ജി.വി രാജയുടെ അന്ത്യവും ആകാശ ദുരന്തത്തില്‍

#സനില്‍ പി. തോമസ്
Image Courtesy: mathrubhumi archives
Image Courtesy: mathrubhumi archives

ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെയും നാളെകളില്‍ വനിതാ ബാസ്‌ക്കറ്റ്‌ബോളില്‍ ചരിത്രമെഴുതേണ്ട മകള്‍ ജിയാനയുടെയും ദാരുണ അന്ത്യം കായിക ലോകത്തെ നടുക്കി. ഇതര കളിക്കളങ്ങളില്‍ നിന്ന് എത്രയെത്ര ഇതിഹാസ താരങ്ങള്‍ ആദരമര്‍പ്പിച്ചു. ഒപ്പം, അര്‍ജന്റീനയുടെ ഫുട്‌ബോളര്‍ എമിലിയാനോ സല ഉള്‍പ്പെടെ ഒട്ടേറെ കായിക താരങ്ങള്‍ക്ക് ആകാശ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ നമ്മള്‍ ഓര്‍ത്തെടുത്തു.

പക്ഷേ, ഇതിനൊപ്പം കേരളീയര്‍ എങ്കിലും ഓര്‍ക്കേണ്ടൊരു നാമമുണ്ട്; കേണല്‍ ഗോദവര്‍മ രാജ. കേരളാ സ്‌പോര്‍ട്‌സിന്റെ പിതാവ്.

കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ ഉള്‍പ്പെടെ പല പ്രസ്ഥാനങ്ങളും ഒട്ടേറെ കായിക സംഘടനകളും തുടങ്ങിയ മഹാനായ കായിക സംഘാടകന്‍. അദ്ദേഹത്തിന്റെ അന്ത്യവും വിമാന അപകടത്തില്‍ ആയിരുന്നു.

1971 ഏപ്രില്‍ 30-ന് രാവിലെ കുളു താഴ്‌വരയില്‍ ഒരു പരിശീലന വിമാനം പറപ്പിക്കുമ്പോഴായിരുന്നു അപകടം. മണാലി വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഫ്‌ളൈയിങ് ക്ലബ്ബ് വക വിമാനം മലഞ്ചെരുവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തിരുമേനിയും രണ്ടു സഹയാത്രികരും മരിച്ചു.

ഇടിവെട്ടേറ്റ് നിലംപതിക്കുന്ന ഓക്ക് വൃക്ഷത്തെപ്പോലെയാകണം തന്റെ അന്ത്യമെന്ന് തിരുമേനി പറഞ്ഞിരുന്നു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ കണ്ണാട്ടുപറമ്പിലാണ് കായിക കേരളത്തിന്റെ രാജശില്‍പിയുടെ കുഴിമാടം.

ജി.വി രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 സംസ്ഥാനം സ്‌പോര്‍ട്‌സ് ദിനമായി ആചരിക്കുന്നു. ജി.വി രാജയ്ക്ക് ടെന്നീസ്, ടേബിള്‍ ടെന്നീസ്, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഗോള്‍ഫ്, നീന്തല്‍, ഷൂട്ടിങ്, ഹോക്കി, പര്‍വതാരോഹണം തുടങ്ങി ഒരു ഡസനോളം കായിക വിനോദങ്ങളില്‍ പ്രാവീണ്യമുണ്ടായിരുന്നു. 

അദ്ദേഹം കേവലമൊരു കായിക സംഘാടകന്‍ മാത്രമായിരുന്നില്ല. തിരുമേനിയുടെ അകാല വേര്‍പാട് കേരളത്തിലെ സ്‌പോര്‍ട്‌സിനെ എത്ര ദുര്‍ബലപ്പെടുത്തിയെന്നു തെളിഞ്ഞു കഴിഞ്ഞല്ലോ.

മരണത്തിന് ഏതാനും ദിവസം മുമ്പ് ആനകുത്തി പരുക്കേറ്റപ്പോള്‍ തിരുമേനി എഴുതി. ഞാന്‍ വിരമിച്ചില്ല. റിട്ടയാര്‍ഡ് ഹര്‍ട് മാത്രം. പക്ഷേ, വിമാന ദുരന്തം  കേവലം പരുക്കില്‍ ഒതുങ്ങിയില്ല.. ആ വിലപ്പെട്ട ജീവന്‍ തന്നെ അപഹരിച്ചു.

Content Highlights: gv raja also died in aviation tragedy

Content Highlights: