിങ്സിന് അവിടെ തിരശ്ശീല ഉയരുന്നത്. അവിടെ നിന്നും അങ്ങോട്ട് 'ഹരിയാണ ഹരിക്കെയ്ന്‍' എന്ന് വിളിപ്പേരുവീണ കപിലിന്റെ ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങി. ഒരറ്റത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് പതറിയില്ല. സയ്യിദ് കിര്‍മാനിയെ കൂട്ടുപിടിച്ച് കപില്‍ തന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്സിന്റെ കെട്ടഴിച്ചു. അങ്ങനെ ഒരു ഘട്ടത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ 138 പന്തില്‍ നിന്ന് ആറു സിക്സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപിലിന്റെ മികവില്‍ 266 റണ്‍സെടുത്തു. ബാക്കി എല്ലാവരും കൂടി 162 പന്തുകളില്‍ നിന്ന് നേടിയത് 91 റണ്‍സ് മാത്രവും.
ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറായി ചരിത്രത്തില്‍ ഇടംപിടിക്കുമായിരുന്ന ഇന്നിങ്സാണ് കപില്‍ദേവിന്റെ 175 റണ്‍സ് എന്ന ലോകറെക്കോഡ് പ്രകടനത്തോടെ അന്ന് വിജയമായി പരിണമിച്ചത്. ആറാംവിക്കറ്റില്‍ റോജര്‍ ബിന്നിയുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കപില്‍ എട്ടാം വിക്കറ്റില്‍ മദന്‍ലാലിനൊപ്പം 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഒമ്പതാം വിക്കറ്റില്‍ സയ്യിദ് കിര്‍മാനിയോടൊപ്പം 126 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സിംബാബ്വെക്ക് കഴിഞ്ഞതുമില്ല. ഒമ്പതാം വിക്കറ്റില്‍ കപിലും കിര്‍മാനിയും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡ് 27 വര്‍ഷങ്ങള്‍ നീണ്ടുനിന്നു. സ്‌കോര്‍ 172-ല്‍ എത്തിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡും കപില്‍ സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ടര്‍ണറുടെ 171 റണ്‍സ് എന്ന റെക്കോഡാണ് കപില്‍ തിരുത്തിയത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് ധാരാളമായിരുന്നു. സിംബാബ്‌വെയെ അവര്‍ 235 റണ്‍സിന് എറിഞ്ഞിട്ടു. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒറ്റയാള്‍പ്രകടനം പക്ഷേ ഇന്ത്യക്കാര്‍ക്ക് ആസ്വദിക്കാനായില്ല. അന്ന് ബി.ബി.സിയുടെ ക്യാമറാമാന്‍മാര്‍ പണിമുടക്കിലായിരുന്നു.
Content Highlights: